X

മുസ്ലീം സ്ത്രീത്വം-ചില എതിരാലോചനകള്‍

എന്‍.പി.ആഷ്‌ലി

മലയാള പത്രമാസികകള്‍ മാത്രം വായിക്കുന്ന ഒരാളോട് കേരളത്തിലെ മുസ്ലിം സ്ത്രീകളെക്കുറിച്ച് ഒരു സാമാന്യ വിവരണം നല്‍കാന്‍ പറഞ്ഞാല്‍ അതേകദേശം ഇങ്ങനെയിരിക്കും: പല ഭാര്യമാരുള്ള ഒരുത്തന്റെ ഭാര്യ. അല്ലെങ്കില്‍ വിവാഹമോചിതയായി യാതൊരു പരിരക്ഷയും കിട്ടാത്തവള്‍. അതുമല്ലെങ്കില്‍ എപ്പോഴും മൊഴിചൊല്ലപ്പെടാവുന്നവള്‍. പണക്കാരായ അറബികളെക്കൊണ്ട് കെട്ടിച്ചുവിടപ്പെടുന്നവള്‍. വിവാഹ പ്രായമെത്തുംമുമ്പ് (നിയമപരമായി ഇത് 18 വയസ്സാണല്ലോ) കല്യാണം കഴിക്കാന്‍ നിര്‍ബന്ധിതയാവുന്നവള്‍. ഇങ്ങനെ നിന്ദിതയും ചൂഷിതയുമായ ഒരു ചിത്രം മാത്രമേ പ്രമാദമായ കേസുകളും വാര്‍ത്താസംഭവങ്ങളും അടിസ്ഥാനപ്പെടുത്തി നിര്‍മ്മിക്കുന്ന മുസ്ലിം സ്ത്രീചര്‍ച്ചകളില്‍ നിന്നു ലഭിക്കൂ.

ഈ ധാരണയ്ക്ക് വസ്തുതകളുമായി എത്ര ബന്ധമുണ്ടെന്ന് സാമൂഹ്യപരമായി ഒന്നു വിശകലനം ചെയ്തു നോക്കിയാല്‍ അതിന്റെ പരിമിതികള്‍ വേഗം വ്യക്തമാവും.

