X

പുരുഷന്റെ അടിമയായി കഴിയുന്ന ഭാര്യാസ്ത്രീകളും കാണണമിത്; രണ്ടാം കേരള നവോത്ഥാനത്തിന്റെ മണ്ണ് സജ്ജമായിരിക്കുന്നു: കന്യാസ്ത്രീകൾക്ക് അഭിവാദ്യമർപ്പിച്ച് ശാരദക്കുട്ടി

സേവ് അവർ സിസ്റ്റേഴ്സ് ഫോറത്തിന്റെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായുള്ള കൺവെന്‍ഷനിൽ പങ്കെടുത്ത് എസ് ശാരദക്കുട്ടി സംസാരിക്കുന്നു:

നിങ്ങൾ വായിച്ച വേദപാഠത്തിന്റെ നിങ്ങൾ പഠിച്ചിട്ടുള്ള ക്രിസ്തുമതത്തിന്റെ സത്യമായിരുന്നു നിങ്ങളുടെ മുഖത്തെ വീര്യം. ആ ആത്മവീര്യം ഞങ്ങൾ മനസ്സിലാക്കി. കേരളത്തിന്റെ നാനാഭാഗത്തു നിന്നും കേരളത്തിനു പുറത്തുനിന്നും ധാരാളം പേർ വന്നു. ഞാനൊക്കെ മഠത്തിൽ സന്യാസിസമൂഹം പഠിപ്പിച്ച വിദ്യാർത്ഥിയാണ്. മഠങ്ങളെക്കുറിച്ച് വളരെ നിഗൂഢമായ ഒരുപാട് കഥകളും രഹസ്യങ്ങളുമുള്ള ഇടങ്ങളാണെന്നും അതിനകത്ത് നടക്കുന്നതൊന്നും ആർക്കുമറിയില്ല എന്നുമൊക്കെയാണ് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത്. പയസ് ടെൻത് കോൺവെന്റിന്റെ വാതിൽക്കലൂടെയൊക്കെ പഠിക്കാൻ പോയ്ക്കൊണ്ടിരുന്നപ്പോൾ അവിടെയാണ് സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തത് അല്ലെങ്കിൽ ആത്മഹത്യയെന്ന് വരുത്തിത്തീർത്ത ഒരു മരണം സംഭവിച്ചത് എന്നതൊക്കെ നിഗൂഢതകൾ വളർത്തി. ഞാനൊക്കെ പഠിച്ച കോളജിലാണ് സിസ്റ്റർ അഭയ പഠിച്ചിരുന്നത്. ഇന്നും എത്രയോ ശ്രമങ്ങളുണ്ടായിട്ടും ശിക്ഷിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് കുറ്റകൃത്യങ്ങൾക്ക് എല്ലാമുള്ള മറുചോദ്യമാണ് ഈ നാല് കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടായത്.

സഭയ്ക്കു പുറത്തേക്ക് നാല് കന്യാസ്ത്രീകൾ ഇറങ്ങുന്നു എന്ന് പറയുന്നത് ചരിത്രത്തിലാദ്യത്തെ സംഭവമാണ്. അത് കേരളീയ സമൂഹത്തിന് പകര്‍ന്നു തന്ന ഊർജം എന്നു പറയുന്നത്, ഞാൻ പറയുന്നത് ഏതു മതവും നവീകരിക്കപ്പെടണമെങ്കിൽ അതിനകത്തു നിന്നുണ്ടാകുന്ന വിപ്ലവം കൊണ്ടേ സാധിക്കുകയുള്ളൂ. കേരള സർക്കാരോ കേരളത്തിലുള്ള ഫെമിനിസ്റ്റുകളോ കേരളത്തിലെ സാമൂഹ്യപ്രവർത്തകരോ ഒന്നും വിചാരിച്ചാൽ കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന അനീതിക്ക് അവസാനമുണ്ടാകില്ല. പോപ്പ് വരെ യാതൊരു മടിയും മറയുമില്ലാതെ വളരെ കൃത്യമായി ലൈംഗിക അടിമകളാണ് കന്യാസ്ത്രീ മഠങ്ങളിലുള്ളത് എന്ന് പറയുന്ന സാഹചര്യത്തിൽ ഇതിനകത്തു നിന്നൊരു പൊട്ടിത്തെറി ഉണ്ടായില്ലെങ്കിൽ പുറത്തു നിന്ന് എത്ര നവീകരണശ്രമങ്ങളുണ്ടായാലും അത് സഫലമാകില്ല.

