X

കാരാട്ട് റസാഖിന്റെ കൊടുവള്ളിയിലെ വിജയം റദ്ദാക്കി; തെരഞ്ഞെടുപ്പ് അഴിമതിയെന്ന് കോടതി

കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. എതിർ സ്ഥാനാർത്ഥി എംഎ റസാഖ് വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് കാരാട്ട് റസാഖ് മത്സരിച്ചിരുന്നത്. മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായ എം എ റസാഖായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

മുസ്ലിം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായിരിക്കെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് രാജിവെച്ചാണ് കാരാട്ട് റസാഖ് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചത്. 573 വോട്ടുകൾക്കാണ് ഇദ്ദേഹം ജയിച്ചത്.

എംഎ റസാഖ് മാസ്റ്ററെ അപകീർത്തിപ്പെടുത്തുന്ന ഡോക്യുമെന്ററികൾ നിർമിച്ചും മറ്റുമാണ് കാരാട്ട് റസാഖ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നായിരുന്നു പരാതി. കൈക്കൂടി വാങ്ങിയെന്നും മറ്റുമെല്ലാം പ്രചാരണമുണ്ടായി. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്ത് കോഴ വാങ്ങിയെന്നായിരുന്നു പ്രചാരണം. ഈ വീഡിയോ പ്രചാരണം മണ്ഡലത്തിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഈ വീഡിയോ പ്രദർശിപ്പിക്കുന്ന വാഹനം മണ്ഡലത്തിൽ പലയിടത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകർ അന്ന് തടഞ്ഞ സംഭവങ്ങളുണ്ടായിരുന്നു. വഴിവിട്ട പ്രചാരണ നീക്കങ്ങളിലൂടെ ജനാധിപത്യം അട്ടിമറിക്കുകയായിരുന്നു എൽഡിഎഫ് എന്നും മുസ്ലിംലീഗ് പരാതിപ്പെട്ടിരുന്നു.

കോടതിയുടെ തീരുമാനം ന്യായമാണെന്നും അപവാദ പ്രചാരണങ്ങൾ നടത്തിയാണ് കാരാട്ട് റസാഖ് ജയിച്ചതെന്നും വിധി സ്വാഗതം ചെയ്യുന്നെന്നും കെഎൻഎ ഖാദർ പ്രതികരിച്ചു.

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതടക്കം കാര്യങ്ങള്‍ മുന്നണിയില്‍ ആലോചിച്ച് സ്വീകരിക്കുമെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി. അപ്പീൽ പോകുന്നതിനായി ഹൈക്കോടതി ഒരു മാസത്തെ സമയമനുവദിച്ചിട്ടുണ്ട്. ഇപ്പോൾ ഉത്തരവിന് താൽക്കാലി സ്റ്റേ അനുവദിച്ചിരിക്കുകയാണ്.

This post was last modified on January 17, 2019 2:38 pm