X

യതീഷ് ചന്ദ്രയ്ക്കു നേരെ കുറുവടി പ്രയോഗിക്കുമെന്ന ഭീഷണി; ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തു

അതേസമയം, എസ്പി ജി.എച്ച്.യതീഷ് ചന്ദ്ര ചൊവ്വാഴ്ച രാത്രി സന്നിധാനത്തു ദർശനം നടത്തി.

തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയ്ക്കെതിരെ ഭീഷണിപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ്സെടുത്തു. യതീഷ് ചന്ദ്രയുടെ ബൂട്ടിട്ട കാലുകൾ പൊങ്ങും മുമ്പ് തങ്ങളുടെ പ്രവർത്തകരുടെ പക്കലുള്ള ദണ്ഡ (കുറുവടി) കാര്യങ്ങൾ നിർവ്വഹിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഈ പ്രസംഗം കഴിഞ്ഞദിവസം വിവാദമാകുകയും ചെയ്തിരുന്നു.

ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലായിരുന്നു പ്രകോപന പ്രസംഗങ്ങൾക്ക് പ്രസിദ്ധിയുള്ള ശോഭാ സുരേന്ദ്രന്റെ ഈ പ്രസ്താവന.

പൊലീസിന് ലാത്തിയുണ്ടെങ്കിൽ തങ്ങളുടെ പക്കൽ ‘ദണ്ഡ’ ഉണ്ടെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. അയ്യപ്പഭക്തരെ ഭേദ്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് കർപ്പൂരാഴിയിൽ ചാടിയാലും അയ്യപ്പശാപത്തിൽ നിന്നും മോചനമില്ല. പൂങ്കാവനത്തിലേക്ക് ബൂട്ടിട്ട പൊലീസിനെ അയച്ച പിണറായിക്ക് അയ്യപ്പശാപം ഏറ്റു കഴിഞ്ഞതായും ശോഭാ സുരേന്ദ്രൻ അറിയിച്ചു. അഭിനവ ഹിരണ്യകശിപുവായ പിണറായിയെ ജനം തെരുവിൽ കുറ്റവിചാരണ ചെയ്യുമെന്നും അവർ പറഞ്ഞു.

അതേസമയം, എസ്പി ജി.എച്ച്.യതീഷ് ചന്ദ്ര ചൊവ്വാഴ്ച രാത്രി സന്നിധാനത്തു ദർശനം നടത്തി. നവംബർ 30ന് യതീഷ് ചന്ദ്രയുടെ ഡ്യൂട്ടി അവസാനിക്കും.