X

കാണിക്ക ഇടരുതെന്ന പ്രചരണം വരുമാനത്തെ ബാധിച്ചു; സര്‍ക്കാരില്‍ നിന്ന് 250 കോടിയുടെ സഹായം തേടാന്‍ ദേവസ്വം ബോര്‍ഡ്

ബജറ്റിന് മുമ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ബോര്‍ഡ് തീരുമാനം.

കാണിക്ക ഇടരുതെന്ന പ്രചരണം വരുമാനത്തെ ബാധിച്ചുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയുടെ സഹായം തേടുന്നുവെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശബരിമല വരുമാനത്തില്‍ സാരമായ കുറവുവന്നതാണ് ബോര്‍ഡിനെ ഇതിന് പ്രേരിപ്പിച്ചത്. 98 കോടിയുടെ കുറവാണ് ശബരിമല വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ബോര്‍ഡ് പറയുന്നത്.

പ്രളയം കാരണം മധ്യ-തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ശബരിമല വരുമാനത്തിലെ കുറവും, പ്രളയക്കെടുതിയിലെ നഷ്ടവും കണക്കാക്കിയാണ് 250 കോടിയുടെ സഹായം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തേടാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന പ്രചാരണവും പ്രളയവും ബാധിച്ചെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. പ്രാഥമിക കണക്കുകൂട്ടലില്‍ 250 കോടിയുടെ സഹായം വേണമെന്നാണ് വിലയിരുത്തലുണ്ടായത്.

ബജറ്റിന് മുമ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ബോര്‍ഡ് തീരുമാനം. ആവശ്യമായി തുക ലഭിക്കാതെ വന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിക്കും. ഇത് മുന്നില്‍ കണ്ടാണ് ബജറ്റ് വിഹിതമായി 250 കോടിയോളം ആവശ്യപ്പെടാന്‍ ബോര്‍ഡ് ഒരുങ്ങുന്നത്.