ഉദാഹരണത്തിന്, ബഹുഭാര്യത്വം. ജന്മിത്വകാലത്ത് പല സമുദായങ്ങളില്‍ പലതായിരുന്നു രീതികള്‍. ജന്മിമാരായിരുന്ന നമ്പൂതിരിമാരില്‍ മൂത്തയാള്‍ക്ക് മാത്രമേ വേളി അനുവദിച്ചിരുന്നുള്ളു. ഇതിന് കാരണം ഫ്യൂഡല്‍ അധികാരം നിലനിര്‍ത്തിയിരുന്നത് ഭൂമിയെ ഒറ്റ ശരീരമായിക്കണ്ട സമൂഹഭാവനയും അത് നിലനിര്‍ത്താന്‍ പാകത്തില്‍ വിഭവങ്ങളും കായികശേഷിയും ഒരിടത്ത് സ്വരൂപിക്കപ്പെട്ടിരുന്നതുമായിരുന്നു. ഭാഗം വെയ്ക്കപ്പെടുന്നതോടെ ശക്തി മാനസികമായും  വിഭവപരമായും വിഭജിക്കപ്പെടുകയും ജന്മിത്വത്തിന്റെ aura അവസാനിക്കുകയും ചെയ്യും എന്ന തിരിച്ചറിവ് മൂലമാണ് കുടുംബത്തിലെ മൂത്ത ആള്‍ക്ക് മാത്രം സ്വത്തവകാശവും കല്യാണാവകാശവും കിട്ടിപ്പോന്നിരുന്നത്. (അഫ്ഫന്‍മാരുടെ കല്യാണാവകാശത്തിനു വേണ്ടിയാണല്ലോ വി.ടി.ഭട്ടതിരിപ്പാട് രംഗത്തിറങ്ങുന്നത് – സ്വത്ത് ഭാഗം വയ്ക്കുന്നത് ഒരു ദുരന്തമായി ഇന്നും മലയാള സിനിമയില്‍ കാണുന്നത് ഫ്യൂഡല്‍ ഗൃഹാതുരത്വം ഒന്നുകൊണ്ടു മാത്രമാണ്.) സംബന്ധവും ലൈംഗികചൂഷണവും സര്‍വ്വസാധാരണമായിരുന്ന ഫ്യൂഡല്‍ ക്രമത്തിനുമുകളില്‍ മുസ്ലീം ജന്മിമാരെത്തിയപ്പോള്‍ അവര്‍ പലയിടത്തുനിന്നും പെണ്ണുകെട്ടി. (മതവിധി കണക്കാക്കാന്‍ ഒരു കാലത്ത് നാലുപെണ്ണിനെ മാത്രം നിലനിര്‍ത്തുകയും ചെയ്തു). കീഴ്ജാതി സ്ത്രീകള്‍ മാറുമറക്കാതിരുന്ന ‘തന്തയില്ലാത്തവന്‍’ എന്ന വാക്കിന് സാമൂഹ്യമായി യാതൊരര്‍ത്ഥവുമില്ലാതിരുന്ന (അച്ഛന്‍ കുടുംബകേന്ദ്രമാവുന്ന വ്യവസ്ഥിതിയ്ക്ക് നൂറുവര്‍ഷത്തില്‍ കുറഞ്ഞ ആയുസ്സേയുള്ളു കേരളത്തില്‍) ഒരു വ്യവസ്ഥയില്‍ നിന്ന് വേഷവിധാനത്തെ സംബന്ധിച്ചും കുടുംബഘടനയെ സംബന്ധിച്ചുമുള്ള സ്റ്റാന്‍ഡേര്‍ഡുകളിലേക്ക് കേരളീയര്‍ കൊളോണിയല്‍ ആധുനികതയില്‍ നിന്നും ഫ്യൂഡല്‍ വിരുദ്ധ-നമ്പൂതിരിത്ത വിരുദ്ധ സമരങ്ങളിലൂടെ എത്തുകയാണുണ്ടായത്. ഇക്കൂട്ടത്തില്‍ മുസ്ലീംകളുടെ മാത്രം സവിശേഷതയായി ബഹുഭാര്യത്വം കണക്കാക്കപ്പെട്ടു. ഇതിനു കാരണം പറഞ്ഞത് ബഹുഭാര്യത്വം ഇസ്ലാമില്‍ അനുവദനീയമാണ് എന്നാണ്. ഹിന്ദു മതത്തിലോ? വേദവിധികളനുസരിച്ചാണോ ഹിന്ദുമതത്തില്‍ ബഹുഭാര്യത്വമില്ലെന്നു പറയുന്നത്? അതുപോലെ, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ബഹുഭാര്യത്വം അനുവദനീയമാണെന്ന മതവിധിയെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ആളുകള്‍ എത്രയുണ്ടാവും മുസ്ലിംകള്‍ക്കിടയില്‍? ആയിരത്തിലൊരു മുസ്ലിം ആണിനെങ്കിലും കേരളത്തില്‍ ഒന്നിലധികം ഭാര്യമാരുണ്ടോ? ഇല്ലെങ്കില്‍ പിന്നെ ബഹുഭാര്യത്വം ഒരു മുസ്ലീം പ്രാക്ടീസായി നില്‍ക്കുന്നതിന്റെ യുക്തിയെന്താണ്? ഇങ്ങനെ ആനുപാതികമായും വിവരങ്ങളുടെ അടിസ്ഥാനത്തിലും ചില ചോദ്യങ്ങള്‍ ഉന്നയിച്ച പൊതുബോധത്തില്‍ മുസ്ലീം ജീവിതത്തെ കുറിച്ചുള്ള പല ധാരണകളും ചോദ്യം ചെയ്യേണ്ടിവരും.

