X

ഒടുവില്‍ ഉമ്മന്‍ചാണ്ടി സമ്മതിച്ചു, മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍

അഴിമുഖം പ്രതിനിധി

കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അരുവിക്കര മോഡല്‍ വിജയം ആവര്‍ത്തിക്കാന്‍ ചാണ്ടി ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ബിജെപി പ്രധാന എതിരാളിയെന്ന് വരുമ്പോള്‍ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിച്ച് യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് അരുവിക്കരയില്‍ ചാണ്ടി തെളിയിച്ചിരുന്നു.

ഭരണവിരുദ്ധ വികാരത്തിന്റെ മുള്‍മുനയില്‍ ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ നിന്നും രക്ഷപ്പെടാനാണ് ചാണ്ടിയുടെ ശ്രമമെന്ന് ആരോപണമുയര്‍ന്നു. എല്‍ഡിഎഫ് ആകട്ടെ ഉണര്‍ന്നെഴുന്നേറ്റ് ചാണ്ടിക്ക് എതിരെ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി ചാണ്ടിയുടെ പ്രസ്താവനയെ തള്ളിക്കളയുകയും ചെയ്തിരുന്നു. തങ്ങളുടെ സ്വാധീനം ചാണ്ടി തിരിച്ചറിഞ്ഞുവെന്നായിരുന്നു ബിജെപിയുടെ വാദം.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ഉമ്മന്‍ചാണ്ടി ഇന്ന് പറഞ്ഞു. കേരളത്തിന്റെ മനസ് ബിജെപിയുടെ വിഭാഗീയ ചിന്തയോട് യോജിക്കുന്നില്ലെന്നും മോദിയുടെ സൊമാലിയ പരാമര്‍ശത്തിന് കേരളത്തിലെ ജനം ബാലറ്റിലൂടെ മറുപടി കൊടുക്കുമെന്നും ചാണ്ടി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്നും ആത്മവിശ്വാസത്തിലാണെന്നും ചാണ്ടി പറഞ്ഞു. സിപിഐഎമ്മിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് എതിരായ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

This post was last modified on December 27, 2016 4:08 pm