കേരളത്തിലെ വോട്ടെടുപ്പിന് നാലു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇ വി എം മെഷ്യനുകളിലും വിവിപാറ്റ് മെഷ്യനുകളിലും വ്യാപക തകരാര്‍ കണ്ടെത്തി. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 3,000 വോട്ടിങ് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിച്ചു. കൂടാതെ 1,500 വിവിപാറ്റ് യന്ത്രങ്ങള്‍ റോഡ് മാര്‍ഗവും എത്തിച്ചു. കേരളത്തിലെ പല ജില്ലകളിലേക്കുമുള്ള ഇ വി എം മെഷ്യനുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. അതാത് ജില്ലകളിലേക്ക് മെഷ്യനുകള്‍ കൈമാറി സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടിയന്തരമായി പതിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വോട്ടിങ് മെഷ്യനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിപ്പിക്കാന്‍ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങള്‍ക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയത്. ഇതിനാല്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രം ക്രമീകരിക്കുന്നതു പൂര്‍ത്തിയായിട്ടില്ല. പുതുതായി കൊണ്ടുവന്ന വിവിപാറ്റ് യന്ത്രങ്ങള്‍ പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പാക്കാന്‍ ഹൈദരാബാദ് ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ കൊച്ചിയിലെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
എറണാകുളം കളക്ടറേറ്റില്‍ പ്രത്യേക ക്യാമ്പ് തുറന്നാണ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വന്‍ സുരക്ഷാ വലയം തീര്‍ത്താണ് കളക്ടറേറ്റില്‍ ഇവയുടെ പരിശോധന. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലേക്കുമുള്ള യന്ത്രങ്ങള്‍ സജ്ജമായി കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇവിടങ്ങളില്‍ പല മെഷ്യനുകള്‍ തകരാറിലായതിനാല്‍ റിസര്‍വില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്ന മെഷ്യനുകള്‍ കൂടി എടുത്താണ് ബൂത്തുകളിലേക്കുള്ളവ സജ്ജമാക്കിയത്. ഏതെങ്കിലും ബൂത്തില്‍ വോട്ടിങ്ങിനിടെ യന്ത്രം തകരാറിലായാല്‍ പകരം നല്‍കാനാണ് റിസര്‍വായി മെഷ്യനുകള്‍ കരുതുന്നത്. ഇന്നലെ എത്തിച്ച മെഷ്യനുകള്‍ കൂടി സജ്ജമാകുന്നതോടെ കുറ്റമറ്റ വോട്ടിങ് സാധ്യമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
ഇന്നലെ കൊണ്ടുവന്ന വോട്ടിങ് മെഷ്യനുകളില്‍ 200 എണ്ണം എറണാകുളത്ത് ഉപയോഗിക്കും. ബാക്കിയുള്ളവ ഇതര ജില്ലകളിലേക്കാണ്. പോളിങ് ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ കഴിഞ്ഞ മാസം ഉദ്യോസ്ഥരെ പരിശീലിപ്പിക്കാന്‍ പുറത്തെടുത്തപ്പോഴും തകരാറു കണ്ടെത്തിയിരുന്നു.
പരിശീലനത്തിന് കൊണ്ടുപോയ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് കാരണമായി അന്നു പറഞ്ഞിരുന്നത്. വിശദീകരണമായി പറഞ്ഞത് ശക്തമായ സൂര്യ രശ്മിയേറ്റാല്‍ വിവിപാറ്റ് യന്ത്രത്തിന്റെ സെന്‍സര്‍ സംവിധാനം തകരാറിലാകുമെന്നാണ്. എന്നാല്‍ പ്രകാശ രശ്മികള്‍ പതിക്കാത്ത സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളിലാണ് ഇപ്പോള്‍ തകരാറിലായത്.
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ 307 വിവിപാറ്റ് മെഷ്യനുകളാണ് തകരാറിലായത്. 249 കണ്‍ട്രോള്‍ യൂണിറ്റുകളും 144 ബാലറ്റ് യൂണിറ്റുകളും ശരിയായി പ്രവര്‍ത്തിക്കാത്തതില്ലാത്തതിനാല്‍ അവ മാറ്റി വച്ചു. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലുവ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പതിച്ച വേളയില്‍ 32 വിവിപാറ്റ് യന്ത്രങ്ങളും 29 കണ്‍ട്രോള്‍ യൂണിറ്റും 20 ബാലറ്റ് യൂണിറ്റും പ്രവര്‍ത്തിക്കുന്നില്ലെന്നു ബോധ്യമായി.
ചാലക്കുടിയിലെ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ 38 വിവിപാറ്റ് യന്ത്രവും 13 കണ്‍ട്രോള്‍ യൂണിറ്റും പ്രവര്‍ത്തന രഹിതമായിരുന്നു. ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ 30 വിവിപാറ്റും 11 കണ്‍ട്രോള്‍ യൂണിറ്റും 7 ബാലറ്റ് യൂണിറ്റും തകരാറിലായിരുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കൊച്ചി നിയമസഭാ മണ്ഡലത്തില്‍ 28 വിവിപാറ്റ് യന്ത്രവും 24 കണ്‍ട്രോള്‍ യൂണിറ്റും 10 ബാലറ്റ് യൂണിറ്റും പ്രവര്‍ത്തനരഹിതമായിരുന്നു. കളമശേരിയില്‍ 21 വിവിപാറ്റും 13 കണ്‍ട്രോള്‍ യൂണിറ്റും 10 ബാലറ്റ് യൂണിറ്റും പ്രവര്‍ത്തിച്ചില്ല.
This post was last modified on April 19, 2019 6:53 am
Leave a Comment