X

അന്ന് പിണറായി സര്‍ക്കാരിന്റെ പരസ്യം; ഇന്ന് സര്‍ക്കാരിന്റെ പിടിപ്പുകേട് മറയ്ക്കാനുള്ള പരസ്യം

പൊട്ടിപ്പോയ ചിട്ടിക്കമ്പനിയുടെ പരസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

പിണറായി വിജന്‍ സര്‍ക്കാര്‍ അധികാരമേറ്റത് ഒരു പത്രപരസ്യ വിവാദത്തോടെയായിരുന്നു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയില്‍ ഇറങ്ങിയ പത്രങ്ങള്‍ക്കായിരുന്നു അന്ന് പരസ്യം നല്‍കിയത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക്‌സ് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളുടെ ഡല്‍ഹി എഡിഷന്റെ ഒന്നാം പേജില്‍ കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരസ്യം നല്‍കിയത്. കോടികള്‍ ചെലവഴിച്ചു നല്‍കിയ ആ പത്ര പരസ്യം വലിയ വിവാദമായി മാറുകയും വി ടി ബലറാം എംഎല്‍എ അത് സംബന്ധിച്ച ചോദ്യം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മറ്റൊരു പത്രപരസ്യം കൂടി വിവാദമായിരിക്കുന്നു. ജിഷ്ണു കേസില്‍ സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ട് ‘ജിഷ്ണു കേസ്, പ്രചാരണമെന്ത്, സത്യമെന്ത്?’ എന്ന പേരിലാണ് കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പരസ്യം നല്കിയത്. എന്നാല്‍ അതില്‍ ഉന്നയിച്ചിരിക്കുന്ന പല വാദങ്ങളും ജിഷ്ണുവിന്റെ കുടുംബം തന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ ഏകദേശം ഒരു കോടിയോളം വരുന്ന നികുതിപ്പണം ചിലവഴിച്ചുകൊണ്ടുള്ള പരസ്യ ധൂര്‍ത്ത് എന്തിനായിരുന്നു എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.

ജിഷ്ണുവിന്റെ അമ്മാവന്‍ പറയുന്നതു പോലെ സര്‍ക്കാര്‍ നടത്തിയ നല്ല കാര്യങ്ങള്‍ ഒരു ചില്ലിക്കാശ് ചിലവാക്കാതെ തന്നെ കേരളത്തിലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നിരിക്കെ എന്തിനാണ് ഇങ്ങനെ ഒരു പരസ്യം. പരസ്യത്തിലെ ആദ്യത്തെ 8 ഖണ്ഡികകള്‍ തങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നു പറയുന്ന ജിഷ്ണുവിന്റെ കുടുംബം പിന്നീടുള്ളത് വെറും കള്ള പ്രചരണങ്ങളാണെന്നും വ്യക്തമാക്കുന്നുണ്ട്.

ജിഷ്ണു കേസില്‍ തുടക്കത്തില്‍ തന്നെ പോലീസിന്റെയും പബ്ലിക് പ്രൊസിക്യൂട്ടറുടെയും നടപടി മൂലം കുഴപ്പത്തിലായ സര്‍ക്കാരിന്  പുതിയ പരസ്യ വിവാദവും തിരിച്ചടി ആയിരിക്കുകയാണ്. ഒപ്പം ഡിജിപി ഓഫീസിന് മുന്‍പി‌ല്‍ നടന്ന സമരത്തില്‍ ഗൂഡാലോചന ആരോപിച്ച് പൊതുപ്രവര്‍ത്തകരടക്കമുള്ളവരെ ജയിലിലടക്കുക കൂടി ചെയ്തതോടെ കൂടുതല്‍ പ്രതിസ്ഥാനത്താവുകയും ചെയ്തു. ഒപ്പം പാര്‍ട്ടിക്കുള്ളില്‍ മുതിര്‍ന്ന നേതാക്കളായ വി എസ് അച്ചുതാനന്ദന്റെയും എംഎ ബേബിയുടെയുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങളും വന്നതും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പോലീസ് നടപടികളില്‍ വിയോജിപ്പ് പറഞ്ഞതും ഭരണ മുന്നണിക്ക് തിരിച്ചടിയായിട്ടുണ്ട്. അതിന്റെ കൂടെ പരസ്യവും വിവാദമായതോടെ കൂനിന്‍മേല്‍ കൂരു എന്ന പോലെയായി കാര്യങ്ങള്‍. ബേബി പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് നിലപാട് മാറ്റി.

അതേ സമയം ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും  തിരുവനന്തപുരത്തും  സഹോദരി അവിഷ്ണ വളയത്തും നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ആശുപത്രിയില്‍ വച്ച് ഭക്ഷണം കഴിക്കുന്നു എന്ന പ്രചാരണത്തെ തുടര്‍ന്ന് ഡ്രിപ്പ് പോലും ഉപേക്ഷിച്ച മഹിജയെ ഐസിയുവിലേക്ക് മാറ്റി. എന്നാല്‍ സഹോദരിയെ വടകര ആശുപത്രിയിലേക്ക് മാറ്റാനുള്ള പോലീസ് ശ്രമം ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചത് പോലെ ‘പൊട്ടിപ്പോയ ചിട്ടിക്കമ്പനിയുടെ പരസ്യം’ കൊടുക്കുന്നതിന് പകരം തങ്ങളെടുക്കുന്ന നടപടികള്‍ ജിഷ്ണുവിന്റെ കുടുംബംത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനു മാധ്യമങ്ങളെ കാണുകയല്ലാതെ, ജനങ്ങള്‍ക്ക് വേണ്ടി അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയല്ലാതെ മറ്റെന്തെങ്കിലും വഴി ഉണ്ടെന്ന് തോന്നുന്നില്ല. പകരം പത്ര പരസ്യത്തിലൂടെ ജനങ്ങളാകെ മാറി ചിന്തിച്ചുകളയും എന്നു കരുതിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളുടെ ബുദ്ധിക്ക് നല്ല നമസ്കാരം പറയുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍.

ആദ്യമന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തുകയായിരുന്നു. ‘എല്ലാ ബുധനാഴ്ചയും തന്നെ അല്ലേ ക്യാബിനറ്റ്’ എന്ന് പാതി കുശലവും പാതി ഗൗരവത്തിലും ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. എല്ലാ മന്ത്രിസഭായോഗത്തിനു ശേഷവും നിങ്ങളെ നേരിട്ടു കാണണമെന്നില്ലല്ലോ എന്ന മറുചോദ്യമായിരുന്നു ഉത്തരം.

 

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author: