X

സ്ത്രീകള്‍ സ്റ്റേജില്‍ കയറി, മൈക്ക് ഉപയോഗിച്ചു, കുട്ടികള്‍ നൃത്തം ചെയ്തു; കുടുംബത്തിന് ഭൃഷ്ട് കല്‍പ്പിച്ച് മഹല്ല് കമ്മിറ്റി

മഹലില്‍ നിന്നും പുറത്താക്കിയ വിവരം വളരെ മോശമായ രീതിയില്‍ മൈക്കില്‍ കൂടി വിളിച്ച് പറഞ്ഞ് കുടുംബത്തെ അപമാനിച്ചതായും ആരോപണം

വിവാഹ വേദിയില്‍ സ്ത്രീകള്‍ കയറിയെന്നും കുട്ടികള്‍ നൃത്തം ചെയ്തെന്നും ആരോപിച്ച് പള്ളി കമ്മിറ്റി ഒരു കുടുംബത്തിനു മുഴുവന്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ആരോപണം. സ്വന്തം സഹോദരന്റെ വിവാഹം ആഘോഷമാക്കിയതിന്റെ പേരില്‍ മഹല്ലില്‍ നിന്നും പുറത്താക്കപ്പെട്ട യുവാവാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കേരള മുഖ്യമന്ത്രി, തൃത്താല എംഎല്‍എ വി.ടി ബല്‍റാം, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് തുറന്ന കത്തെഴുതിയാണ് ഡനീഷ് റിയാസ്സ് എന്ന യുവാവ് പോസ്റ്റ് ഇട്ടത്.

കഴിഞ്ഞ ഡിസംബര്‍ 28ന് റിയാസിന്റെ സഹോദരന്റെ വിവാഹം ആഘോഷമാക്കിയെന്ന കാരണത്തിലാണ് ഡാനിഷിന്റെ കുടുംബത്തെ മഹല്ലില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഇന്നേക്ക് 46 ദിവസമായി പുറത്താക്കപ്പെട്ടിട്ട്. വിവാഹ വേദിയില്‍ സ്ത്രീകള്‍ കയറി ഫോട്ടോ എടുത്തു, കുടുംബത്തിലെ കുട്ടികള്‍ സ്റ്റേജില്‍ നൃത്തം ചെയ്തു, വിവാഹ സല്‍ക്കാര ചടങ്ങില്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു, സ്ത്രീകള്‍ മൈക്കിലൂടെ സംസാരിച്ചു എന്നീ കാരണങ്ങള്‍ ഉന്നയിച്ചാണ് ഡാനിഷിന്റെ കുടുംബത്തെ മഹല്ലില്‍ നിന്നും പുറത്താക്കിയത്. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ വീട് നില്‍ക്കുന്ന ആലൂര്‍ മഹലില്‍ നിന്ന് 13 കിലോ മാറ്റര്‍ മാറി, മലപ്പുറം ജില്ലയിലെ എടപ്പാള്‍ വിവ പാലസില്‍ വെച്ചായിരുന്നു വിവാഹ സല്‍ക്കാരം.

മഹലില്‍ നിന്നും പുറത്താക്കിയ വിവരം വളരെ മോശമായ രീതിയില്‍ മൈക്കില്‍ കൂടി വിളിച്ച് പറഞ്ഞ് കുടുംബത്തെ അപമാനിച്ചതായും ഡാനിഷ് അഴിമുഖത്തോട് പറഞ്ഞു. ഇസ്ലാമിക വിശ്വാസവും ജീവിത രീതികളും പിന്തുടര്‍ന്ന് മഹല്ലുമായി സഹകരിച്ചാണ് തന്റെ കുടുംബം ജീവിച്ചതെന്നും ഇനിയും അതേ രീതിയില്‍ തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഡാനിഷ് പറയുന്നു.

“കുട്ടികളുടെ ആഗ്രഹം കണക്കിലെടുത്താണ് അവര്‍ക്ക് നൃത്തം ചെയ്യാനും സമ്മാനങ്ങള്‍ നല്‍കാന്‍ ഒരു തുറന്ന സ്ഥലവും അവിടെ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാനുള്ള സംവിധാനവും ഞാന്‍ ഒരുക്കിയത്. അതിനാല്‍ തന്നെ ഇതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് കാണിച്ച് സഹോദരന്‍ വിശദീകരണ കത്ത് നല്‍കിയതാണ്. എന്നാല്‍ ഈ സംഭവത്തിന് ശേഷം മാസന്തോറും മഹല്ല് കമ്മിറ്റി വീടുകളില്‍ നിന്നും കൈപ്പറ്റുന്ന പിരിവ് ശേഖരിക്കാനോ സല്‍ക്കാരം സ്വീകരിക്കാനോ ആരും എത്തുന്നില്ലെന്നത് വിശ്വാസികളായ എന്റെ കുടുംബത്തെ വേദനിപ്പിക്കുന്നുണ്ട്”, ഡാനിഷ് പറയുന്നു.

