X

ഓണം സമരം ചെയ്ത് ആഘോഷിക്കട്ടേയെന്നാണോ? ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടിയിട്ട് മൂന്നുമാസം

ആറളം ഫാമിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള 440 തൊഴിലാളികള്‍ അനിശ്ചിത കാല സമരത്തിലാണ്

കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസികളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍. ആറളം ഫാമിലെ 440 തൊഴിലാളികളാണ് ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംയുക്തതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 24 മുതല്‍ അനിശ്ചിതകാലസമരം ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഈ മാസത്തെ ശമ്പളം കൂടി കണക്കിലെടുത്താല്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും രണ്ടര മാസത്തെ ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ പലവട്ടം വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. ജൂണ്‍ മാസത്തെ ശമ്പളം പകുതി മാത്രമാണ് നല്‍കിയിട്ടുള്ളത്.

ജൂണ്‍ മാസത്തെ ബാക്കി ശമ്പളവും ജൂലൈയിലെ ശമ്പളവും നിലവില്‍ കുടിശികയാണ്. ഓഗസ്റ്റ് കൂടി കഴിയുന്നതോടെ ശമ്പളത്തിനു കൂടെ നല്‍കേണ്ട ഓണം ബോണസും കൂടി നല്‍കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നു അനുകൂല തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഓണത്തിനു മുമ്പു ശമ്പള കുടിശികയും ഈ മാസത്തെ ശമ്പളവും ബോണസും ഓണം അഡ്വാന്‍സും അനുവദിക്കണമെങ്കില്‍ മൂന്നു കോടിയോളം രൂപ വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്രയും കാശ് ഫാമില്‍ നിന്നു കണ്ടെത്തുക അസാധ്യമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ആദിവാസികളടക്കം 440-ഓളം തൊഴിലാളികളാണ് ശമ്പളം കിട്ടാതെ പെരുവഴിയിലായിരിക്കുന്നത്. ഇവിടെ നിന്നു ലഭിക്കുന്ന തുച്ഛമായ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് തൊഴിലാളികള്‍ ജീവിക്കുന്നത്. രണ്ടു മാസത്തിലധികമായി ഞങ്ങള്‍ കാത്തിരുന്നു. എന്നിട്ടും ഒരനുകൂല നടപടിയും ഫാം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈയൊരു സന്ദര്‍ഭത്തിലാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരരംഗത്തിറങ്ങിയത്. ഫാം നഷ്ടത്തിലാണെന്നാണ് അധികൃതരുടെ വാദം. എങ്ങനെ ഫാം നഷ്ടത്തിലായി എന്നന്വേഷിക്കണം. അധികൃതരുടെ അനാസ്ഥ തന്നെയാണ് ഫാമിനെ നഷ്ടത്തിലാക്കിയത് എന്നു വ്യക്തമാണ്. എന്നിട്ട് അതിന്റെ ഭാരം തൊഴിലാളികളുടെ ദേഹത്തേക്ക് കെട്ടിവയ്ക്കുന്നത് പ്രതിഷേധകരമായ നിലപാടാണ്. ഫാം ലാഭത്തിലാക്കാന്‍ ഓരോ തൊഴിലാളിയും ആത്മാര്‍ഥമായ സേവനം ചെയ്യുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ സമരത്തിനിറങ്ങിയത്. തൊഴിലാളികള്‍ക്കും ജീവിക്കേണ്ടേ? എന്നിരുന്നാല്‍ കൂടി ഫാമിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താതെയാണ് ആദ്യഘട്ട സമരം. 15 ഓളം തെരഞ്ഞെടുക്കപ്പെട്ട വാളന്റിയര്‍മാര്‍ ഓരോ ദിവസവും സമരമിരിക്കും. ബാക്കിയുള്ളവര്‍ തൊഴിലേര്‍പ്പെടും. ഓണം വരെ ഈ രീതിയില്‍ സമരം തുടരും. എന്നിട്ടും ശമ്പളം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ നിരാഹാര സമരമടക്കമുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങും‘; സി.ഐ.ടി.യു ആറളം ഫാം സെക്രട്ടറി ജനാര്‍ദ്ദനന്‍ അഴിമുഖത്തോട് പറഞ്ഞു.

