X

‘ആചാരലംഘന’മുണ്ടായാൽ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം രേഖാമൂലം നിർദ്ദേശം നൽകി; സുപ്രീംകോടതിവിധി ലംഘിക്കപ്പെട്ടത് കൊട്ടാരത്തിന്റെ കാര്‍മികത്വത്തിൽ?

19-10-2018 എന്ന തിയ്യതി വെച്ചിട്ടുള്ള കത്ത് എഴുതിയിരിക്കുന്നത് സ്രാമ്പിക്കൽ പാലസ്സിലെ പിഎൻ നാരായണ വർമയാണ്.

ശബരിമലയിൽ ഏതെങ്കിലും തരത്തിലുള്ള ആചാരലംഘനമുണ്ടായാൽ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം നിർദ്ദേശം നൽകിയതിന്റെ രേഖ പുറത്ത്. വ്യക്തമായ കോടതിയലക്ഷ്യമാണ് പന്തളം കൊട്ടാരത്തിന്റഎ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. സുപ്രീംകോടതി നീക്കം ചെയ്ത സ്ത്രീപ്രവേശനത്തിനുള്ള വിലക്കും ശബരിമലയിലെ ഒഴിവാക്കാനാകാത്ത ആചാരമായാണ് പന്തളം കൊട്ടാരവും തന്ത്രിമാരും ഇപ്പോഴും കരുതുന്നത്. ഈ ആചാരം നീക്കിയ കോടതിവിധിക്കെതിരായ നീക്കമാണ് പന്തളം കൊട്ടാരത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

ശബരിമലയിൽ ആചാരവിരുദ്ധമായ ഏതെങ്കിലും നടപടികൾ ഉണ്ടായാൽ ക്ഷേത്രം അടിയന്തിരമായി അടച്ച് താന്ത്രികവിധിപ്രകാരം ശുദ്ധി നടത്തി മാത്രമേ പൂജകളും മറ്റ് ചടങ്ങുകളും നടത്താൻ പൂടുള്ളൂ എന്ന് താഴമൺ തന്ത്രി കുടുംബത്തിലെ സീനിയർ തന്ത്രി കൊട്ടാരത്തെ അറിയിച്ചിട്ടുണ്ടെന്നും ആയത് അനുസരിക്കണമെന്നുമാണ് പന്തളത്തു കൊട്ടാരം നിർവ്വാഹകസംഘം നൽകിയ കത്ത് പറയുന്നത്. ശബരിമല എക്സിക്യുട്ടീവ് ഓഫീസർക്കും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കുമാണ് കത്ത് നൽകിയിട്ടുള്ളത്.

19-10-2018 എന്ന തിയ്യതി വെച്ചിട്ടുള്ള കത്ത് എഴുതിയിരിക്കുന്നത് സ്രാമ്പിക്കൽ പാലസ്സിലെ പിഎൻ നാരായണ വർമയാണ്. പന്തളംകൊട്ടാരം നിർവ്വാഹകസംഘം സെക്രട്ടറിയാണ് ഇയാൾ. 19-ഒക്ടോബർ-2018ന് ശബരിമല നടയിൽ ആചാരവിരുദ്ധമായ നടപടികൾ ഉണ്ടാകുമെന്ന റിപ്പോർട്ട് ആണ് കത്തിന്റെ വിഷയത്തിൽ സൂചനയായി വെച്ചിരിക്കുന്നത്.

ഇന്ന് രണ്ട് സ്ത്രീകൾ ശബരിമലയിൽ കയറുകയും സന്നിധാനത്തെത്തും മുമ്പ് തിരിച്ചു പോരേണ്ടി വരികയും ചെയ്തിരുന്നു. സ്ത്രീകൾ സന്നിധാനത്തെത്തിയാൽ നടയടയ്ക്കുമെന്ന് തന്ത്രി ഭീഷണിപ്പെടുത്തിയതോടെയാണ് സ്ത്രീകൾ തിരിച്ചുപോന്നത്.

This post was last modified on October 19, 2018 8:23 pm