എന്നാല്‍ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം മുസ്ലിം സ്ത്രീകളെ യാതൊരു വ്യക്തിത്വവുമില്ലാതെ ഇരകളാകാന്‍ മാത്രം വിധിക്കപ്പെട്ടവരെന്ന് എണ്ണിപ്പോരുന്ന ആഖ്യാനപാരമ്പര്യങ്ങളെ സാമൂഹ്യാനുഭവത്തിലൂടെ ഖണ്ഡിക്കുകയാണ്. അത്തരം ആഖ്യാനങ്ങളെ സാധ്യമാക്കുന്നത് സമൂഹമനസ്സില്‍ നിലനില്‍ക്കുന്ന ചരിത്രബോധമോ കാലബന്ധിതമോ ആയി യാതൊരു വ്യക്തതയുമില്ലാത്ത, മേല്‍പ്പറഞ്ഞ പോലത്തെ മിത്തുകളാണെന്ന് മാത്രം.

എന്റെ നോട്ടത്തില്‍ കേരളത്തില്‍ പലതരം മുസ്ലിം സ്ത്രീകളുണ്ട്.

1. മരുമക്കത്തായ സമ്പ്രദായത്തില്‍ കുടുംബഭാരവും കുടുംബഭരണവും കയ്യാളിയിരുന്ന തലശ്ശേരിയിലെയും ചുറ്റുപാടുകളിലെയും സ്ത്രീകള്‍.

2. ഇതര സമുദായങ്ങളിലെ സാമുദായിക മാറ്റങ്ങളോടൊപ്പം വിദ്യാഭ്യാസത്തിന്റെയും പൊതുഇടങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും അവസരം ഉപയോഗിച്ച് മുന്നോട്ടുവന്ന തെക്കന്‍ മധ്യകേരളത്തിലെയും നഗരകേന്ദ്രങ്ങളിലെയും കോഴിക്കോട്ടെയും സ്ത്രീകള്‍ (വിദ്യാര്‍ത്ഥിനികളടക്കം).

3. ഭര്‍ത്താവ് ഗള്‍ഫില്‍ പോയ ശേഷം കുടുംബത്തിലെ എല്ലാ കാര്യങ്ങളും പഴയ നായര്‍ സ്ത്രീകളുടെ കാര്യക്ഷമതയോടെ നടത്തുന്ന  സ്ത്രീകള്‍. മുതിര്‍ന്നവരെ നോക്കാനും കുട്ടികളെ വളര്‍ത്താനും വീട് നോക്കാനും അപാരമായ കാര്യശേഷി കാണിക്കുന്ന ഈ സ്ത്രീകള്‍ അധികവും മധ്യവര്‍ഗ്ഗമോ താഴെക്കിടയിലുള്ള മധ്യവര്‍ഗ്ഗമോ ആണ്.

4. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ഒരു വലിയ ശതമാനം പാവപ്പെട്ട സ്ത്രീകള്‍. ഇവരില്‍ പലരും ഭര്‍ത്താവുപേക്ഷിച്ചവരാണെന്ന പോലെതന്നെ പലരും ഭര്‍ത്താവിനെ ഉപേക്ഷിച്ചവരുമാണ്. (ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആയമാരായും അടിച്ചുതളിക്കാരിയായും നില്‍ക്കുന്ന മുസ്ലീം സ്ത്രീകളില്‍ പലര്‍ക്കും ഭര്‍ത്താവില്ലെന്ന് മനസ്സിലാക്കിയ ക്രിസ്ത്യന്‍ അധ്യാപിക കാരണമന്വഷിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ഒരു സ്ത്രീ പറഞ്ഞത്രേ: ”ഇങ്ങള്‍ ചേട്ടന്‍മാരെപ്പോലെ എന്തും സഹിച്ച് നില്‍ക്കാനൊന്നും ഞങ്ങളെ കിട്ടൂല. ഒഴിവാക്കിപ്പോന്നാല്‍ ഇടപെടാന്‍ ഒരു പള്ളിക്കാരും വരികയും ഇല്ല.”

