X

ആളൂരെത്തിയത് ആരെ രക്ഷിക്കാന്‍? പൊലീസിന്റെ കങ്കാണി പണി നടിയുടെ കേസിലും നടക്കുന്നുണ്ടോ?

ഇനിയിപ്പോള്‍ രണ്ടു ബംഗാളികളെക്കൂടി കിട്ടിയാല്‍ ഗൂഡാലോചന കുറ്റം അവരുടെ തലയില്‍ കെട്ടിവെച്ച് അന്വേഷണം അവസാനിപ്പിക്കാതിരുന്നാല്‍ നന്ന് എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷണം പൊടിപൊടിക്കുകയാണെന്നുവേണം കരുതാന്‍; ചുരുങ്ങിയ പക്ഷം ചാനല്‍ ചര്‍ച്ചകളിലെങ്കിലും അത് അങ്ങനെയായാണ്. പോലീസിലെ ഒരു വിഭാഗവും പൊതുസമൂഹവും ചില ചാനല്‍ സുഹൃത്തുക്കളുമൊക്കെ ഇതിനകം തന്നെ യഥാര്‍ത്ഥ വില്ലനെ കണ്ടെത്തിക്കഴിഞ്ഞു എന്ന മട്ടിലാണ് വൈകുന്നേരങ്ങളിലെ ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നിട്ടും യഥാര്‍ത്ഥ വില്ലന്‍ അല്ലെങ്കില്‍ വില്ലന്‍മാരും വില്ലത്തികള്‍ (ഇനിയിപ്പോള്‍ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍) ഇപ്പോഴും തിരശീലയ്ക്കുപിന്നില്‍ ഒളിച്ചു നില്‍ക്കുകയാണ്. ഇത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ അധികമൊന്നും ബദ്ധപ്പെടേണ്ടതുണ്ടെന്നു തോന്നുന്നില്ല. ‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്ന് പറഞ്ഞതുപോലെ നമ്മുടെ പോലീസ് സേനയ്ക്കുള്ളിലെ ചക്കളത്തില്‍ പോര് കണ്ടാല്‍ അറിയാം സത്യത്തില്‍ എന്താണ് നടക്കുന്നതെന്ന്.

ഇന്ത്യയിലെ ഏറ്റവും മികച്ചതാണ് കേരളത്തിലെ പോലീസ് സേനയെന്നാണ് വയ്പ്പ്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുവരുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കിടിയിലും ഇടയ്ക്കിടെ ഈ വീമ്പു പറച്ചില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്. ഇത്ര മികച്ച സേനയ്ക്ക് ഈ കേസില്‍ മാത്രം എന്തുകൊണ്ട് മികവ് തെളിയിക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യത്തില്‍ തന്നെയുണ്ട് അതിനുള്ള ഉത്തരവും. അതായത് അപ്പാവികളെ പിടിക്കാന്‍ വളരെ എളുപ്പമാണെങ്കിലും വമ്പന്‍ സ്രാവുകളെ കണ്ടെത്തിയാലും പിടികൂടുക ദുഷ്‌കരം തന്നെ. ഈഗോ ക്ലാഷുകളും ചക്കളത്തില്‍ പോരും അധികാര കേന്ദ്രങ്ങളില്‍ നിന്നോ സ്വാധീന കേന്ദ്രങ്ങളില്‍ നിന്നോ ഉള്ള ഇടപെടല്‍ കൂടിയാവുമ്പോള്‍ എത്ര കേമനോ കേമിയോ ആയ പോലീസ് ഉദ്യോഗസ്ഥര്‍ പോലും കുഴങ്ങിപ്പോയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ!