സഭയുടെ നവീകരണത്തിനായുള്ള ആ പൊട്ടിത്തറി കേരളത്തിൽ നിന്നാണുണ്ടായത്, കേരളത്തിലെ മഠങ്ങളില്‍ നിന്നാണുണ്ടായത്, നാല് സ്ത്രീകളിൽ നിന്നാണുണ്ടായത് എന്നത് കേരളത്തിലെ ഒരു സ്ത്രീയെന്ന നിലയിൽ എത്രമാത്രം പ്രത്യാശാഭരിതമാണെന്ന് പറയാനില്ല. തീർച്ചയായും സമൂഹം അതിനു നൽകിയ പിന്തുണയും വളരെ വലുതായിരുന്നു. കേരളത്തിലെ സമൂഹവും മാധ്യങ്ങളും കൂടെ നിന്നതിന്റെ അർത്ഥം നിങ്ങൾ പുറത്തിറങ്ങിയാൽ നിങ്ങളുടെ സത്യത്തിനൊപ്പം എല്ലാ വിധ പിന്തുണയോടെയും പുറത്ത് ഞങ്ങളുണ്ട് എന്നായിരുന്നു. എറണാകുളത്തെ ആ ദിവസങ്ങളിലെ തിരക്ക് നമ്മളെല്ലാവരും കണ്ടതാണ്. മാധ്യമങ്ങൾ മുഴുവൻ ഈ കന്യാസ്ത്രീകളുടെ വാക്കുകൾക്കു വേണ്ടി കാതോർക്കുകയായിരുന്നു. ഇന്നും ഇവിടെ വന്നിരിക്കുന്ന മാധ്യമങ്ങൾ കന്യാസ്ത്രീകൾക്ക് കേരളത്തിലെ ജനങ്ങൾ നല്കുന്ന പിന്തുണ ഇവർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു.

ഈ ബലം ചെറിയൊരു ബലമല്ല. കേരളം നേടിയ വളർച്ചയുടെ ഒരു സൂചകമാണിത്. ചിന്താവിഷ്ടയായ സീത എന്ന കുമാരനാശാന്റെ കാവ്യത്തിന്റെ നൂറാം വർഷമാണിത്. ഒരു സ്ത്രീ താനനുഭവിച്ച പീഡനങ്ങൾ വിളിച്ചുപറയാൻ തുടങ്ങേണ്ടത് എപ്പോഴാണ്? നിങ്ങളെന്തുകൊണ്ട് അന്നത് പറഞ്ഞില്ല, എന്തുകൊണ്ട് ഇപ്പോളത് പറയുന്നു എന്നു തുടങ്ങിയ ചോദ്യങ്ങൾ എപ്പോഴും ഉയരും. തനിക്ക് സത്യങ്ങൾ വിളിച്ചുപറയാൻ ഉചിതമായ സാഹചര്യം കാത്തിരിക്കുകയായിരുന്നു ഇവർ. ഇതിനുള്ള സാഹചര്യം കേരളത്തിൽ സജ്ജമായിരിക്കുന്നു. രണ്ടാം നവോത്ഥാനത്തിന്റെ മണ്ണ് കേരളത്തിൽ സജ്ജമായിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇവർക്ക് വഞ്ചി സ്ക്വയറിൽ വന്നിരിക്കാൻ കഴിഞ്ഞത്.

