X

കാവേരി: തമിഴ്നാടിന് 6000ഘന അടി വെള്ളം നല്‍കണമെന്ന് സുപ്രിംകോടതി

അഴിമുഖം പ്രതിനിധി

കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണാടകത്തിന് വീണ്ടും തിരിച്ചടി. തമിഴ്നാടിന് 6000ഘന അടി വെള്ളം നല്‍കണമെന്ന് സുപ്രിംകോടതി. വ്യാഴാഴ്ച വരെ വെള്ളം നല്‍കാനാണ് കോടതി നിര്‍ദ്ദേശം. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. തമിഴ്നാടിന്‍റെയും കര്‍ണാടകയുടെയും മുഖ്യമന്ത്രിമാരുമായി യോഗം ചേരാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്നാടിന്‍റെ ഹര്‍ജിയും വെള്ളം നല്‍കണമെന്ന ഉത്തരവില്‍ ഭേദഗതി വേണമെന്ന കര്‍ണാടകത്തിന്‍റെ അപേക്ഷയും പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ വെള്ളം നല്‍കണമെന്ന കോടതി നിര്‍ദ്ദേശം കര്‍ണാടക പാലിച്ചിരുന്നില്ല. വിധി കര്‍ണാടകത്തിനെതിരായാലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബാംഗളൂരുവില്‍ നിരോധാനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്നാടിന് 6000 അടി വെള്ളം നല്‍കണമെന്ന കോടതി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കര്‍ണാടക കാവേരിയിലെ വെള്ളം ബാംഗളൂരുവിനും നദീതട ജില്ലകള്‍ക്കും കുടിവെള്ള ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനാകൂ എന്ന് പ്രമേയം പാസാക്കിയിരുന്നു. കോടതി ഉത്തരവിനെ ഈ പ്രമേയം ബാധിക്കില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

This post was last modified on December 27, 2016 2:26 pm