X

ഇത് കണ്ണൂര്‍ മോഡല്‍; തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കെന്ന് കളക്ടര്‍; ഏറ്റെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

'എന്റെ ഒരു മാസം കേരളത്തിന് ' എന്ന സന്ദേശവുമായി ജീവനക്കാരും അധ്യാപകരുമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായി സഹകരിക്കുകയാണ്.

മഹാപ്രളയം തീർത്ത ദുരിതങ്ങളിലൂടെ കേരളം പുതു ജീവിതത്തിന്റെ പച്ചപ്പ് തേടുമ്പോൾ സഹായത്തിന്റെ കരുത്ത് പകർന്ന് കണ്ണൂർ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരും. ‘എന്റെ ഒരു മാസം കേരളത്തിന് ‘ എന്ന സന്ദേശവുമായി ജീവനക്കാരും അധ്യാപകരുമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായി സഹകരിക്കുകയാണ്.

സംസ്ഥാന തലത്തിൽ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വെക്കാൻ ജീവനക്കാരോട് സർക്കാർ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും കണ്ണൂർ ജില്ലയിൽ ഇത് ഒരു മാസത്തെ ശമ്പളം ആയാലോ എന്ന ആശയം മുന്നോട്ട് വച്ചത് ജില്ലാ കലക്ടർ മീർ മുഹമ്മദലിയാണ്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ജില്ലയിലെ മുഴുവൻ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡോക്ടർമാരുടെയും മറ്റ് ഉദ്യോഗസ്ഥ വിഭാഗങ്ങളുടെയും രണ്ട് വീതം പ്രതിനിധികളെ വിളിച്ച് ചേർത്ത് യോഗവും കളക്ടറുടെ സാന്നിധ്യത്തിൽ നടത്തി. ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.’ ഈ നൂറ്റാണ്ടിനു മുമ്പ് ഉണ്ടായിട്ടില്ലാത്ത ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്..അതിനാൽ നമ്മുടെ സേവനം പൂർണ അർത്ഥത്തിൽ സേവനമാക്കി മാറ്റാൻ താൻ ഒരു മാസത്തെ ശമ്പളം വേണ്ടെന്നു വെക്കുകയാണെന്നു കലക്ടർ യോഗത്തിൽ വച്ചു തന്നെ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, ഫോറസ്റ്റ് കൺസർവേറ്റർ സുനിൽ പാമിഡി , എ ഡി എം ഇ.മുഹമ്മദ് യൂസഫ് തുടങ്ങി ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്ന നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ വച്ചു തന്നെ ആഗസ്റ്റിലെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്നതയുള്ള സമ്മത പത്രം ഒപ്പിട്ട് നൽകി.

ഡി വൈ എസ് പിമാരടക്കമുള്ള പോലീസുകാരും ഒരു മാസത്തെ ശമ്പളം നൽകാമെന്ന സന്നദ്ധത അറിയിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്തെ നൂറ് ജീവനക്കാർ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്നും അറിയിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം മാത്രം ഏകദേശം പത്ത് ലക്ഷത്തിലേറെ രൂപ വരുമെന്ന് എ ഡി എം മുഹമ്മദ് യൂസഫ് പറഞ്ഞു. കൂടുതൽ ജീവനക്കാർ ശമ്പളം സംഭാവന ചെയ്യാൻ സന്നദ്ധരായി മുന്നോട്ട് വരുന്നുണ്ട്. ശമ്പളം ഓൺലൈൻ പ്രോസസ് ആയതിനാലും ഹെഡ്ഡ് ഓഫ് അകൗണ്ട് വ്യത്യസ്തമായതിനാലും കൃത്യമായ കണക്ക് ലഭ്യമായി വരുന്നതെ ഉള്ളൂവെന്നും എ ഡി എം പറഞ്ഞു.

ഇത്ര ദിവസത്തെ ഇത്ര തുക നൽകണമെന്ന് ആരോടും നിർബന്ധിച്ചിട്ടില്ല, ജീവനക്കാർ സ്വയം സന്നദ്ധരാവുകയായിരുന്നു. സർക്കാരിന്റെ പൊതു അഭ്യർത്ഥന പ്രകാരം രണ്ട് ദിവസത്തെ ശമ്പളം നൽകിയവരെ കൂടാതെ അഞ്ച് ദിവസത്തെയും പത്ത് ദിവസത്തെയും ശമ്പളം നല്കിയവരുണ്ട്. മാസത്തെ പകുതി ശമ്പളം നല്കിയവരും നിരവധി. യൂണിയനുകളുടെ യോഗം വിളിച്ചു ചേർത്ത് സംഘടനാ പരമായും ഈ പ്രവർത്തനത്തിൽ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. നിരവധി ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെക്കാൻ സന്നദ്ധരായി സമ്മത പത്രവുമായി സമീപിക്കുന്നുണ്ടെന്നും എ ഡി എം മുഹമ്മദ് യൂസഫ് ‘ അഴിമുഖ’ ത്തോട് പറഞ്ഞു.

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

This post was last modified on August 22, 2018 8:58 am

Related Post
Leave a Comment