X

‘ആലപ്പാട് ഖനനം നിര്‍ത്തില്ല, മലപ്പുറത്തുള്ള ചിലരാണ് സമരത്തിന് പിന്നില്‍’: ഇ പി ജയരാജന്‍

ഖനനം പ്രശ്‌നമുണ്ടാക്കിയാല്‍ അത് പരിഹരിക്കുമെന്നും ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും വ്യവസായ മന്ത്രി

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഖനനം നിര്‍ത്തി സമരക്കാരുമായി ചര്‍ച്ചയില്ല. ഖനനം നിര്‍ത്തിയാല്‍ പിന്നെ അത് തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡിനെതിരെ (ഐആര്‍ഇ) മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.

ഐആര്‍ഇയും കെഎഏംഎംഎല്ലും ഒരിക്കലും പൂട്ടില്ല. കെഎംഎംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്‌നമുള്ളതായി പരാമര്‍ശമില്ല. മലപ്പുറത്തുള്ള ചിലരാണ് സമരത്തിന് പിന്നില്‍. ഖനനം പ്രശ്‌നമുണ്ടാക്കിയാല്‍ അത് പരിഹരിക്കുമെന്നും ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

എന്നാല്‍ ആലപ്പാട്ടെ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റാന്‍ ഐആര്‍ഇ തയാറാകണമെന്നാണ് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പറയുന്നത്. വ്യവസ്ഥകള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം ഐആര്‍ഇക്കാണെന്നും കരാര്‍ വ്യവസ്ഥകള്‍ ഐആര്‍ഇ പാലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ലാഭ വിഹിതത്തില്‍ നിന്ന് പ്രാദേശിക വികസനം നടത്താന്‍ ഐആര്‍ഇ തയാറായിട്ടില്ല. ഐആര്‍ഇയുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി വേണമെന്നും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ആവശ്യപ്പെട്ടു.

ഖനനം നിര്‍ത്തി ആലപ്പാട് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ആര്‍ മഹേഷ് നിരാഹാരം ആരംഭിച്ചു. ഖനന സമരം ഏറ്റെടുക്കാനുള്ള പദ്ധതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും ഒരു പാര്‍ട്ടിയെയും സമരം ഹൈജാക്ക് ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് സമരസമിതി നേതൃത്വങ്ങള്‍ പറയുന്നത്.

This post was last modified on January 14, 2019 12:28 pm

Related Post
Leave a Comment