X

‘സ്ത്രീകളെ ശബരിമല കയറ്റാന്‍ കൂട്ടുനില്‍ക്കുന്ന’ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന കോണ്‍ഗ്രസ്, ബിജെപി ആവശ്യം ജനം തള്ളി; തിരൂരില്‍ സീറ്റിനൊപ്പം പോയത് ബ്ലോക് ഭരണവും

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് കൈവിട്ടതോടെയാണ് തിരൂര്‍ ബ്ലോക്ക് ഭരണവും അവര്‍ക്ക് നഷ്ടമായത്

സംസ്ഥാനത്ത് 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ഇടതുപക്ഷ മുന്നണി നേടിയിരിക്കുന്നത്. ശബരിമല വിഷയം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ ശക്തമായ ജനവികാരം ഉണ്ടാക്കുമെന്ന തരത്തില്‍ വിവിധ സര്‍വേകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഇത്തരമൊരു മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരിക്കുന്നതെന്നത് ഇടതുപക്ഷത്തെ കൂടുതല്‍ കരുത്തേറ്റുന്നുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും യുഡിഎഫും ബിജെപിയും പ്രധാന പ്രചാരണ വിഷയമാക്കിയതും ശബരിമല തന്നെയായിരുന്നു. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചിരിക്കുന്നതിന്റെ തെളിവാണ് ഈ വിജയം എന്ന് ഇടതു കേന്ദ്രങ്ങളും വിലയിരുത്തുന്നു.

പുറത്തു വന്നവയില്‍ ഏറ്റവും ശ്രദ്ധേയമായ ഇടതുപക്ഷ വിജയങ്ങളിലൊന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍ ഡിവിഷനിലേതാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ഒ ബാബുരാജ് 268 വോട്ടിന്റെ ഭരിപക്ഷത്തിലാണ് വിജയം നേടിയത്. യുഡിഎഫ് മെംബറുടെ മരണത്തെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിഎം പുരുഷോത്തമനും ബിജെപിയുടെ വി കെ സുഭാഷുമായിരുന്നു സിപിഎമ്മുകാരനായ ബാബുരാജിന്റെ എതിരാളികള്‍. ബാബുരാജ് 4814 വോട്ട്‌ നേടിയപ്പോൾ
പുരുഷോത്തമൻ 4549-ഉം സുഭാഷ് 668 വോട്ടും നേടി.

ഈ വിജയം ഇടതുപക്ഷത്തിന് ഇരട്ടി മധുരം കൂടിയാണ്. ബാബുരാജ് കൂടി എത്തിയതോടെ തിരൂര്‍ ബ്ലോക്ക് ഭരണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്ത. ഏഴു വീതം അംഗങ്ങളായിരുന്നു യുഡിഎഫിനും എല്‍ഡിഎഫിനും ഉണ്ടായിരുന്നത്. ബാബുരാജിന്റെ വിജയത്തോടെ എല്‍ഡിഎഫ് സീറ്റ് നില എട്ടായതോടെയാണ് കോണ്‍ഗ്രസ്-ലീഗ് സഖ്യത്തിന് ബ്ലോക്ക് ഭരണം നഷ്ടമായത്.

