X

കേന്ദ്രസര്‍ക്കാരിന് പിന്തുണ; കേരളത്തിലെ മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് നീക്കി

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യഗിക നിലപാട് ഇനിയും പുറത്തുവന്നിട്ടില്ല

വിഐപി സംസ്‌കാരം ഇല്ലാതാക്കാന്‍ മന്ത്രിമാരുടെയും മറ്റും കാറില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് പിന്തുണയുമായി കേരളത്തിലെ മന്ത്രിമാരും. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി തോമസ് എന്നിവര്‍ ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിനെത്തിയത് ബീക്കണ്‍ ലൈറ്റുകളില്ലാത്ത കാറിലാണ്.

ഇവര്‍ക്ക് പിന്നാലെ എ കെ ബാലനും ഇ ചന്ദ്രശേഖരനും ബീക്കണ്‍ ലൈറ്റ് കാറില്‍ നിന്നും നീക്കം ചെയ്തു. റോഡുകളില്‍ ഒരു പരിധിക്കപ്പുറം ആര്‍ക്കും പരിഗണന വേണ്ടെന്നാണ് എപ്പോഴുമുള്ള നിലപാടെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. അതേസമയം ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യഗിക നിലപാട് ഇനിയും പുറത്തുവന്നിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി ഇടപാടി പളനിസാമി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൗഹാന്‍ എന്നിവരാണ് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റിയത്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി എന്നിവരും കേന്ദ്ര ഉത്തരവിന് പിന്നാലെ തന്നെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റിയിരുന്നു. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാന സര്‍ക്കാരുകളും ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിറക്കി.

കഴിഞ്ഞ ദിവസത്തെ കേന്ദ്രമന്ത്രി സഭാ യോഗത്തിലാണ് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നീക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മെയ് ഒന്ന് മുതല്‍ ഉത്തരവ് നടപ്പാക്കാനാണ് നിര്‍ദ്ദേശം. എമര്‍ജന്‍സി വാഹനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളിലും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് തടസമില്ല. എന്നാല്‍ പോലീസ്, ആംബുലന്‍സ്, അഗ്നിശമന സേന, പട്ടാള വാഹനങ്ങള്‍ എന്നിവയില്‍ ചുവന്ന ബീക്കണ്‍ ലൈറ്റിന് പകരം നീല ലൈറ്റ് ഉപയോഗിക്കണം.