X

മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ഇനി പ്രത്യേക നമ്പരില്ല

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ഇനി മുതല്‍ പ്രത്യേക നമ്പരില്ല. ഇതോടെ രജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ചുവച്ച് പകരം പ്രത്യേക നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന രീതി അവസാനിക്കും. അതിന് പകരമായി പ്രത്യേകമായിട്ടുള്ള പുതിയ നമ്പര്‍ പ്ലേറ്റായിരിക്കും ഉപയോഗിക്കുക. മന്ത്രിസഭ ചര്‍ച്ച ചെയ്തതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഇതര സംസ്ഥാനങ്ങളില്‍ മന്ത്രിമാരുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഔദ്യോഗിക വാഹനങ്ങളില്‍ പ്രത്യേക നമ്പരുകള്‍ ഉപയോഗിക്കാറില്ല. ഇതെതുടര്‍ന്നാണ് പുതിയ തീരുമാനത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്ര മുകളിലും ഇടതുഭാഗത്ത് കേരള സ്റ്റേറ്റ് എന്നും വലതു ഭാഗത്ത് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പരും വരുന്ന രീതിയിലാണു പുതിയ നമ്പര്‍ പ്ലേറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജനപ്രതിനിധികളുടെ ഔദ്യോഗിക വാഹനങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് എന്ന് തുടങ്ങിയ പ്രത്യേക നമ്പരുകള്‍ക്കു പകരം മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ച റജിസ്‌ട്രേഷന്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശിച്ചിരുന്നു. നിയമവകുപ്പും അനുകൂലമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് പുതിയ നമ്പര്‍ പ്ലേറ്റിന്റെ രൂപകല്‍പ്പനയ്ക്കായി ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ചുമതലപ്പെടുത്തുകയായിരുന്നു.

 

This post was last modified on December 27, 2016 2:24 pm