X

വസ്തുതകളെ അവതരിപ്പിക്കുകയാണ് വാര്‍ത്താ മാധ്യമങ്ങളുടെ ധര്‍മ്മം- ശശികുമാര്‍

അഴിമുഖം പ്രതിനിധി

യഥാര്‍ത്ഥ വസ്തുതകളെ അവതരിപ്പിക്കുകയാണ് വാര്‍ത്ത മാധ്യമങ്ങളുടെ ധര്‍മ്മമെന്ന് പ്രശസ്ത പത്രപ്രവകര്‍ത്തകന്‍ ശശികുമാര്‍. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അക്ഷരം വേദിയില്‍ നടന്ന ‘വേറിട്ട കാഴ്ച വേറിട്ട വാര്‍ത്ത: സമകാലിക ദൃശ്യ മാധ്യമസംസ്‌കാരം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യ മാധ്യമങ്ങള്‍ വിഹരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ‘ ദൃശ്യ മാധ്യമ സംസ്‌കാരം’ എന്നത് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധുപാല്‍, എന്‍.പി രാജേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നീലന്‍ മോഡറേറ്ററായി.

സാധാരണമായവയെ അസാധാരണമാക്കുന്ന അവസ്ഥയാണ് ഇന്ന് വാര്‍ത്തകളില്‍ കാണുന്നത്. വ്യാപാര താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് മാധ്യമങ്ങള്‍ പെരുമാറുന്നതെന്നും, പൂര്‍ണ്ണമായ നീതി മാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും ചര്‍ച്ച പറഞ്ഞു വെച്ചു.

സാഹിത്യോത്സവത്തിലെ മറ്റു വേദികളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നുയര്‍ന്ന പ്രധാനവാാദങ്ങള്‍;

മലയാള മണ്ണില്‍ കഥകള്‍ക്ക് മരണമില്ലെന്ന് പി.കെ പാറക്കടവ്. വേദി അക്ഷരത്തിലെ ‘കഥയരങ്ങില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ എഴുത്തുകാര്‍ ഉണ്ടാകില്ലെന്ന തമിഴ് എഴുത്തുകാരന്‍ ജയമോഹന്റെ പ്രസ്ഥാവനയെ മുന്‍നിര്‍ത്തിയായിരുന്നു പാറക്കടവിന്റെ അഭിപ്രായം. 

സന്തോഷ് ഏച്ചിക്കാനം, ഉണ്ണി.ആര്‍, അംബികസുതന്‍ മങ്ങാട്, വി.ആര്‍ സുധീഷ്, ലതാ ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. കേരളം, കലശം, ഉറക്കം,ആര്‍ത്തു വിളിയിലെ ജമീല ,തണ്ട്, എന്നീ കഥകള്‍ വേദിയില്‍ അവതരിപ്പിച്ചു. വി.ആര്‍ സുധീഷിന്റെ കാവ്യാലാപനം വേദിക്ക് മാറ്റു കൂട്ടി.

സമചിത്തതയോടെ സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ സ്വയം കരുതിയാലും തിരിച്ചു കരുതല്‍ നല്‍കാത്ത സമൂഹമാണ് നമുക്ക് ചുറ്ററുമുള്ളതെന്ന് വി പി റജീന. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പരിധികള്‍ വിടുമ്പോള്‍ സ്ത്രീകളുടെ കൈവിട്ട ചര്‍ച്ചയും പാട്ടും എന്ന പരിപാടിയില്‍ മലയാളി സ്ത്രീകളുടെ യാത്രകള്‍ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു റജീന. 

