X

അറസ്റ്റിന് പിന്നാലെ ആത്മഹത്യാശ്രമവും ചുമത്തി പോലീസ്; കള്ളക്കളിയെന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ്

ഒരാള്‍ എച്ച് ഐ വി ബാധിതയെന്നും പ്രചരണം; പൊലീസിന്റേത് നിയമലംഘനം

കസ്റ്റഡിയിലിരിക്കെ ട്രാന്‍സ്ജന്‍ഡര്‍മാരിലൊരാള്‍ ആത്മഹത്യാശ്രമം നടത്തിയെന്ന് പോലീസ്. ഇന്നലെ രാത്രി എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത നാല് പേരില്‍ ഒരാളായ സായ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പോലീസ് വാദം. എന്നാല്‍ സായയുടെ കയ്യിലുള്ളത് പോറല്‍ മാത്രമാണെന്നും ആത്മഹത്യാ ശ്രമത്തിന്റെ ഭാഗമായല്ല കയ്യില്‍ പോറലുണ്ടായതെന്നും സായയെ സന്ദര്‍ശിച്ച മറ്റ് ട്രാന്‍സ്ജന്‍ഡേഴ്‌സ് പറയുന്നു. സായയുടെ മേല്‍ ആത്മഹത്യാശ്രമത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് പോലീസിന്റെ കള്ളക്കളിയാണെന്നും അറസ്റ്റിലായവരില്‍ കൂടുതല്‍ ചാര്‍ജുകള്‍ വച്ചുകെട്ടാനുള്ള പോലീസിന്റെ ശ്രമമാണിതെന്നും ട്രാന്‍സ്ജന്‍ഡറായ ശീതള്‍ ശ്യാം പറഞ്ഞു. അന്യായമായാണ് പോലീസ് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ അറസ്റ്റ് ചെയ്തതെന്നും ശീതള്‍ അഴിമുഖത്തോട് പറഞ്ഞു.

‘അവരെ കോടതിയില്‍ ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. എന്നാല്‍ പോലീസ് ആരോപിക്കുന്ന കുറ്റം ഇവര്‍ അറസ്റ്റ് ചെയ്ത ട്രാന്‍സ്ജന്‍ഡേഴ്‌സ് അല്ല ചെയ്തിരിക്കുന്നത്. ആയുധം കൈവശം വച്ചത് ലോഡ്ജ് നടത്തിപ്പുകാരാണ്. നാല് ട്രാന്‍സ്ജന്‍ഡേഴ്‌സും അവിടെ താമസിക്കുന്നവരായിരുന്നു. എന്നാല്‍ പോലീസിന് മുന്‍വൈരാഗ്യം ഉള്ളതുകൊണ്ട് എല്ലാവരേയും ഒരുമിച്ചാണ് കേസില്‍ പെടുത്തിയിരിക്കുന്നത്. ഇത് പോലീസിന്റെ ആസൂത്രിത ശ്രമമാണെന്ന് ഞങ്ങള്‍ക്കറിയാം. കാരണം അവിടെ ആ സമയത്ത് ഇല്ലാതിരുന്നയാളെ വരെ അവര്‍ അറസ്റ്റ് ചെയ്ത് കേസില്‍ പെടുത്തിയിട്ടുണ്ട്. മറ്റൊന്ന് ഒരു ട്രാന്‍സ്ജന്‍ഡറിന്റെ സഹോദരിയേയും അവര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് തന്നെ ട്രാന്‍സ്‌ഫോബിക് ആയ പോലീസിന്റെ നടപടിയാണിത്. സിഐ അനന്തലാല്‍ തന്നെയാണ് ഇതിന്റെ പിന്നില്‍. മാത്രമല്ല കോഴിക്കോട് നടന്ന സംഭവം മറയ്ക്കാനായിട്ടാണോ ഇതെന്നും സംശയമുണ്ട്. കോഴിക്കോട് സംഭവത്തില്‍ പോലീസിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ ഇവിടുത്തെ സംഭവത്തെ മറയാക്കാനാണോ ഉദ്ദേശമെന്നാണ് സംശയിക്കുന്നത്. സായയെ ഞങ്ങള്‍ നേരിട്ട് കണ്ടിരുന്നു. അവള്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. സായ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സായയെ രാവിലെ കണ്ടപ്പോഴും അവള്‍ക്ക് ഇതേക്കുറിച്ച് ഒന്നും അറിവില്ലായിരുന്നു. അവള്‍ അങ്ങനെയൊരു കാര്യം ആരോടും പറഞ്ഞിട്ടുമില്ല, അവള്‍ അറിഞ്ഞിട്ടുമില്ല എന്നും പോലീസ് കെട്ടിച്ചമച്ചതാണോ എന്ന് അറിയില്ലെന്നുമാണ് സായ ഞങ്ങളോട് പറഞ്ഞത്.’