ശബരിമല വിഷയം തന്നെയായിരുന്നു യുഡിഎഫ് പുറത്തൂരിലും പ്രധാന ആയുധമാക്കിയിരുന്നത്. വിശ്വാസി സമൂഹത്തെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് വിജയം മാറ്റണമെന്നായിരുന്നു കോണ്‍ഗ്രസ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നത്. വിശ്വാസികളായ അമ്മമാരെ നവോഥാനത്തിന്റെ പേരുപറഞ്ഞ് തെരുവില്‍ മതിലുകെട്ടാന്‍ വിളിക്കുകയും അതേ രാത്രിയില്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റുകയും അതുവഴി മതിലില്‍ അണിചേര്‍ന്ന വിശ്വാസികളായ അമ്മമാരെ വഞ്ചിക്കുകയായിരുന്നു സര്‍ക്കാര്‍ എന്നായിരുന്നു കോണ്‍ഗ്രസ് ഡിവിഷനിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉയര്‍ത്തിയിരുന്ന ആക്ഷേപം. ഒരു സാധാരണ വിശ്വാസിക്ക് മുന്നില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലുകള്‍, ആക്രമണങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, തമ്മില്‍ ഏറ്റുമുട്ടല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തിപരീക്ഷണങ്ങള്‍ എന്നിവ നടത്താനുള്ള ഒരു വേദിയാക്കി ശബരിമലയെ മാറ്റിയ ഭരണക്കാര്‍ക്ക്, ഉപതെരഞ്ഞെടുപ്പ് വിശ്വാസികള്‍ കൊടുക്കുന്ന മുന്നറിയിപ്പ് ആകണം എന്ന ആഹ്വാനം പുറത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്നു സാദിക് പുറത്തൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും നടത്തിയിരുന്നു. യുഡിഎഫിനെ വിജയിപ്പിച്ച് അഹങ്കാരികളായ ഭരണകര്‍ത്താക്കള്‍ക്ക് വിശ്വാസികളുടെ ശക്തി എന്താണന്നു മനസിലാക്കിക്കൂ എന്നും മതങ്ങളെ തകര്‍ത്ത് നിരീശ്വരവാദത്തെ വളര്‍ത്തി കേരളത്തിന്റെ പൈതൃകങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ശബരിമല പ്രതിസന്ധിയും വിശ്വാസ പ്രശ്‌നങ്ങളും തന്നെയായിരുന്നു ഇടതുസ്ഥാനാര്‍ത്ഥിക്കെതിരേ നിരത്തിയ ആക്ഷേപങ്ങള്‍. ശബരിമല കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയതോടെ ഹൈന്ദവ വിഭാഗമാകെ ഭയവിഹല്വരാണെന്നും ഇതേ സാഹചര്യം തന്നെ മുന്നില്‍ കാണുന്ന മുസ്ലിം വിഭാഗവും ഭയപ്പാടിലാണെന്നും അടുത്തത് അങ്ങോട്ടാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി സി പുരുഷോത്തമന്‍ പ്രചാരണ പരിപാടികളില്‍ പരസ്യമായി ആരോപണം ഉയര്‍ത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയുടെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് ചട്ടത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് ഇടതു നേതാക്കള്‍ വരണാധികാരിക്ക് പരാതിയും നല്‍കിയിരുന്നു.

Also Read: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് അട്ടിമറി ജയം

എന്നാല്‍ കോണ്‍ഗ്രസും ലിഗും ഉള്‍പ്പെടെ നടത്തിയ പ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും തിരൂര്‍ ബ്ലോക്ക് ഭരണം എല്‍ഡിഎഫിനെ ഏല്‍പ്പിക്കുന്ന തരത്തില്‍ വിധിയെഴുതിയ ജനങ്ങള്‍ തങ്ങളുടെ പിന്തുണ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് ഉറപ്പിക്കുകയാണെന്നും ഇടതു നേതാക്കള്‍ പറയുന്നു. മന്ത്രി കെ ടി ജലീല്‍ പ്രതിനിധീകരിക്കുന്ന തിരൂര്‍ നിയമസഭ മണ്ഡലത്തില്‍പ്പെട്ടതാണ് പുറത്തൂര്‍. ഇവിടെ ലീഗിന് വ്യക്തമായ സ്വാധീനമുള്ളതാണ്. എന്നാല്‍ അതിനെ മറികടന്ന് ഇടതുപക്ഷം നേടിയിരിക്കുന്ന വിജയം പുറത്തൂര്‍ കൂടി ഉള്‍പ്പെടുന്ന പൊന്നാനി ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്നത് മുസ്ലിം ലീഗിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

This post was last modified on February 15, 2019 1:38 pm