പെണ്‍യാത്രകളുടെ വിവിധ ഭാഗങ്ങളെ സൂചിപ്പിക്കുന്ന ചര്‍ച്ചയില്‍ പലവിധത്തിലുള്ള യാത്രികര്‍ തന്നെയാണ് പങ്കെടുത്തത്. ശാരീരികമായ യാത്രയോളം പ്രാധാനമാണ് മാനസികമായ യാത്രയെന്നും അത് യാത്രയുടെ രാഷ്ട്രീയമാണെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉരുത്തിരിഞ്ഞു. സാധാരണയായി സ്ത്രീകളിലധികവും ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ കൂടെയുള്ള അനുയാത്രകളാണ് നടത്തുന്നത്. ദൂരത്തേക്കല്ലാതെ അനുദിനം നടത്തുന്ന യാത്രകള്‍ കണ്ണുതുറന്ന് കാണേണ്ടതാണെന്നും അത് വ്യത്യസ്ത ജീവിതങ്ങളെക്കുറിച്ചറിയാനും സാധിക്കും. 

കുറഞ്ഞ വരുമാനംകൊണ്ട് കൂടുതല്‍ യാത്ര ചെയ്യാനാവണം. കേരളത്തിലും മറ്റു വിദേശ രാജ്യങ്ങളിലേതുപോലുള്ള സുരക്ഷിതമായ ഒരവസ്ഥ നിലവില്‍ വരേണ്ടതുണ്ട്. യാത്രാനുഭവങ്ങള്‍ക്കിടയില്‍ പുരുഷ•ാരെക്കാള്‍ കൂടുതലായി ഒന്നും പേടിക്കാനില്ല എന്ന യാഥാര്‍ത്ഥ്യംകൂടി മനസ്സിലാക്കേണ്ടതുണ്ടട്. യാത്രകളുടെ രാഷ്ട്രീയമെന്നത് പുതിയൊരു സ്വത്വബോധ നിര്‍മ്മിതികൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം എന്നീ ആശയങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്നു. 

വി പി റജീനയ്ക്ക് പുറമേ മഡോണ, സോഫിയ ബിന്ദ്, അപര്‍ണ്ണ, രേഷ്മ ഭരദ്വാജ്, വിധു വിന്‍സന്റ്, അനുശ്രീ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഡോ. ജയശ്രീ മോഡറേറ്ററായി. ചര്‍ച്ചയ്ക്കു ശേഷം പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുവവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ സുമതി മൂര്‍ത്തി, കര്‍ണ്ണാടക സംഗീതജ്ഞ പുഷ്പവതി, മഴ എന്നിവരുടെ പാട്ടും വേദിയില്‍ അരങ്ങേറി.

‘ഇസ് ദുനിയാ മേം അഗര്‍ ജന്നത്ത് ഹേ, തോ ബസ് യഹീ ഹെ, യഹീ ഹെ, യഹീ ഹെ…….’ അറബിക്കടലിന്റെ തിരമാലകളെ തഴുകിത്തലോടി അനിതാ ഷെയ്ക്കിന്റെ സൂഫി സംഗീതം. മോബി മിന്റക്‌സ്, ഡോലക് ഖാന്നു, മുഹമ്മദ്, ലിബിന്‍ വിന്‍സെന്റ് എന്നിവര്‍ അകമ്പടിയേകി. ശ്യാം പിയാ മേരെ രംഗ് ദേ ചുനരിയാ…… എന്ന പ്രണയാര്‍ദ്രമായ ഭജനിലൂടെ ആരംഭിച്ച്, ദമാ ദം മസ്ത് കലന്ദര്‍…… അലി ദാ പെഹലാ നംമ്പറില്‍……അവസാനിപ്പിച്ചു.

സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ താഹ  മാടായിയുമായി മാമുക്കോയ മുഖാമുഖം നടത്തി. തെരഞ്ഞെടുത്ത അവാര്‍ഡുകളെക്കാള്‍ പ്രേക്ഷകരില്‍ നിന്നുള്ള നല്ല പ്രതികരണങ്ങള്‍ക്കാണ് താന്‍ കൂടുതല്‍ വിലകല്പിക്കുന്നതെന്ന് മാമുക്കോയ പറഞ്ഞു. ബാബുരാജിനെയും, നടി കല്പനയെയും വേദി അനുസ്മരിച്ചു.

This post was last modified on December 27, 2016 3:39 pm