X

നിങ്ങളും എന്റെ മകളെ ബലാത്സംഗം ചെയ്തുകൊന്ന കുറ്റവാളികളും തമ്മില്‍ എന്തു വ്യത്യാസം?

തന്റെ ആകാരവടിവിനെ കുറിച്ചു പ്രസംഗിച്ച മുന്‍ കര്‍ണ്ണാടക ഡിജിപിയ്ക്ക് നിര്‍ഭയയുടെ അമ്മയുടെ തുറന്ന കത്ത്

തന്റെ ആകാരവടിവിനെ പരാമര്‍ശിച്ചു സംസാരിച്ച കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി. സന്‍ഗ്ലിയാനയ്ക്ക് നിര്‍ഭയയുടെ അമ്മ ആശാ ദേവി കടുത്ത ഭാഷയില്‍ തുറന്ന കത്തെഴുതി.

വനിതാദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച്‌ ഒന്‍പതിന് ബംഗളൂരുവില്‍ നടന്ന നിര്‍ഭയ അവാര്‍ഡ്‌ ദാന ചടങ്ങിനിടെയാണ് സന്‍ഗ്ലിയാന വിവാദ പരാമര്‍ശം നടത്തിയത്. നിര്‍ഭയയുടെ അമ്മയുടെ ആകാരവടിവ് കാണുമ്പോള്‍ നിര്‍ഭയ എത്ര സുന്ദരി ആയിരുന്നെന്നു ഊഹിക്കാന്‍ കഴിയുമെന്നാണ് മുന്‍ എം എല്‍ എ കൂടിയായ സന്‍ഗ്ലിയാന പറഞ്ഞത്.

കത്തിന്‍റെ പൂര്‍ണ്ണരൂപം:

നിങ്ങളെന്റെ ശരീരവടിവിനെക്കുറിച്ച് പറയാന്‍ തുനിഞ്ഞപ്പോള്‍ അതിന്‍റെ അനൌചിത്യത്തെക്കുറിച്ച് ആലോചിച്ചില്ല. ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട എന്റെ മകളിലേക്ക് ആ പരാമര്‍ശം ബന്ധപ്പെടുത്തിയതിലെ അനൌചിത്യവും ആലോചിച്ചില്ല.

ആരെങ്കിലും അതിക്രമിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അക്രമിക്കു കീഴടങ്ങിക്കൊടുക്കണമെന്നു നിങ്ങള്‍ പെണ്‍കുട്ടികള്‍ക്കു നല്‍കിയ ഉപദേശം മര്യാദയുടെ എല്ലാ അതിര്‍ത്തികളും ലംഘിക്കുന്നതായി.

എന്റെ മകള്‍ ചെറുത്തു നില്‍ക്കാന്‍ നടത്തിയ ധീരമായ ശ്രമങ്ങളെ അപമാനിക്കുക മാത്രമല്ല രോഗാതുരമായ പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയെ വെളിവാക്കുക കൂടിയാണ് ചെയ്തത്.

എന്റെ മകളെ ആക്രമിച്ചവരും ഇതേ മാനസികാവസ്ഥയാണ് കാണിച്ചത്. അവള്‍ തിരിച്ചടിക്കുന്നു എന്നത് അവര്‍ക്ക് സഹിക്കാനായില്ല. സമൂഹത്തിന്റെ രക്ഷകരെന്നു പറയപ്പെടുന്ന നിങ്ങളെപ്പോലുള്ളവരും കുറ്റവാളികളും ഒരേ ചിന്താഗതി പുലര്‍ത്തുന്നുവെന്നതു തികഞ്ഞ നാണക്കേടാണ്.

പെണ്‍കുട്ടികളോട് അബലകളായി തുടരാനും ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാനും ഒരാള്‍ ബലാല്‍ക്കാരം നടത്താന്‍ ഒരുങ്ങിയാല്‍ സഹകരിച്ചു ജീവന്‍ എങ്കിലും സംരക്ഷിക്കാന്‍ ഉപദേശം നല്‍കുക വഴി സ്ത്രീകളെന്ന നിലയില്‍ എക്കാലവും അനുഭവിച്ചു പോരുന്ന പിന്നാക്കാവസ്ഥ മാറ്റമില്ലാതെ തുടരണമെന്ന മനോഭാവം തന്നെയാണ് നിങ്ങളും കാണിച്ചത്‌.

അവസാനമായി നിങ്ങളോട് ഒരു കാര്യം കൂടി ചോദിക്കട്ടെ. ഇതേ ഉപദേശം നിങ്ങള്‍ നമ്മുടെ പട്ടാളക്കാരോടും പറയുമോ? അതിര്‍ത്തിയില്‍ രാവും പകലും കാവല്‍ നില്‍ക്കുന്ന അവരോട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ആയുധങ്ങള്‍ കളഞ്ഞു കീഴടങ്ങാനും ജീവന്‍ രക്ഷിക്കാനുമാണോ പറയേണ്ടത്?

This post was last modified on March 20, 2018 11:40 am