5. ഗള്‍ഫില്‍ ഭര്‍ത്താക്കന്‍മാരുമൊന്നിച്ച് ജോലിയോടെയോ വീടുനോക്കിയോ നില്‍ക്കുന്ന സ്ത്രീകള്‍ (ഇത് താരതമ്യേന ചെറിയ വിഭാഗമാണ്.)

6. മതരാഷ്ട്രീയ രംഗങ്ങളില്‍ മുസ്ലീം സ്ത്രീ എന്ന നിലയില്‍ ഇടപെട്ടുതുടങ്ങിയിട്ടുള്ള ഒരു ചെറിയ ന്യൂനപക്ഷം.

ഈ വിഭാഗം സ്ത്രീകളൊക്കെ മുസ്ലിം സമുദായത്തില്‍ നിന്നു മാത്രമാണോ എന്ന് ചോദിക്കാം. ഒരിക്കലുമല്ല. നായന്‍മാരിലും ഈഴവരിലും ക്രിസ്ത്യാനികളിലും ദളിതരിലും ഇത്തരം സ്ത്രീകള്‍ വകഭേദങ്ങളോടെയാണെങ്കിലും ഉണ്ട്. ഇവര്‍ക്കൊന്നുമില്ലാത്ത പ്രത്യേകത മുസ്ലിം സ്ത്രീകള്‍ക്കുള്ളത് മഹാഭൂരിപക്ഷം വരുന്ന ഇവരുടെ ജീവിതത്തിന്റെ നാനാവശങ്ങള്‍ ഒരിക്കലും കേരളീയ ചര്‍ച്ചാ പരിസരത്തില്‍ എത്തിപ്പെടാറില്ല എന്നതുതന്നെയാണ്. ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’ തുടങ്ങിയ കല്‍പ്പനകളിലൂടെ അന്തര്‍ജനങ്ങളെക്കുറിച്ചു സംസാരിച്ച ഭാഷയില്‍ മാത്രമാണ് മുസ്ലീം സ്ത്രീകളെപ്പറ്റിയുള്ള പൊതുവ്യവഹാരങ്ങള്‍ നടന്നുവരുന്നത്. ഈ ചര്‍ച്ചകളുടെ ഒരു പ്രശ്‌നം മുസ്ലീം സ്ത്രീയുടെ ജീവിതാവസ്ഥകളെ സാമൂഹികമായോ, സാമ്പത്തികമായോ പ്രത്യയശാസ്ത്രപരമായോ ആയി മനസ്സിലാക്കാന്‍ ഇവയ്ക്ക് ശേഷിയില്ല എന്നതു തന്നെയാണ്.

