മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങള്‍. മൂന്ന് ദിവസമായി ആയിരക്കണക്കിനാളുകള്‍ സഹായമഭ്യര്‍ഥിച്ച് സന്ദേശങ്ങള്‍ കൈമാറിയിരുന്നെങ്കിലും വളരെ ചുരുക്കം പേരെ മാത്രമാണ് ദൗത്യസംഘത്തിന് രക്ഷിക്കാനായത്. കുടിവെള്ളം പോലുമില്ലാതെ വീടുകളുടെ രണ്ടാം നിലകളിലും ടെറസ്സിലും നില്‍ക്കുകയാണെന്നും രക്ഷിക്കണമെന്നുമുള്ള സന്ദേശങ്ങള്‍ ചെങ്ങന്നൂരില്‍ നിന്നെത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ ഇന്ന് സന്ദേശമയക്കാനോ സഹായമഭ്യര്‍ഥിക്കാനോ ഫോണുകള്‍ പോലുമില്ല. കുടിവെള്ളം കിട്ടാതെ ഗര്‍ഭിണിയായ സ്ത്രീയും കുട്ടികളും പ്രായമായവരുമടക്കം ആയിരക്കണക്കിനാളുകളാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അരലക്ഷത്തിലധികമാളുകള്‍ ഇനിയും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
അമ്പതോളമാളുകള്‍ ചെങ്ങന്നൂരില്‍ മരിച്ചതായാണ് സജിചെറിയാന്‍ എംഎല്‍എ നല്‍കിയ വിവരം. ഇന്ന് ദൗത്യ സംഘം രക്ഷിക്കാനെത്തിയ മൂന്ന് പേര്‍ വീട്ടില്‍ മരിച്ച നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ നിരവധി പേര്‍ക്ക് അത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന ഭീതിജനകമായ വാര്‍ത്തയാണ് ചെങ്ങന്നൂര്‍ സ്വദേശികളായവര്‍ കൈമാറുന്നത്. ഒറ്റ നിലകളുള്ള വീടുകള്‍ പലയിടത്തും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അവിടങ്ങളില്‍ താമസിച്ചിരുന്നവരെ പൂര്‍ണമായും രക്ഷപെടുത്താനുമായിട്ടില്ല. ഇത് സ്ഥിതി അത്യന്തം ഗുരുതരമാക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. ടെറസിലും രണ്ടാം നിലകളിലും നിലയുറപ്പിച്ചവര്‍ക്ക് പോലും നാല് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ എങ്ങനെ ആരോഗ്യത്തോടെ തുടരാനാവുമെന്നതും ആശങ്കയുയര്‍ത്തുന്നു.
പുഴകളിലെ ഒഴുക്ക് ശക്തമായി തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നത്. ഇന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത മൂന്ന് പേരടങ്ങുന്ന കുടുംബം മൂന്ന് ദിവസം മുമ്പ് അധികൃതരുടെ സഹാമഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിരുന്നതിനാല്‍ രണ്ട് ദിവസം മുമ്പ് ഇവിടെയെത്തിയ രക്ഷാപ്രവര്‍ത്തക സംഘത്തിന് ഇവരുടെ വീട്ടിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയപ്പോഴാണ് മൂവരേയും വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ശോശാമ്മ, മക്കളായ ബെന്നി, ബേബി എന്നിവരാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരില്‍ ഒരാളായ ബെന്നി കിടപ്പുരോഗിയാണ്.
മത്സ്യബന്ധന ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഒഴുക്ക് ശക്തമായതിനാല്‍ പര്യാപ്തമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാവുന്നില്ല. ഇന്ന് ചിലയിടങ്ങളില്‍ ഭാഗികമായി ഭക്ഷണ വിതരണം ഉണ്ടായിരുന്നെങ്കിലും മുഴുവന്‍ പേരിലേക്കും ഇത് എത്തിക്കാനുമായിട്ടില്ല.
കല്ലിശ്ശേരി പാണ്ടനാട് മേഖലകളിലാണ് കൂടുതല്‍ പേര്‍ കുടങ്ങിക്കിടക്കുന്നത്. പമ്പ നദിയോട് ചേര്‍ന്നുകിടക്കുന്ന പ്രേയാര്‍, കല്ലിശ്ശേരി, കുട്ടിറോഡ്, മുറിയാനിക്കര, അട്ടക്കുഴിപ്പാടം എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്്. ചെങ്ങന്നുര്‍ നഗരത്തിനപ്പുറം തിരുവന്‍ വണ്ടുര്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്രദേശങ്ങളിലെക്ക് ചെറിയ വള്ളങ്ങള്‍ മാത്രം പോവുന്ന വഴികളിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്.
പന്തളത്ത് അടക്കം വെള്ളം ഉയരാന്‍ ഇടയാക്കിയ അച്ചകോവിലാറില്‍ ജലനിരപ്പുയര്‍ന്നതും, ദിവസങ്ങളായായി കരകവിഞ്ഞൊഴുകിയ പമ്പ മണിമലയാര്‍ എന്നിവിടങ്ങളിലെ വെള്ളവും ചെങ്ങന്നൂര്‍ മേഖലയിലേക്ക് എത്തിയതാണ് ഇവിടങ്ങളില്‍ സ്ഥിതി രൂക്ഷമാക്കാനിടയാക്കിയത്. 12 അടിയോളമാണ് ഇവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. ഇതോടെ വീടുകളിലെ രണ്ടാം നിലയിലടക്കം വെള്ളം കയറിയനിലയാണ് ഇവിടെയെന്നാണ് റിപോര്‍ട്ടുകള്‍.
മിത്രമഠം പാലത്തിന് ഇരുകരകളിലുള്ള പ്രദേശങ്ങളിലാണ് നിലവില്‍ കടുത്ത വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. മുന്നാം നിലയിലടക്കം വെള്ളം കയറിയ നിലയിലാണ് ഇവിടങ്ങളിലുള്ളതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായുള്ള അറിയിപ്പുകള്‍ ലഭിക്കുമ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ബുധനൂര്‍ പാണ്ടനാട് മേഖലയില്‍ കേന്ദ്രീകരിച്ചതും കല്ലിശ്ശേരി മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതായി സ്ഥലത്തെകുറിച്ച് ധാരണയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ചെങ്ങന്നൂരിലേക്ക് 300 മത്സ്യബന്ധന ബോട്ടുകള്‍ കൂടി എത്തിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
This post was last modified on August 18, 2018 12:09 am
Leave a Comment