X

ഓര്‍ഡിനന്‍സുകള്‍ പുന:പ്രസിദ്ധീകരിക്കാന്‍ കേരള സര്‍ക്കാര്‍; നടപടി ഭരണഘടനയുടെ അട്ടിമറി

ആഗസ്തിന് ശേഷം ഇറക്കിയ ഓര്‍ഡിനന്‍സുകളുടെ കാലാവധി ഡിസംബര്‍ 21ന് അവസാനിക്കുമെന്നിരിക്കെയാണ് ഈ നടപടി

ഓര്‍ഡിനന്‍സുകള്‍ പുന:പ്രസിദ്ധീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. ആഗസ്തിന് ശേഷം ഇറക്കിയ ഓര്‍ഡിനന്‍സുകളുടെ കാലാവധി ഡിസംബര്‍ 21ന് അവസാനിക്കുമെന്നിരിക്കെയാണ് ഈ നടപടി. ‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്’ എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ, കഴിഞ്ഞ ആഗസ്ത് മാസത്തിലെ നിയമസഭാ സമ്മേളന കാലാവധിക്ക് ശേഷം സര്‍ക്കാര്‍ ഇറക്കിയ മൂന്ന് ഓര്‍ഡിനന്‍സുകളും പുന:പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഒരു ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ പിന്നീട് സഭ സമ്മേളിക്കുന്ന വേളയില്‍ ഓര്‍ഡിനന്‍സ് സഭയില്‍ വെക്കണമെന്നാണ് നിയമം. സഭയില്‍ ബില്ല് പാസാക്കി ഓര്‍ഡിനന്‍സ് നിയമമാക്കേണ്ടതുണ്ട്. അടുത്ത നിയമസഭാ കാലയളവ് തുടങ്ങുന്നത് മുതല്‍ ആറ് ആഴ്ച വരെയായിരിക്കും ഒരു ഓര്‍ഡിനന്‍സിന്റെ ആയുസ്സ്. ആഗസ്തിലെ നിയമസഭാ സമ്മേളനത്തിന് ശേഷം കഴിഞ്ഞ നവംബര്‍ ഒമ്പതിന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാനായി സഭ സമ്മേളിച്ചിരുന്നു. എന്നാല്‍ അത് സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ മറ്റൊന്നും സഭ ചര്‍ച്ച ചെയ്തതുമില്ല. എന്നാല്‍, ഭരണഘടന അനുസരിച്ച് നവംബര്‍ ഒമ്പതിലെ നിയമസഭാ സമ്മേളനത്തിന് മുമ്പ് ഇറക്കിയ ഓര്‍ഡിനന്‍സുകളുടെ കാലാവധി തുടര്‍ന്നുള്ള ആറാഴ്ച മാത്രമായിരിക്കും. അതായത് നിയമപ്രകാരം ഡിസംബര്‍ 21ന് ഓര്‍ഡിനന്‍സ് അസാധുവാകും. ഇത് തടയാന്‍ ഓര്‍ഡിനന്‍സുകള്‍ പുന:പ്രസിദ്ധീകരിക്കുക എന്നത് മാത്രമാണ് തല്‍ക്കാലം സര്‍ക്കാരിന് മുന്നിലുള്ള വഴി. സെപ്തംബര്‍ 16ന് ഇറക്കിയ ‘ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ്’ ഒക്ടോബര്‍ 20നു ഇറക്കിയ ‘ദി കേരള പ്രൊഫഷണല്‍ കോളേജസ് (റഗുലറൈസേഷന്‍ ഓഫ് അഡ്മിഷന്‍ ഇന്‍ മെഡിക്കല്‍ കോളേജസ്) ഓര്‍ഡിനന്‍സ്’, ‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്’ എന്നിവയാണ് പുന:പ്രസിദ്ധീകരിക്കാന് നീക്കം നടക്കുന്നത്.

