X

‘ദുരന്തത്തിന് കാരണം സംസ്ഥാന സര്‍ക്കാര്‍’, വലിയ ക്വാറികള്‍ക്ക് അനുമതി നല്‍കിയത് ഉരുള്‍പൊട്ടലിന് കാരണമായെന്ന് മാധവ് ഗാഡ്ഗില്‍

തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം

പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച വീഴ്ചയാണ് സംസ്ഥാനത്ത് വീണ്ടും പ്രളയത്തിന് കാരണമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ്  ഗാഡ്ഗില്‍. നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ നടപ്പിലാക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗാഡ്ഗില്‍ ഇങ്ങനെ പറഞ്ഞത്.

വലിയ ക്വാറികള്‍ക്ക് സര്‍ക്കാര്‍ കേരളത്തില്‍ നിര്‍ബാധം അനുമതി നല്‍കുകയാണ്. കഴിഞ്ഞ വര്‍ഷം സംഭവിച്ച കാര്യങ്ങളാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. ഇതില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങള്‍ ഇല്ലാത്തതല്ല, മറിച്ച് നിയമങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാകാത്തതാണ് കാരണം. ഇതിന് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. ചെറിയ വിഭാഗത്തിന്റെ താല്‍പര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുതല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത്. പൊതുജനങ്ങളുടെ താല്‍പര്യം സര്‍ക്കാര്‍ മറന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴ തുടര്‍ച്ചയായി പെയ്തിട്ടും വടക്കന്‍ കര്‍ണാടകയില്‍ ഡാമുകള്‍ യഥാസമയം തുറന്നുവിടാത്തതാണ് അവിടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തലവനായിരുന്നു വി എന്‍ ഗാഡ്ഗില്‍. വ്യത്യസ്ത സോണുകളായി തിരിച്ച് പശ്ചിമ ഘട്ട സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനെതിരെ കേരളത്തില്‍ വലിയ പ്രക്ഷോഭമാണ് നടന്നത്. ക്രൈസ്തവ സഭകളും സിപിഎമ്മും റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നു.

തുടര്‍ന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗനെ കമ്മീഷനായി നിയമിച്ചു. ഗാഡ്ഗിലിന്റെ ശുപാര്‍ശകള്‍ പലതും എടുത്തുകളഞ്ഞെങ്കിലും ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് പോലും കേരളത്തിലെ സഭകളും സിപിഎം ഉള്‍പ്പെട്ട പാര്‍ട്ടികളും തടസ്സം നിന്നു. ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ കേരളത്തിലെ പശ്ചിമഘട്ട മേഖലകളില്‍ വലിയ ദുരന്തം ഉണ്ടാകുമെന്ന് മാധവ് ഗാഡ്ഗില്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

This post was last modified on August 14, 2019 11:16 pm