X

കാവേരി പ്രശ്‌നത്തില്‍ വ്യാപക അക്രമം; 48 കേരള സ്റ്റേറ്റ് ബസുകള്‍ കര്‍ണ്ണാടകയില്‍ കുടുങ്ങി

അഴിമുഖം പ്രതിനിധി

കാവേരി പ്രശ്‌നത്തില്‍ കര്‍ണ്ണാടകയിലും തമിഴ്നാടിലും വ്യാപക അക്രമം. ബംഗ്ലൂരുവില്‍ തമിഴ്‌നാടു ലോറികള്‍ കത്തിച്ചു. പുതുച്ചേരിയില്‍ കര്‍ണ്ണാടക ബാങ്കിനു നേരെ അക്രമമുണ്ടായി. സംഘര്‍ഷം കാരണം 48 കേരള സര്‍വ്വീസ് ബസുകള്‍ കര്‍ണ്ണാടകയില്‍ കുടുങ്ങി കിടക്കുകയാണ്. സുരക്ഷയില്ലെങ്കില്‍ കര്‍ണ്ണാടകയിലേക്കുള്ള മുഴുവന്‍ കേരള സ്റ്റേറ്റ് ബസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 

കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഇരു സംസ്ഥാനത്തും വ്യാപക അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അക്രമങ്ങളെ തുടര്‍ന്ന് മൈസൂര്‍-ബാംഗ്ലൂര്‍ ദേശീയ പാത അടച്ചു. കര്‍ണ്ണാടകത്തില്‍ നിന്ന് സേലം വഴിയുള്ള സര്‍ക്കാര്‍ ബസുകള്‍ റദ്ദാക്കി. നിലവില്‍ 9 ബസുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. ബാംഗ്ലൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചുവെന്നാണ് വിവരം. നേരത്തെ ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റിരുന്നു. രാമനാഥപുരത്ത് കര്‍ണാടക ടൂറിസ്റ്റ് ബസുകള്‍ക്ക് നേരെയും ചെന്നൈയില്‍ ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവില്‍ കര്‍ണാടകയുടെ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ ഇളവുനല്‍കിയെങ്കിലും ഫലത്തില്‍ സുപ്രീംകോടതിയുടെ വിധി അവര്‍ക്ക് തിരിച്ചടിയാണ്. നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കേണ്ടിവരും. മാത്രമല്ല നേരത്തെയുള്ള ഉത്തരവില്‍ മറ്റ് മാറ്റങ്ങള്‍ വരുത്താന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു.

ആദ്യ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണ്ണാടകയെ സുപ്രീംകോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണെന്നും അതിനാല്‍ ഉത്തരവ് നടപ്പാക്കാനാവില്ലെന്നും കാണിച്ചാണ് കര്‍ണ്ണാടക ഹര്‍ജി നല്‍കിയത്. എന്നാല്‍ വിധിക്കെതിരെ കോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും നിയമം കൈയിലെടുക്കാന്‍ ജനങ്ങളെ അനുവദിക്കരുതെന്നും കര്‍ണ്ണാടകക്ക് കോടതി മുന്നറിയിപ്പ് നല്‍കി.

കാവേരി നദിയില്‍നിന്ന് പ്രതിദിനം പത്തു ദിവസത്തേക്ക് 15,000 ഘന അടി ജലം വീതം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന ഇടക്കാല ഉത്തരവിനെതിരെയാണ് കര്‍ണ്ണാടക ഹര്‍ജി നല്‍കിയത്. ഇത് പ്രതിദിനം 12,000 ഘനയടിയായി കുറച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. സെപ്റ്റംബര്‍ 20 വരെ ഈ അവസ്ഥ തുടരണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. മഴയുടെ കുറവുമൂലം കര്‍ണ്ണാടകയിലെ കാവേരി തടങ്ങളിലുള്ള നാല് അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും കര്‍ഷകരുടെ ദുരിതങ്ങളും കണക്കിലെടുത്താണ് കോടതി ജലത്തിന്റെ അളവില്‍ ഇളവ് നല്‍കിയത്.

This post was last modified on December 27, 2016 2:28 pm