കാലാവധി കഴിയുന്നത് കണക്കിലെടുത്ത് എല്ലാ ഓര്‍ഡിനന്‍സുകളും പുന:പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് വ്യക്തമാക്കി. ‘രണ്ട് ദിവസത്തിനകം ഓര്‍ഡിനന്‍സുകള്‍ പുന:പ്രസിദ്ധീകരിക്കും.’ കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് അടക്കം സര്‍ക്കാര്‍ ഇറക്കിയ നിരവധി ഓര്‍ഡിനന്‍സുകള്‍ ഇതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഓര്‍ഡിനന്‍സ് പോലും അസാധുവാക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ജനാധിപത്യത്തെ അട്ടിമറിക്കുന്നോ? അന്വേഷണം

കഴിഞ്ഞ ഒക്ടോബര്‍ ഇരുപതിനാണ് ‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്’ സര്‍ക്കാര്‍ ഇറക്കുന്നത്. ഈ ഓര്‍ഡിനന്‍സുകള്‍ അപകടങ്ങളെ കുറിച്ച് അഴിമുഖം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത് രാജ് ആക്ട്, നഗരപാലിക നിയമം, ഭൂജല നിയമം, ചുമട്ട് തൊഴിലാളി നിയമം തുടങ്ങി ഏഴ് നിയമങ്ങളുടെ ഭേദഗതിയാണ് ഈ ഒരു ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനെതിരെ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്‍ ശബ്ദിക്കുകയും ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’നായി വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ ലളിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്’ ഇറക്കിയത്. എന്നാല്‍ ഇതിലെ പ്രധാനമായും നാല് നിയമങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളെ വലിയതോതില്‍ ബാധിക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ രഹസ്യ സ്വഭാവത്തില്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുകയോ, പുന:പരിശോധനക്ക് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നതാണ് ഓര്‍ഡിനന്‍സ് പുന:പ്രസിദ്ധീകരിക്കുന്നതിലൂടെ മനസ്സിലാവുന്നത്.

പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് രാജ്; ജനം ഇനി നോക്കുകുത്തി, കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കും

ഓര്‍ഡിനന്‍സിലെ ചുമട്ടുതൊഴിലാളി നിയമം കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്താനിടയാക്കുന്നതും അവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതുമാണ്. ചുമട്ടുതൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന വിവിധ തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന്  സിഐടിയു സര്‍ക്കാരിനോട് ആവശ്യപ്പെടുകയുമുണ്ടായി. സിഐടിയു ദേശീയ നേതാവ് ചന്ദ്രന്‍പിള്ളയുള്‍പ്പെടെ നിയമഭേദഗതി സംബന്ധിച്ച് തങ്ങളോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും, ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിന് മുമ്പ് അതുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഓര്‍ഡിനന്‍സില്‍ അവശ്യമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ സാഹചര്യത്തില്‍ ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന ഒന്നാണ് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂജല നിയമ ഭേദഗതി. ഇത് സംബന്ധിച്ച് പ്ലാച്ചിമട സമര സമിതിക്കാര്‍ ഉള്‍പ്പെടെ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ആക്ഷേപങ്ങള്‍ ഒന്നും തന്നെ പരിഗണിക്കാതെ, ചര്‍ച്ചപ്പോലും ചെയ്യാതെ കരട് രൂപത്തില്‍ യാതൊരു മാറ്റങ്ങളും വരുത്താതെ പഴയ ഓര്‍ഡിനന്‍സ് അതേ രൂപത്തില്‍ പുന:പ്രസിദ്ധീകരിക്കാനാണ് നീക്കമെന്നാണ് നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് പറയുന്നത്.

ഫെബ്രുവരി മാസം നിയമസഭ ചേരാനിരിക്കെ അടിയന്തിര പ്രാധാന്യത്തോടെ ഓര്‍ഡിനന്‍സ് കൊണ്ടുവതിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശകര്‍ ചോദ്യം ചെയ്തിരുന്നു. ഇടുതുമുന്നണിയിലും ഇതു സംബന്ധിച്ച ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ഓര്‍ഡിനന്‍സ് അസാധുവായാലും രണ്ട് മാസത്തിനുള്ളില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയമവതരിപ്പിച്ച് നിയമഭേദഗതി കൊണ്ടുവരാമെന്നിരിക്കെ അതിന് തയ്യാറാവാതെ ഓര്‍ഡിനന്‍സില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. സഭയില്‍ അവതരിപ്പിച്ചാല്‍ വിവാദമായേക്കാവുന്ന വിഷയങ്ങള്‍ ഓര്‍ഡിനന്‍സിലുള്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് അതിന് സര്‍ക്കാര്‍ തയ്യാറാവാത്തതെന്നാണ് വിമര്‍ശകരുടെ പക്ഷം. ഓര്‍ഡിനന്‍സ് ഇറക്കിയ കാര്യം പോലും പ്രതിപക്ഷവും ഭരണകക്ഷിയില്‍ തന്നെ ചിലരൊഴികെ മറ്റാരും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഓര്‍ഡിനന്‍സ് രാജ് നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടതുമുന്നണിയില്‍ തന്നെ പ്രതിഷേധം പുകയുന്നുണ്ട്.