കോടതിയിലെ കേസുകളുടെയും വിവാദസംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന വിവാദങ്ങള്‍ക്കെപ്പോഴും ചില പ്രത്യേകതകളുണ്ട്: ഒന്ന്, അവ എല്ലായ്‌പ്പോഴും  വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കും. സമുദായനേതാക്കളും സാമൂഹികവിമര്‍ശകരും മതപുസ്തകങ്ങളെയും ആചാരങ്ങളെയും ആയിരത്തിഅഞ്ഞൂറ് കൊല്ലത്തെ ചരിത്രത്തെയും ജീവിതാനുഭവങ്ങളെയും മായ്ച്ച് കളഞ്ഞ് ഖുറാനുമായും  മുഹമ്മദ് നബിയുമായും ഇവയെ ബന്ധപ്പെടുത്തുന്നത് കാണാം. രണ്ടാമത്തെ രീതി, ഇന്ത്യന്‍ നിയമവ്യവസ്ഥയും ഇസ്ലാമിക മതാചാരങ്ങളെയും! ഇവയെല്ലാം വിരുദ്ധധ്രുവങ്ങളായി അവതരിപ്പിക്കുമെന്നതാണ്. (ഒരു ദേശരാഷ്ട്രവ്യവസ്ഥിതിയായ ഇന്ത്യാ രാജ്യവും ആത്മീയ-ധാര്‍മ്മികസംഹിതയായ ഇസ്ലാംമതവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍തന്നെ വലിയ അപാകതയുണ്ട്. ഇതും യഥേഷ്ടം നടന്നുവരുന്നു.)  മൂന്നാമതായി, ഏത് ഒറ്റപ്പെട്ട സംഭവവും ഒരു സാമൂഹ്യാചാരത്തിന്റെ മതാധിഷ്ഠിതമായ തെളിവായാണ് അവതരിപ്പിക്കപ്പെടുന്നത്. ഏതു കേസും കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണെന്ന  നിയമസാങ്കേതിക നിലപാടാണ് ഇക്കാര്യത്തില്‍ എപ്പോഴും സ്വീകരിച്ചുകാണാറ്. ഈ ചട്ടക്കൂട്ടില്‍ ഇരയും നിശബ്ദയും ആയി ബാക്കിയാവുന്ന രൂപം മാത്രമാണ് മുസ്ലിം സ്ത്രീ. ഈ പ്രതിനിധാനം ജീവിതാവസ്ഥകളുടെ സാമാന്യതയില്‍ നിന്ന് ഏറെ അകലെയാണ്. മറ്റു സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലീം സ്ത്രീകള്‍ വേറെയേതോ സാമൂഹ്യസാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന ധാരണയാണ് ഇതിന്റെ പരിണിതഫലം.

മേല്‍പ്പറഞ്ഞ വിവിധ തരം സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളില്ലെന്നാണോ? ഒരു സമ്പദ്‌വ്യവസ്ഥയ്ക്കു മനസ്സിലാക്കാന്‍ പോലുമാകാത്ത അധ്വാനം ചെലവഴിക്കുന്നവര്‍ക്കോ ഒറ്റയ്ക്ക് കാത്തിരിപ്പിന്റെയും ജോലികളുടെയും ഭാരം പേറുന്നവര്‍ക്കോ ഓഫീസും വീടും ഒന്നിച്ചു നോക്കുന്നവര്‍ക്കോ ഒരു പാട് ഭാരങ്ങളുണ്ട്. ഈ പ്രശ്‌നങ്ങളെ കുടുംബത്തെ സംബന്ധിച്ചും അധ്വാനത്തെ സംബന്ധിച്ചും വൈകാരികതയെ സംബന്ധിച്ചുമുള്ള പുരുഷാധിപത്യകാഴ്ചപ്പാടുകളെ മനസ്സിലാക്കുന്നതിലൂടെ മാത്രമേ അഭിമുഖീകരിക്കാനും പരിഹരിക്കാനും കഴിയൂ. അല്ലാതെ മതവിശ്വാസത്തിന്റെയോടെ സാമുദായികതയുടെയോ നോട്ടപ്പാടില്‍ ചര്‍ച്ച എങ്ങുമെത്തുകയില്ല.

കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്‌നങ്ങളില്ലേ? അവ എന്തൊക്കെയാണ്?

കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ കാര്യത്തില്‍, ഉത്തരമലബാറില്‍ വിശേഷിച്ചും  കാണുന്ന ഒരു പ്രവണത നേരത്തെയുള്ള പെണ്‍കുട്ടികളുടെ വിവാഹമാണ്. ഇതിനു കാരണം മുമ്പുണ്ടായിരുന്ന ഫ്യൂഡല്‍ തറവാടുകളില്‍ നിന്നും അടിയാള കുടുംബത്തില്‍ നിന്നും വ്യത്യസ്തമായി മറ്റു സമുദായങ്ങളിലുണ്ടായി വന്ന മധ്യവര്‍ഗ്ഗം വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ടതായിരുന്നുവെങ്കില്‍ മുസ്ലീംകള്‍ക്കിടയിലെ മധ്യവര്‍ഗ്ഗം പുരുഷന്‍മാരുടെ കുടിയേറ്റത്തിലൂടെയായിരുന്നു. (ആയമാരായി ഗള്‍ഫില്‍ പോയിരുന്ന സ്ത്രീകള്‍ കല്യാണശേഷമാണ് പോയത്. ക്രിസ്ത്യാനികള്‍ക്കിടയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം പ്രധാനമായും നഴ്‌സ് ജോലി ചെയ്തിരുന്ന സ്ത്രീകളുടേതായിരുന്നല്ലോ) ഇക്കാരണം കൊണ്ട് തന്നെ ഈയടുത്തകാലം വരെ സ്ത്രീവിദ്യാഭ്യാസം  മുസ്ലീം സമുദായത്തില്‍ വലിയ പ്രശ്‌നമായിരുന്നില്ല. ഗള്‍ഫിനു പുറത്ത് ഉത്തരകേരളം മുസ്ലീംകളില്‍ ഒരു മധ്യവര്‍ഗ്ഗം  ഇല്ലാതിരുന്നതിനാല്‍ അവര്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

ഈ പ്രശ്‌നത്തെ തടുക്കേണ്ടത് ഇന്ത്യ പോലുള്ളൊരു ജനാധിപത്യരാഷ്ട്രത്തെ പൗരാവകാശ നിയമങ്ങളെ ഉപയോഗിച്ചാണ്. 18 വയസ്സില്‍ വോട്ട് ചെയ്യാനധികാരമുള്ള ഒരു രാജ്യത്ത് 18 വയസ്സില്‍ ചില തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ വ്യക്തികള്‍ക്കവകാശമുണ്ടായിരിക്കണം. അതിലൊന്നാണ് ആരെ വിവാഹം കഴിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം. വിവാഹത്തിന്റെ മതപരമായ ചടങ്ങ് ഏതുമായിക്കൊള്ളട്ടെ, വരനും വധുവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന  ഓഫീസില്‍ വന്ന് 18 വയസ്സായതിന്റെ രേഖ ഹാജരാക്കുവാനും തങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം കഴിക്കുന്നതെന്ന് സത്യവാങ്മൂലം നല്‍കുവാനും സര്‍ക്കാര്‍ നിയമം മൂലം ഉത്തരവിറക്കുകയാണ് ഇക്കാര്യത്തില്‍ വേണ്ടത്. ജാതിയും മതവുമേതായാലും ഇന്ത്യാക്കാര്‍ക്ക് പൗരന്‍മാര്‍ എന്ന നിലയില്‍ ചില ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമുണ്ട്. അവ നിറവേറ്റിയേ പറ്റൂ. ഇത്തരം പരിഷ്‌ക്കാരങ്ങളെ ബഹുഭൂരിപക്ഷം മുസ്ലീം സ്ത്രീകളും അനുകൂലിക്കാനാണ് സാധ്യത. എന്നാല്‍ മുസ്ലീം സ്ത്രീയെ നിര്‍വ്വചിച്ചുകൊണ്ടിരിക്കുന്ന കുടുസ്സായ വാര്‍പ്പുമാതൃകകളില്‍ ഈ ‘ബഹുഭൂരിപക്ഷം’ തന്നെ അദൃശ്യരും ആലംബഹീനരുമാണ്. അത് നിലനില്‍ക്കുന്നുപോലുമില്ല.

ചരിത്രബോധമില്ലാത്ത പരികല്‍പ്പനകളിലൂടെ  മുസ്ലീം സ്ത്രീത്വത്തെ വിവരിച്ചു തീര്‍ക്കുന്നതിനെക്കാള്‍ ജീവിത ധാരകളുടെ വ്യത്യസ്തതകളെ  അറിഞ്ഞടയാളപ്പെടുത്തുന്നതിലൂടെ രൂപീകരിക്കുന്ന സിദ്ധാന്തങ്ങളാണ് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളിലേക്കു വെളിച്ചം പകരുക എന്നുറപ്പ്.

(ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

This post was last modified on January 3, 2016 10:58 am