1970 ലാണ് ആറളം ഫാമിങ് കോര്‍പ്പറേഷന്‍ സ്ഥാപിതമാകുന്നത്. 3500 ഏക്കര്‍ വിസ്തൃതിയില്‍ ആറളം വന്യജീവി സങ്കേതത്തിനോടു ചേര്‍ന്നാണ് ഫാം സ്ഥിതിചെയ്യുന്നത്. ഗുണമേന്മയേറിയതും ഉത്പാദനശേഷി കൂടിയതുമായ കാര്‍ഷികവിളകളും കാര്‍ഷികോത്പന്നങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുക എന്നതാണ് ഫാമിന്റെ ലക്ഷ്യം. പുനഃരധിവസിപ്പിച്ച ആദിവാസികളെ സാമ്പത്തികമായി സാമൂഹികപരമായും ഉയര്‍ത്തികൊണ്ടുവരിക എന്നതും ആറളം ഫാമിന്റെ സ്ഥാപിത ലക്ഷ്യമാണ്. എന്നാല്‍ അതേ ആദിവാസികള്‍ക്കാണ് ഇന്ന് കുടില്‍ക്കെട്ടി സമരത്തിനിറങ്ങേണ്ടി വന്നിരിക്കുന്നത്.

ആറളം ഫാമില്‍ നിന്നു ലഭിക്കുന്ന സാമ്പത്തിക ലാഭത്തില്‍ നിന്നു തന്നെ ഫാമിലെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തണമെന്നാണ് നിയമം. എന്നാല്‍ ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയേ പറ്റൂ. അല്ലെങ്കില്‍ ഫാം പൂട്ടേണ്ടിവരും. അതുകൊണ്ട് എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഫാമിനെ ലാഭത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ഇടപെടലുകള്‍ നടത്തണം. ജില്ലാ കലക്ടറാണ് ആറളം ഫാമില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. എന്നാല്‍ കലക്ടര്‍ ഇതുവരെയായി തൊഴിലാളി പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല എന്നത് നിരാശജനകമാണ്.’; ജനാര്‍ദ്ദനന്‍ പറയുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫാം മാനേജ്‌മെന്റ് തൊഴിലാളി യൂണിയനുകളും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. 440 തൊഴിലാളികള്‍ 24 പേര്‍ ജീവനക്കാരും 271 സ്ഥിരം തൊഴിലാളികളും പ്ലാന്റേഷന്‍ തൊഴിലാളികളുമാണ്. തൊഴിലാളികള്‍ ആരോപിക്കുന്നതുപോലെ ഫാം മാനേജ്‌മെന്റ് ശ്രദ്ധക്കുറവ് മനസിലാകണമെങ്കില്‍ ആറളം ഫാം ഒഫീഷ്യല്‍ വെബ്‌സെറ്റില്‍ കയറി നോക്കിയാല്‍ മതി. ജില്ലാ കലക്ടറാണ് ആറളം ഫാം ചെയര്‍മാന്‍, അതുപ്രകാരം നിലവിലെ കണ്ണൂര്‍ ജില്ലാ കലക്ടറായ മിര്‍ മുഹമ്മദ് അലിയുടെ പേരാണ് വേണ്ടത്. എന്നാല്‍ ഇപ്പോഴും വെബ്‌സെറ്റില്‍ മാസങ്ങള്‍ക്കു മുമ്പേ സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണാണ് ചെയര്‍മാന്‍.

ഫാം ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം, പട്ടിണി സമരവും തൊഴിലാളികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ജീവനക്കാരില്‍ ഭൂരിഭാഗം ആദിവാസികളായതിനാല്‍ പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്നു ഫണ്ട് ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കണമെന്നാണ് മാനേജ്‌മെന്റ് നീക്കം നടത്തുന്നത്. തൊഴിലാളികളുടെ ന്യായമായ ആവശ്യം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടണം. അതിനായി ജനപ്രതിനിധികളും സര്‍ക്കാരും ഇടപെടണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on August 26, 2017 2:38 pm