മുകളില്‍ പറഞ്ഞ മൂന്നു കാര്യങ്ങളും ഈ കേസില്‍ ഉണ്ടെന്നു ന്യായമായും സംശയിക്കേണ്ടതായുണ്ട്. ചോദ്യം ചെയ്യലിന് വിധേയനായ ഒരാള്‍ക്ക് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയതായി പറയപ്പെടുന്ന സ്റ്റഡി ക്ലാസ് മുതല്‍ അടുത്തിടെ വിരമിച്ച ഡിജിപി സെന്‍കുമാര്‍ ഈ കേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങള്‍ മാത്രമല്ല അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് എം പി യുടെ നിലപാടുകളും ഭാരവാഹികളായ ഇടത് എംഎല്‍എമാര്‍ മുകേഷും ഗണേഷ്‌കുമാറും ‘അമ്മ’യുടെ യോഗത്തിനു ശേഷം കാണിച്ച തിണ്ണമിടുക്കുമൊക്കെ ഈ സംശയത്തെ ബലപ്പെടുത്താന്‍ പോന്നതാണ്.

ഇത്തരം ഇടപെടലുകള്‍ കേരളം മുന്‍പും കണ്ടതാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാത്രമല്ല ചന്ദ്രബോസ് വധക്കേസിലും സൗമ്യ കേസിലും ജിഷ കേസിലും ജിഷ്ണു കേസിലുമൊക്കെ രാഷ്ട്രീയ ഇടപെടലുകളും പോലീസ് ഇടപെടലുകളും ഒക്കെ നടന്ന നാടാണിത്. മുന്‍പ് സൂര്യനെല്ലി കേസിലും സിസ്റ്റര്‍ അഭയ കേസിലും കിളിരൂര്‍-കവിയൂര്‍ കേസിലും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലും സോളാര്‍ കേസ്സിലും എന്തിനേറെ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലുമൊക്കെ മത, രാഷ്ട്രീയ സ്വാധീന കേന്ദ്രങ്ങളുടെ ഇടപെടലുകളും ചില പോലീസ് ഉദ്യോഗസ്ഥരുടെ നെറികെട്ട കങ്കാണിപ്പണികളുമൊക്കെ നാം കണ്ടതാണ്.

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷണ വിഷയമായ ഘട്ടത്തില്‍ പൊടുന്നനെ പൊട്ടിവീണ ആളൂര്‍ വക്കീലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന മറ്റൊരു കഥാപാത്രം. സൗമ്യ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി മഹാരാഷ്ട്രയില്‍ നിന്നും അവതരിച്ച ഈ മലയാളി വക്കീല്‍ കേസിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ഓടിയെത്തിരിക്കുന്നത് പള്‍സര്‍ സുനിയെ രക്ഷിക്കാനല്ല, ഗൂഡാലോചനക്കാരെ രക്ഷിക്കാനാണെന്ന കാര്യം ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ആളൂരിനെ വെറുതെ കുറ്റം വിധിച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. അയാള്‍ അയാളുടെ ജോലിയാണ് ചെയ്യുന്നത്.

പണവും സ്വാധീനവും ഉള്ളവര്‍ കേസില്‍ നിന്നും എളുപ്പത്തില്‍ ഊരിപ്പോകുന്ന ഒരു സംവിധാനവും ഒരു ഇരട്ട കൊലപാതകത്തിന് മൂക സാക്ഷിയായതിന്റെ പേരില്‍ വര്‍ഷങ്ങളോളം പോലീസ് കസ്റ്റഡിയില്‍ ഒരു പൂവന്‍ കോഴിക്ക് കഴിയേണ്ടി വന്ന നിയമം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് എന്തും സംഭവിക്കാം എന്നതിനാല്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്ത്യം പ്രവചിക്കുക അത്ര എളുപ്പമല്ല . ഇക്കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോ പറഞ്ഞതുപോലെ ഇനിയിപ്പോള്‍ രണ്ടു ബംഗാളികളെക്കൂടി കിട്ടിയാല്‍ ഗൂഡാലോചന കുറ്റം അവരുടെ തലയില്‍ കെട്ടിവെച്ച് അന്വേഷണം അവസാനിപ്പിക്കാതിരുന്നാല്‍ നന്ന് എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on July 8, 2017 5:15 pm