വിവാഹ സല്‍ക്കാര ചടങ്ങിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും അതില്‍ നിന്നും കുടുംബത്തെ ഒഴിവാക്കണമെന്നും, കുടുംബത്തിന്റെ വിഷമതകള്‍ മനസ്സിലാക്കി ഉത്തരവാദിത്വപ്പെട്ടവര്‍ ഈ വിഷയത്തില്‍ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഡാനിഷ് പറയുന്നു. ഡാനിഷിന്റെ വിവാഹത്തിന് വധുവുമായുള്ള ഫോട്ടോ സ്റ്റേജില്‍ വച്ചതിനും, വിവാഹ വേദിയിലെ സ്‌ക്രീനില്‍ ഇരുവരുടെയും പ്രീ വെഡ്ഡിംഗ് വീഡിയോ പ്രദര്‍ശിപ്പിച്ചതിനും മഹലിലെ തങ്ങള്‍ ഹത്തീബ് വിലക്കുകയും അന്നും ഇതേപോലെ മൈക്കിലൂടെ വിളിച്ച് പറഞ്ഞിരുന്നെന്നും ഡാനിഷ് പറഞ്ഞു.

പണ്ട് കാലത്തൊന്നും ഇത്തരം വിലക്കുകളൊന്നുമുണ്ടായിട്ടില്ലെന്നും എന്നാല്‍ ഇമാം ഹത്തീം ഇവിടെ ചുമതലയേറ്റ ശേഷം ഇതൊന്നും അനുവദിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. സമീപകാലത്തായി ഇവിടെ ഇത്തരത്തില്‍ ഒട്ടനവധി ഭൃഷ്ട് കല്‍പ്പിക്കലുകളും ഊരുവിലക്കലുകളും ഈ മഹല്ല് കമ്മിറ്റിയില്‍ നിന്നുണ്ടായിട്ടുണ്ടെന്നാണ് തൃത്താല പ്രസ് ക്ലബ് സെക്രട്ടറി ശശി പച്ചത്താരി അഴിമുഖത്തോട് പറഞ്ഞു.

മഹല്ലിന് മഹല്ലിന്റേതായ തീരുമാനങ്ങളുണ്ടെന്നും വരിസംഖ്യ പിരിക്കേണ്ടെന്നത് മഹല്ലിന്റെ തീരുമാനമാണെന്നുമാണ് അവരുമായി ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞത്. അതേസമയം രേഖാമൂലം തങ്ങള്‍ ആര്‍ക്കും ഭൃഷ്ട് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇവരുടെ ന്യായീകരണം. മതവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് റിയാസ് എങ്കിലും കുടുംബത്തിന് ഇത്തരത്തില്‍ ഭൃഷ്ട് കല്‍പ്പിക്കുന്നത് ശരിയല്ലെന്ന് സംഗീത സംവിധായകനും പരിസരവാസിയുമായ നാസര്‍ മാലിക് പ്രതികരിച്ചു. ഡാനിഷിന്റെ വിവാഹത്തിന് മഹലിന്റെ നിര്‍ദ്ദേശം ലംഘിച്ചപ്പോള്‍ തന്നെ അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോഴാണ് ഇത്തരമൊരു തീരുമാനം അവര്‍ക്കെടുക്കേണ്ടി വന്നതെന്നുമാണ് താന്‍ മനസിലാക്കുന്നതെന്നും നാസര്‍ മാലിക് പറഞ്ഞു. അതേസമയം താനൊരു ഇസ്ലാമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഡാനിഷ് ഗൃഹനാഥനായ വീട്ടില്‍ നിന്നും വരിസംഖ്യ വാങ്ങേണ്ടെന്നത് പള്ളികമ്മിറ്റിയുടെ തീരുമാനമാണെന്നും അതില്‍ കുറ്റം പറയാനാകില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിസിനസുകാരനായ ഡാനിഷ് റിയാസ്സ് എറണാകുളത്താണ് താമസിക്കുന്നത്. ഡാനിഷിന്റെ കുടുംബം തൃത്താലയിലെ ആലൂരിലാണ് താമസം. സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഡാനിഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ അപരിഷ്‌കൃത നടപടിയെ പുറത്തെത്തിച്ചത്. സ്ഥലം എംഎല്‍എ എന്ന നിലയില്‍ വി.ടി ബല്‍റാമിന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

 

അഖില എല്‍

ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

Follow Author:

This post was last modified on February 13, 2019 10:28 am