X

മാരകമായ മുറിവുകള്‍ ഈ തുരുമ്പിച്ച ആയുധങ്ങള്‍ കൊണ്ടോ? കുഞ്ഞിരാമന്മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

കെ കുഞ്ഞിരാമനെയും കെ വി കുഞ്ഞിരാമനെയും കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ശക്തമാക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സിപിഎം ആണ്

കാസര്‍ഗോഡ് പെരിയയില്‍ നടന്ന ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതി പീതാംബരന്‍ കുറ്റം സമ്മതിച്ചിരിക്കുകയാണ്. കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം നടത്തിയതെന്നും താന്‍ ആക്രമിക്കപ്പെട്ടതിലെ അപമാനവും പകയും മൂലമാണ് ഇതിന് മുതിര്‍ന്നതെന്നുമാണ് പീതാംബരന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. അതേസമയം പീതാംബരന്‍ കേവലം ഡമ്മിയാണെന്നും സിപിഎം നേതൃത്വത്തിന് രക്ഷപ്പെടാന്‍ ഇയാള്‍ കുറ്റമേല്‍ക്കുകയാണെന്നുമാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കളാണ് ഈ ആരോപണവുമായി കളത്തിലിറങ്ങിയിരിക്കുന്നത്. ഇവര്‍ ലക്ഷ്യമിടുന്നതാകട്ടെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെയും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെയും.

പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തലോടെയാണ് കോണ്‍ഗ്രസ് ഈ ആരോപണം ശക്തമാക്കിയത്. പാര്‍ട്ടി പറയാതെ പീതാംബരന്‍ ഒന്നും പറയില്ലെന്നും പീതാംബരന്‍ ഈ കൊലപാതകം നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്. പാര്‍ട്ടിയ്ക്ക് വേണ്ടി എന്തും ചെയ്തിരുന്ന പീതാംബരനെ ഇപ്പോള്‍ പാര്‍ട്ടി കൈവിട്ടുവെന്നാണ് ഭാര്യ മഞ്ജുവും മകള്‍ ദേവികയും ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് പാര്‍ട്ടി ഇത്തരത്തില്‍ തള്ളിപ്പറയുന്നതെന്നും ആരോപിക്കുന്നു. കൂടാതെ പീതാംബരന്‍ കഞ്ചാവ് വലിക്കില്ലെന്നാണ് ഭാര്യ പറയുന്നത്. മാത്രമല്ല, പരിക്കേറ്റ് കയ്യില്‍ ഇരുമ്പ് പൈപ്പ് ഇട്ടിരിക്കുന്ന പീതാംബരന് ഒരാളെ കൊല്ലാന്‍ പാകത്തിന് ആയുധം ഉപയോഗിക്കാനാകില്ലെന്നും അവര്‍ പറയുന്നു. ഇതിന് പിന്നാലെ കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ കൊലപാതകത്തിന് പിന്നില്‍ എംഎല്‍എ കുഞ്ഞാരാമനാണെന്ന് ആരോപിച്ചിരുന്നു.

ഈ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് ഇത് ഏറ്റെടുത്തിരിക്കുന്നത്. കേസിലെ പ്രധാനപ്രതി ഉദുമ എംഎല്‍എ കുഞ്ഞിരാമനാണെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. എംഎല്‍എയുടെ പങ്ക് അന്വേഷിക്കാതെ പോലീസ് ഒളിച്ചുകളി നടത്തുകയാണ്. കേരള പൊലീസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നത്. എംഎല്‍എയുടെ പ്രേരണയിലാണ് കൊല നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അടക്കം പറഞ്ഞിട്ടും കേസ് പീതാംബരനില്‍ മാത്രം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ പ്രതി പീതാംബരന്റെ വീട്ടിലെത്തി കുടുംബത്തിന് പാര്‍ട്ടി സഹായം വാഗ്ദാനം ചെയ്തതും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും ചെന്നിത്തല ആരോപിക്കുന്നു. കൊലപാതകത്തിന്റെ രീതിയും സാഹചര്യവും പരിശോധിച്ചാല്‍ കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് വ്യക്തമാണെന്നും ഇത് അന്വേഷിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു.

എന്തായാലും ഒരു കാര്യം വ്യക്തമാണ് പീതാംബരനുമായി നടന്ന് തെളിവെടുക്കുന്ന പോലീസിന് ലഭിച്ച ആയുധങ്ങള്‍ കൊണ്ട് ഈ കൊലപാതകങ്ങള്‍ നടത്താന്‍ സാധിക്കില്ല. തുരുമ്പെടുത്ത പിടിയില്ലാത്ത ഒരു വാളും പാരയുമാണ് കണ്ടെത്തിയത്. കൃപേഷിന്റെ തലയില്‍ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. തലച്ചോര്‍ പിളര്‍ന്നിരുന്നു. ശരീരത്തില്‍ വാള്‍ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാല്‍മുട്ടിനു താഴെ. മൂര്‍ച്ചയേറിയ വാളുപയോഗിച്ചു നെറ്റിയില്‍ വെട്ടിയതിനാല്‍ 23 സെന്റീമീറ്റര്‍ നീളത്തിലുള്ള പരുക്കും മഴു പോലുള്ള കനമുള്ള ആയുധത്താല്‍ വലതു ചെവി മുതല്‍ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി. ഒരു പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘത്തിനല്ലാതെ ഈ വിധത്തില്‍ ക്രൂരമായ കൊലപാതകം നടത്താനാകില്ലെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍. ഇപ്പോള്‍ കണ്ടെടുത്ത ആയുധങ്ങള്‍ കൊണ്ട് ഒരിക്കലും ഇത്ര ആഴമേറിയ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കൊലപാതം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ ആയുധങ്ങള്‍ കണ്ടെത്തിയത്. ഇത്രപെട്ടന്ന് ഈ വാള്‍ എങ്ങനെ തുരുമ്പിച്ചുവെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. മാത്രമല്ല, ഒരേസമയം ഒരേ സ്ഥലത്ത് വച്ചാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേവലം രണ്ട് ആയുധങ്ങള്‍ കൊണ്ട് ഒരേസമയം രണ്ട് പേരെ ഈ രീതിയില്‍ കൊലപ്പെടുത്തിയെന്ന് പറയുന്നതും അവിശ്വസനീയമാണ്. ഇതെല്ലാമാണ് പീതാംബരന് അപ്പുറത്തേക്ക് സംശയത്തിന്റെ കണ്ണുകള്‍ നീളാന്‍ കാരണം.

കെ കുഞ്ഞിരാമനെയും കെ വി കുഞ്ഞിരാമനെയും കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ശക്തമാക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സിപിഎം ആണ്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കേസില്‍ പ്രതിയാകുന്നത് പോലെയല്ല ഇത്. പ്രവര്‍ത്തനെ പുറത്താക്കി പാര്‍ട്ടിക്ക് ഇതില്‍ നിന്നും ഊരിപ്പോകാനാകും. എന്നാല്‍ ഒരു എംഎല്‍എ കേസില്‍ പ്രതി സ്ഥാനത്തെത്തുന്നതോടെ പാര്‍ട്ടിക്ക് ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാകില്ലെന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on February 21, 2019 8:53 pm