X

ഈ പ്രശ്നത്തിന്റെ വേരുകൾ കുറെക്കൂടി ആഴമുള്ളതാണ്, അത് യൂണിവേഴ്സിറ്റി കോളജിൽ പൊടുന്നനെ തുടങ്ങിയതല്ല: സുനിൽ പി ഇളയിടം

ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാൻ മറ്റാരേക്കാളും ഇടതുപക്ഷത്തിന് ബാധ്യതയുണ്ട് !!

യൂണിവേഴ്സിറ്റി കോളേജിലെ യുണിറ്റ് പിരിച്ചുവിടാനും അവിടെ അരങ്ങേറിയ സംഘർഷത്തിന്റെ പേരിൽ കേരളീയ സമൂഹത്തോട് മാപ്പു പറയാനും എസ്എഫ്ഐ. നേതൃത്വം തയ്യാറായത് നന്നായി. വഷളായ ന്യായീകരണങ്ങൾക്ക് മുതിരാതെ ആത്മവിമർശനപരമായി സംഘടന ഇക്കാര്യത്തെ സമീപിച്ചത് പഴയ ഒരു എസ്എഫ്ഐ. പ്രവർത്തകൻ എന്ന നിലയിൽ സന്തോഷകരമായി തോന്നിയ കാര്യമാണ്.

എസ്എഫ്ഐ നേതൃത്വം അതിൽ അഭിനന്ദനമർഹിക്കുന്നു.

എന്നാൽ, ഈ പ്രശ്നത്തിന്റെ വേരുകൾ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്സിറ്റി കോളേജിൽ പൊടുന്നനെ തുടങ്ങിയതല്ല; അവിടെ മാത്രമായി ഉള്ളതല്ല; അവിടത്തെ നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല. ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്സിറ്റി കോളേജിൽ കണ്ടത്. ഇടതുപക്ഷമോവിദ്യാർത്ഥി പ്രസ്ഥാനമോ അപ്പാടെ അങ്ങനെയായി എന്നല്ല.

പക്ഷേ, രാഷ്ട്രീയ ബോധ്യങ്ങൾക്കു പകരം സംഘടനാമുഷ്കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും പ്രധാനമാവുന്ന സ്ഥിതിവിശേഷം ഇടതുപക്ഷ സംഘടനാജീവിതത്തിൽ പലയിടത്തും പ്രബലമാണ്.ഇതിന്റെയും വേരുകൾ അവിടെയാണ് ; യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല.

എസ്എഫ്ഐ. യുടെ സംസ്ഥാന അധ്യക്ഷപദവും എംപി സ്ഥാനവും ഒക്കെ കയ്യാളിയ ഒരാൾ ആദ്യം കോൺഗ്രസ്സ് നേതാവും പിന്നാലെ ബിജെപി നേതാവുമൊക്കെയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതങ്ങനെയാണ്. നിശ്ചയമായും അയാൾ ഒരാളല്ല. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ പലരും അയാളിലുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ “നേതാക്കൾ” ഉൾപ്പെടെ.

അയാൾ എങ്ങനെ ബിജെപിയിലെത്തി എന്നല്ല, അങ്ങിനെയൊരാൾ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടത്. അപ്പോഴേ ഇടതുപക്ഷ സംഘടനാരാഷ്ടീയം പലയിടത്തും നേരിടുന്ന പ്രതിസന്ധി തിരിച്ചറിയാൻ കഴിയൂ. മറികടക്കാനും.

സംവാദസന്നദ്ധത, പുതിയ ആശയ-വൈജ്ഞാനിക ലോകങ്ങളുമായി വിനിമയത്തിനുള്ള ശേഷി, ആണൂറ്റത്തിന്റെ അശ്ലീലം കലർന്ന ശരീരഭാഷയെയും സംഘടനാരൂപങ്ങളെയും മറികടക്കുന്ന രാഷ്ട്രീയം, ജനാധിപത്യവിവേകം എന്നിവയ്ക്കായി ബോധപൂർവം പണിപ്പെടുന്നതിലൂടെ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ മൗലികപ്രശ്നം പരിഹരിക്കാനാവൂ. അല്ലെങ്കിൽ ഇടതുപക്ഷത്തെ ദുർബലപ്പെട്ടുത്തുന്ന വിധത്തിൽ, മുഷ്കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും അരങ്ങുവാഴുന്ന രാഷ്ട്രീയ അവിവേകത്തിന്റെ പരമ്പരയിലെ പുതിയൊരു സന്ദർഭം മാത്രമായി ഇതും അവസാനിക്കും.

ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാൻ മറ്റാരേക്കാളും ഇടതുപക്ഷത്തിന് ബാധ്യതയുണ്ട് !!

*സുനിൽ പി ഇളയിടം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

സുനില്‍ പി ഇളയിടം

ചിന്തകന്‍, എഴുത്തുകാരന്‍, അദ്ധ്യാപകന്‍, പ്രഭാഷകന്‍

More Posts

This post was last modified on July 14, 2019 4:20 pm