X

സോളാര്‍ പ്രകമ്പനം: വേങ്ങരയില്‍ അമ്പരന്ന് യുഡിഎഫ് നേതൃത്വം

സര്‍ക്കാരിന്റെ നാടകീയ നീക്കം വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാന്‍ വേങ്ങരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തീവ്രശ്രമത്തിലാണ്

സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നാടകീയ നീക്കം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ യു.ഡി.എഫിന് ഇടിത്തീയായി. മുസ്ലീംലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ  പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് യു.ഡി.എഫ് കരുതുന്നത്. സര്‍ക്കാര്‍ തീരുമാനത്തില്‍ അമ്പരന്ന യു.ഡി.എഫ് നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. വേങ്ങരയില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ സോളാര്‍ കേസ് ഇടയാക്കിയേക്കും.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തീരുമാനം വേങ്ങരയിലെ വോട്ടര്‍മാരെ ചെറിയ രീതിയിലെങ്കിലും സ്വാധീനിക്കും. വോട്ടര്‍മാര്‍ക്കിടയില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം ഉയരാനും അത് ഇടതുമുന്നണിക്ക് അനുകൂല വോട്ടുകള്‍ വര്‍ധിപ്പിക്കുമെന്നുമാണ് യു.ഡി.എഫിന്റെ ആശങ്ക. വേങ്ങര മണ്ഡലത്തിലെ ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനം മുന്നണിയില്‍ കടുത്ത ഭിന്നതക്കിടയാക്കുമെന്നും സൂചനയുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാനുള്ള തീരുമാനം വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകരെ പോലും സന്തോഷിപ്പിച്ചേക്കും. ലീഗ് അനുകൂല വോട്ടുകളില്‍ പലതും ഇളകാന്‍ ഇത് കാരണമായേക്കും.

സോളാര്‍ കേസിലെ പുതിയ നീക്കങ്ങള്‍ വേങ്ങരയില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്്‌ലിം ലീഗ് നേതാക്കളുടെ പേരില്ല എന്നതാണ് വേങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്. സര്‍ക്കാരിന്റെ നാടകീയ നീക്കം വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാന്‍ വേങ്ങരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തീവ്രശ്രമത്തിലാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇടതുമുന്നണി നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണിതെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.

(സോളാര്‍ കേസിലെ സര്‍ക്കാര്‍ തിരുമാനം വേങ്ങരയില്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ ബാധിക്കും മാധ്യമ പ്രവര്‍ത്തകന്‍ വിഎം സുബൈറിന്റെ വിശകലനം)

This post was last modified on October 11, 2017 12:21 pm