പുല്ലേപ്പടിയിലെ ഐശ്വര്യ ലോഡ്ജില്‍ നിന്നാണ് പോലീസ് ഇന്നലെ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നവരെന്ന് പറഞ്ഞ് 15 പേരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നാല് പേര്‍ ട്രാന്‍സ്ജന്‍ഡേഴ്‌സും ഒരാള്‍ ട്രാന്‍സ്ജന്‍ഡറായ കാവ്യയുടെ സഹോദരി അഞ്ജുവുമായിരുന്നു. കാവ്യ, സായ, അഥീന, ദയ എന്നീ ട്രാന്‍സ്ജന്‍ഡേഴ്‌സാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നവരെ പോലീസ് റെയ്ഡില്‍ പിടികൂടി എന്ന തരത്തില്‍ അറസ്റ്റ് നടന്ന് മണിക്കൂറുകള്‍ക്കകം പോലീസ് പത്രക്കുറിപ്പിറക്കുകയും മാധ്യമങ്ങളില്‍ അത്തരത്തില്‍ തന്നെ വാര്‍ത്ത വരികയും ചെയ്തിരുന്നു. എന്നാല്‍ കാലങ്ങളായി ഈ ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് ട്രാന്‍സ്ജന്‍ഡേഴ്‌സ് എന്ന് അറിയാമായിരുന്നിട്ടുകൂടി ഇവരെ കരുതിക്കൂട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് മറ്റ് ട്രാന്‍സ്ജന്‍ഡേഴ്‌സ് ആരോപിക്കുന്നത്. ഇതിനിടെ അറസ്റ്റിലായവരില്‍ ഒരാള്‍ എച്ചഐവി പോസിറ്റീവ് ആണെന്ന് പോലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവഴി പോലീസ് നിയമലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ശീതള്‍ ശ്യാം ആരോപിച്ചു.

ഒരു ട്രാന്‍സ്ജന്‍ഡര്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് പോലീസ് പറഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ തന്നെ പല മാധ്യമങ്ങളിലും ആ വാര്‍ത്ത വരികയും ചെയ്തു. ഒരാള്‍ എച്ച്‌ഐവി പോസിറ്റീവ് ആണെങ്കില്‍ പോലും അവരുടെ ഐഡന്റിറ്റി പുറത്തുവിടരുതെന്ന് ഐക്യരാഷ്ട്ര സഭ പോലും നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. എച്ച്‌ഐവി പോസിറ്റീവ് ആണോ എന്ന് തിട്ടപ്പെടുത്താനും അത് പരസ്യപ്പെടുത്താനും പോലീസിന് ഒരു അധികാരവുമില്ല. സെക്‌സ് വര്‍ക്കറായ ആളാണ് അതുകൊണ്ടാണ് ഞങ്ങള്‍ ആ വിവരം പുറത്തുവിട്ടതെന്നാണ് സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ പറയുന്നത്. ഒരാളുടെ ഏറ്റവും വലിയ സ്വകാര്യതയാണത്. സ്വകാര്യതയെ ഹനിക്കുന്ന നടപടിയാണ് പോലീസ് ചെയ്തിരിക്കുന്നത്.’

ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ആത്മഹത്യാശ്രമത്തെക്കുറിച്ച് പൊലീസ് പറഞ്ഞപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ അഭിഭാഷക സന്ധ്യ രാജു പറഞ്ഞു.‘ ജാമ്യം ലഭിക്കുമോ ഇല്ലയോ എന്നറിയില്ല. എന്നാല്‍ അതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ആത്മഹത്യാ ശ്രമത്തിന് പൊലീസ് സായക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. എന്നാല്‍ രാവിലെ സായയെ കണ്ടപ്പോഴോ ഒന്നും അക്കാര്യങ്ങളൊന്നും പോലീസ് ഞങ്ങളെ അറിയിച്ചിരുന്നില്ല. പിന്നീട് പോലീസ് കേസ് ചാര്‍ജ് ചെയ്തപ്പോഴാണ് അതറിയുന്നത്. പോലീസ് കെട്ടിച്ചമച്ച കേസ് ആവാനാണ് സാധ്യത. ആയുധം കൈവശം വച്ച കേസില്‍ ട്രന്‍സ്ജന്‍ഡേഴ്‌സിനെ പെടുത്തില്ല എന്ന രീതിയിലും പോലീസ് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല.’

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on January 6, 2018 7:18 pm