മഠത്തിന്റെ അടഞ്ഞുകിടന്ന ജനാലകൾ തുറക്കുന്നു. മഠങ്ങളിലേക്ക് കാറ്റും വെളിച്ചവും കയറുന്നു. മഠത്തിന്റെ വാതിലുകൾ തുറന്ന് കന്യാസ്ത്രീകൾ പുറത്തേക്ക് ഇറങ്ങുന്നു. ഇവിടെയിതാ ഞങ്ങൾ ഇങ്ങനെയൊക്കെയാണ് അനുഭവിക്കുന്നത്. കുലസ്ത്രീകൾ എന്ന് നമ്മൾ ഉദ്ധരണിയിട്ട് പറയുന്ന ആ സ്ത്രീകൾ കാണണമിത്. വീടുകൾക്കുള്ളിൽ പുരുഷാധികാര പീഡനങ്ങൾക്കിരയായി കഴിയുന്ന ഭാര്യാസ്ത്രീകളും കാണണമിത്. കന്യാസ്ത്രീകൾ മാത്രമല്ല, ഭാര്യാസ്ത്രീകളും ഇതുപോലെയാണ്. ഏറ്റവും പുരാതനമായ ആദിമമതമെന്ന് പറയുന്നത് ആൺകോയ്മാ മതമാണ്. ആ ആൺകോയ്മാ മതം എല്ലായിടവും അതിന്റെ ആധികാരികത ഇങ്ങനെ ഉറപ്പിച്ചുറപ്പിച്ച് നിൽക്കുകയാണ്. മതാധികാര ശക്തികൾ, വീട്ടിലെ ശക്തികൾ, പുരുഷാധികാര ശക്തികൾ തുടങ്ങി എല്ലായിടത്തും ആൺകോയ്മാ മതം അധികാരം സ്ഥാപിച്ചിരിക്കുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും യഹൂദമതവും തുടങ്ങി എല്ലാ മതങ്ങളും ഈ ആൺകോയ്മാ മതത്തിന്റെ അവാന്തരഭേദങ്ങളാണ്. ഇവിടെയിരുന്ന് കൈയടിക്കുന്ന പുരുഷന്മാരും തങ്ങളുടെയുള്ളിൽ പുരുഷത്വം എന്ന തത്വത്തെ നുള്ളിക്കളയണം. ആ പുരുഷത്വം എന്ന തത്വമാണ് ഞങ്ങൾ ആരുടെയൊക്കെയോ അധികാരികളാണ് എന്ന് തോന്നിപ്പിക്കുന്നത്. ആണിന്റെയും പെണ്ണിന്റെയും ഉള്ളിൽ നിന്ന് അത് നുള്ളിക്കളയണം. അതിന് ഈ കന്യാസ്ത്രീകള്‍ക്ക് സാധിച്ചു എന്നുള്ളതാണ്. എന്തുകൊണ്ട് മിണ്ടാതിരുന്നു എന്നതല്ല, മിണ്ടി എന്നതാണ് പ്രധാനം. ഇവർ പറഞ്ഞു, ഞങ്ങൾ പീഡനമനുഭവിക്കുകയാണ്. ഞങ്ങൾക്കാരെയും പേടിയില്ല എന്ന് പറഞ്ഞു. ഒരു സ്ത്രീ ആരെയും പേടിയില്ല എന്ന് വിളിച്ചു പറയുന്നത് സ്വന്തം സത്യത്തിന്റെ ബലത്തിലാണ്. സിസ്റ്റർ അനുപമ പലതവണ ചാനലുകളിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഞാനത് ശ്രദ്ധിച്ചു. ഞാനീ കാണിക്കുന്ന ആവേശമൊന്നും സിസ്റ്റർ അനുപമക്കില്ലായിരുന്നു. എത്ര സ്വച്ഛശാന്തമായിരുന്നു. അങ്ങ് കടലിന്റെ അടിത്തട്ടിലുള്ളതു പോലുള്ള ഒരു പ്രശാന്തതയായിരുന്നു സിസ്റ്റർ അനുപമയുടെ മുഖത്ത്. ആ പ്രശാന്തത വരുന്നത് സ്വന്തം സത്യത്തിലുള്ള വിശ്വാസത്തിൽ നിന്നാണ്. സ്വന്തം ആത്മീയതയിലുള്ള വിശ്വാസം കൊണ്ടാണ്. സ്ത്രൈണ ആത്മീയത എന്ന് പറയുന്നത് അതുതന്നെയാണ്. ഉള്ളിൽ ചിന്തയാം മണിമന്ദിരത്തിലാണ് ആ ദൈവം കുടി കൊള്ളുന്നത്. അത് പള്ളിയിലെ കോൺക്രീറ്റ് ക്രിസ്തുവല്ല. കോൺക്രീറ്റ് ക്രിസ്തുവിനെ പൊളിച്ചുകളഞ്ഞ് സ്വന്തം ഇച്ഛാശക്തിയുടെ ഉളിമുനകൊണ്ട് കൊത്തിയെടുത്ത ഒരു പുതിയ ക്രിസ്തു ഇവരുടെ ഉള്ളിലുണ്ട്. അത് സഭ വിശ്വസിക്കുന്ന കോൺക്രീറ്റ് ക്രിസ്തുവല്ല. ആ ക്രിസ്തു പകർന്നു കൊടുക്കുന്ന ശക്തിയാണ് ഇവരിലുള്ളത്.

