X

കെഎസ്‌യു ജില്ലാക്കമ്മറ്റി പിരിച്ചുവിട്ടു; കെപിസിസി സെക്രട്ടറി രാജി വെച്ചു; സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ മാണി ഇന്ന് യോഗം ചേരും

ഇന്ന് രാവിലെ പത്തു മണിക്ക് തിരുവനന്തപുരത്ത് കേരള കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്.

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ്സിന് നൽകിയതിൽ പ്രതിഷേധിച്ച് കെഎസ്‌യു കോഴിക്കോട് ജില്ലാക്കമ്മറ്റി പിരിച്ചു വിട്ടു. കോൺഗ്രസ്സിന്റെ വിവിധ കോണുകളിൽ നിന്ന് ഈ നടപടിക്കെതിരെ എതിർപ്പ് ശക്തമായിരിക്കുകയാണ്. ഉമ്മൻചാണ്ടിക്കെതിരെ പിജെ കുര്യൻ പരസ്യമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

കേരളാ കോൺഗ്രസ്സിന് രാജ്യസഭാ സീറ്റ് വെച്ചുനീട്ടിയതിനു പിന്നിൽ ഗൂഢാലോചന നടത്തിയത് ഉമ്മൻചാണ്ടിയാണെന്നും ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണമെന്നാണ് ചാണ്ടിയുടെ നിലപാടെന്നും കുര്യൻ പറഞ്ഞു.

ഇതിനിടെ ദേശീയനേത‍ൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി ജയന്ത് രാജി വെച്ചൊഴിഞ്ഞു. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെഎസ് ശബരീനാഥ്, അനിൽ അക്കര, വിടി ബൽറാം, റോജി എം ജോൺ എന്നിവർ പ്രതിഷേധമറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.

മാണി മുന്നണിക്ക് പുറത്തായിരുന്നെങ്കിലും ദേശീയതലത്തിൽ കോൺഗ്രസ്സിനൊപ്പമായിരുന്നെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്യസഭാ സീറ്റ് നഷ്ടത്തിൽ പ്രതികരിച്ചത്.

മാണിയോ ജോസ് കെ മാണിയോ?

രാജ്യസഭാ സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ കേരള കോൺഗ്രസ്സ് മാണി വിഭാഗം ഇനിയും തീരുമാനമെടുത്തിട്ടില്ല. കെഎം മാണിയോ ജോസ് കെ മാണിയോ രാജ്യസഭയിലെത്തുമെന്നാണ് സൂചന. ജോസ് കെ മാണിക്കും കുടുംബത്തിനും രാഹുലുമായി വളരെയടുത്ത ബന്ധമുണ്ട്. സീറ്റ് കേരളാ കോൺഗ്രസ്സിനു നൽകാനുള്ള രാഹുലിന്റെ തീരുമാനത്തെ സ്വാധീനിച്ച നിരവധി ഘടകങ്ങളിലൊന്ന് ഇതാണെന്ന് പറയപ്പെടുന്നു. ഇതുകൂടി പരിഗണിച്ച് ദേശീയതലത്തിലെ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ജോസ് കെ മാണിയെ നിയോഗിക്കാനുള്ള സാധ്യത ചിലർ പറയുന്നു. എന്നാൽ മാണി രാജ്യസഭയിലേക്ക് നീങ്ങി വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ പാലായിൽ മത്സരിപ്പിക്കുമെന്ന വാർത്തയുമുണ്ട്. ഒരു വർഷത്തിൽ താഴെ കാലയളവാണ് അവശേഷിക്കുന്നത് എന്നതിനാൽ കോട്ടയം ലോകസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന അനുകൂല ഘടകവുമുണ്ട്. ജോസ് കെ മാണി ഇപ്പോഴത്തെ നില തുടരാനാണ് കൂടുതൽ സാധ്യത.

ഇന്ന് രാവിലെ പത്തു മണിക്ക് തിരുവനന്തപുരത്ത് കേരള കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഇതിൽ കാര്യങ്ങൾ വ്യക്തമാകും. ഓർത്തഡോക്സ് സഭയുടെ പിന്തുണയോടെ ജോസഫ് എം പുതുശ്ശേരി രാജ്യസഭാ സീറ്റിനു വേണ്ടി ശ്രമം നടത്തുന്നതായും വാർത്തകളുണ്ട്.

കഴിഞ്ഞ ജൂണില്‍ ‘മാണി എന്ന മാരണം’; ഈ ജൂണില്‍ മാണി ഈ വീടിന്റെ ഐശ്വര്യം

This post was last modified on June 8, 2018 9:45 am