X

‘പാര്‍ട്ടിയുടെ മന:കണക്കല്ല ജനങ്ങളുടെ കണക്ക് എന്ന് സിപിഎം ഇത്തവണ തിരിച്ചറിയും’: ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവന്‍

'ഹിന്ദി വാര്‍ത്ത ചാനല്‍ പുറത്തുവിട്ട വീഡിയോയും ആരോപണത്തിന് പിന്നിലും ഏതു പാര്‍ട്ടിയാണ് ഗൂഢാലോചന നടത്തിയിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്' എം കെ രാഘവന്‍

ഒളിക്യാമറ വിവാദത്തില്‍ പിന്നില്‍ ഏതു പാര്‍ട്ടിയാണ് ഗൂഢാലോചന നടത്തിയതെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍. രാഷ്ട്രീയമായി നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍ വ്യക്തിഹത്യ നടത്തി തളര്‍ത്താനുള്ള എതിരാളികളുടെ നീക്കത്തിന്റെ ഫലമാണ് ഈ വിവാദമെന്നാണ് എം കെ രാഘവന്‍ മാതൃഭൂമി ദിനപത്രത്തോട് പ്രതികരിച്ചത്.

‘സംസാരിക്കുന്ന ചിത്രം ഫോണിലൂടെ പകര്‍ത്തി മറ്റാരുടെയോ ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ത്തതാണ് ആ വീഡിയോ. ഹിന്ദി വാര്‍ത്ത ചാനല്‍ പുറത്തുവിട്ട വീഡിയോയും ആരോപണത്തിന് പിന്നിലും ഏതു പാര്‍ട്ടിയാണ് ഗൂഢാലോചന നടത്തിയിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. പാര്‍ട്ടിയുടെ മന:കണക്കല്ല ജനങ്ങളുടെ കണക്ക് എന്ന് സിപിഎം ഇത്തവണ തിരിച്ചറിയും.

മണ്ഡലത്തിലെ നിരവധി പദ്ധതികളുടെ യഥാര്‍ഥ്യത്തെ നിരാകരിച്ച് വികസന വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ പാഴ്ശ്രമം നടത്തുവരുടെ പൊള്ളത്തരം ജനത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ആ തിരിച്ചറിവാകാം രാഷ്ട്രീയ പ്രതിയോഗികള്‍ വ്യക്തിഹത്യയിലേക്ക് കടന്നത്. ജനങ്ങള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്നതാണ് എന്റെ ധൈര്യം.’ എന്നായിരുന്നു എം കെ രാഘവന്റെ പ്രതികരണം.

ഒളിക്യാമറയുമായി കോഴിക്കോട് നഗരത്തില്‍ 15 ഏക്കര്‍ സ്ഥലം എടുക്കാന്‍ എംപി ഇടനിലക്കാരനായി നില്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് ടിവി 9 ഭാരതവര്‍ഷ ചാനല്‍ സംഘം എംപിയെ കാണുന്നത്. ഇതിന്റെ കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കാഷായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്.

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുകയും സംഭാഷണം ഡബ് ചെയ്യുകയും ചെയ്ത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് ആരോപണം വന്നതുമുതല്‍ എം കെ രാഘവന്‍ ആവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച തെളിവുകള്‍ ഉടന്‍ പുറത്തുവരും എന്നും ഈ കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് താന്‍ പരാതി നല്കിയിട്ടുണ്ട് എന്നും എം കെ രാഘവന്‍ വ്യക്തിമാക്കിയിരുന്നു. ആരോപണം തെളിയിച്ചാല്‍ താന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലൂടെ എംകെ രാഘവന്‍ പ്രതികരിച്ചത്.

Read: 67 കോടിയുടെ അഗ്രീൻകോ അഴിമതിയാരോപണത്തില്‍ അന്വേഷണം; എം കെ രാഘവന് ഊരാകുടുക്കാകുമോ?

കൂടാതെ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രീന്‍കോ എന്ന സഹകരണ സ്ഥാപനത്തില്‍ എം കെ രാഘവനും കൂട്ടരും 77 കോടി രൂപയുടെ തിരിമറി നടത്തിയെന്നും ഒരു ആരോപണം പുറത്തു വന്നിരുന്നു. 2002ല്‍ രൂപീകരിച്ച കേരള സ്റ്റേറ്റ് അഗ്രോ കോഓപ്പറേറ്റീവ് ലിമിറ്റഡ് അഥവാ അഗ്രീന്‍കോ എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായി 2014 വരെയുള്ള കാലയളവില്‍ ഇരുന്നിട്ടുള്ളയാളാണ് എം.കെ രാഘവന്‍ എം പി.

Read: അഗ്രീന്‍കോ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് എം കെ രാഘവന്‍ എം പി; കോഴിക്കോട് മണ്ഡലത്തിലെ ചുവരെഴുത്തുകള്‍ മാറുമോ?

Read: ജനകീയ എം.പിക്ക് ജനകീയ എംഎല്‍എയുടെ വെല്ലുവിളി; ആര്‍ക്കും പിടിതരാത്ത കോഴിക്കോട് / മണ്ഡലങ്ങളിലൂടെ

 

This post was last modified on April 7, 2019 9:50 am