മുഖ്യമന്ത്രീ, പ്ലാച്ചിമടയൊന്നും മറക്കരുത്; തുള്ളിവെള്ളം കുടിക്കാനില്ലാതാക്കും ജലമൂറ്റാനുള്ള ആ ഓര്‍ഡിനന്‍സ്

രഹസ്യമായി ഒരു ഓര്‍ഡിനന്‍സിറക്കി, അത് അസാധുവാകുമെന്ന് കണ്ടപ്പോള്‍ പുന:പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ കഴിഞ്ഞ ജനുവരി മാസത്തില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം കൂടി അറിഞ്ഞിരിക്കണം. ബിഹാറില്‍ 1989-91 കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഇറക്കിയ, പുന:പ്രസിദ്ധീകരിച്ച ഓര്‍ഡിനന്‍സുകളുടെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെ, ഓര്‍ഡിനന്‍സുകളുടെ പുന:പ്രസിദ്ധീകരണം ഭരണഘടനയോടുള്ള വഞ്ചനയും, ഭരണഘടനാ അട്ടിമറിയും ആണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഭരണഘടനാപരമായി ഓര്‍ഡിനന്‍സുകളുടെ പുന:പ്രസിദ്ധീകരണം അംഗീകരിക്കാനാവില്ലെന്നും, അത് ജനാധിപത്യ നിയമനിര്‍മ്മാണ സംവിധാനങ്ങള്‍ക്ക് കടകവിരുദ്ധമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് അന്ന് ചൂണ്ടിക്കാണിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഓര്‍ഡിനന്‍സുകള്‍ വഴി നിയമഭേദഗതി നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഇടതുപക്ഷമാണ് ഇത്തരത്തില്‍ നിയമ ഭേദഗതി നടത്തുന്നതും ഓര്‍ഡിനന്‍സുകളുടെ പുന:പ്രസിദ്ധീകരണം വഴി ഭരണഘടനയെത്തന്നെ ചോദ്യം ചെയ്തിരിക്കുന്നതും. ഓര്‍ഡിനന്‍സിലുള്‍പ്പെട്ട പല നിയമഭേദഗതികള്‍ക്കുമൊപ്പം പഞ്ചായത്ത് രാജ് നിയമഭേദഗതി എന്തിന് വേണ്ടി ഇത്രയും ധൃതിപിടിച്ച് ചെയ്തു എന്ന ചോദ്യവും നിലനില്‍ക്കുന്നു. അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തു നില്‍ക്കാതെ ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി വരുത്തുന്നതിലെ രഹസ്യസ്വഭാവം ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതുവഴി വ്യവസായങ്ങള്‍ക്കും വാണിജ്യ സംരംഭങ്ങള്‍ക്കും മാത്രമല്ല വലിയ അഴിമതിക്കുള്ള സാധ്യതയും കൂടിയാണ് സര്‍ക്കാര്‍ തുറന്നിട്ടിരിക്കുന്നതെന്ന ആക്ഷേപമാണ് പരക്കെ ഉയരുന്നത്. ഭരണഘടന സമ്പ്രദായങ്ങള്‍ തകിടം മറിക്കുന്നത് മാത്രമല്ല; പുതിയ നീക്കം ഇടതുനയം തന്നെ അട്ടിമറിക്കുന്നതാണെന്നാണ് ആരോപണം ഉര്‍ന്നിരിക്കുന്നത്.

വയലുകളും തണ്ണീര്‍ത്തടങ്ങളും വിഴുങ്ങാനൊരുങ്ങി പിണറായി സര്‍ക്കാര്‍; നിയമഭേദഗതി ‘വികസന’ത്തിന്റെ പേരില്‍

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on December 17, 2017 2:18 pm