ഈ സ്ത്രൈണ ആത്മീയതയുടെ ശക്തി ഒരു പുരുഷന് മനസ്സിലാകണമെങ്കിൽ ക്രിസ്തുവിനെപ്പോലെ സ്ത്രീയെ സ്നേഹിക്കുന്ന, സ്ത്രീയെ ബഹുമാനിക്കുന്ന സ്ത്രീയെ ചേർത്തുപിടിക്കാൻ ചങ്കൂറ്റമുള്ള ഒരു മനസ്സ് കേരളീയമനസ്സിന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. വട്ടോളിയച്ചനെക്കുറിച്ച് ഞാനിത് ഒരിക്കൽ പറഞ്ഞു. നിങ്ങളുടെ ഒക്കെയുള്ളിലുള്ള പുരുഷത്വം എന്ന ആ തത്വത്തെ നുള്ളിക്കളയുക. ആൺകോയ്മാ മതത്തെ ഇല്ലായ്മ ചെയ്താലല്ലാതെ ഇവിടെയൊരു സ്ത്രീവിമോചനത്തെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.

ഞാൻ വളരെ വലിയ ആവേശത്തിലാണ്. ഞാൻ വളരെയധികം അഭിമാനിക്കുന്നു. നിങ്ങൾ ചൂണ്ടുന്ന ആ ചൂണ്ടുവിരൽ കേരളത്തിലെ സന്യാസിനി സമൂഹത്തിനു മാത്രമല്ല, കേരളത്തിലെ മുന്നോട്ടു വരുന്ന എല്ലാ പെൺകുട്ടികൾക്കും മാതൃകയായിരിക്കും. നിങ്ങളൊരു ദീപമായിരിക്കും. കേരളത്തിലെ ഏതൊരു ഫെമിനിസ്റ്റ് പ്രസ്ഥാനം നടത്തിയതിനെക്കാൾ വലിയ പ്രസ്ഥാനമാണ് നിങ്ങളുടേതെന്ന് ഞാൻ പറയും. ഈ കന്യാസ്ത്രീകൾ പുറത്തേക്ക് വന്ന് സഭയ്ക്കുള്ളിനെ അശ്ലീലങ്ങൾ, സഭയ്ക്കുള്ളിലെ ആഭാസങ്ങൾ, സഭയ്ക്കുള്ളിലെ ആൺകോയ്മയുടെ അധികാര തന്ത്രങ്ങൾ എല്ലാ പുറത്തു വിളിച്ചു പറഞ്ഞപ്പോൾ അകത്തു നിന്നും പുറത്തേക്കാണ് കാറ്റും വെളിച്ചവും കടക്കാനുള്ള പ്രവർത്തനമുണ്ടാകേണ്ടത് എന്ന് തെളിയുകയായിരുന്നു. അതിന് മുന്നൊരുക്കം നടത്തിയവരെന്ന നിലയിൽ കേരളചരിത്രം രേഖപ്പെടുത്തുന്ന പേരുകളായിരിക്കും നിങ്ങളുടേത്.