X

ചെന്നിത്തലയുടെ പടയൊരുക്കത്തില്‍ പാടില്ലാത്ത ചിലത്; പൊരിച്ച കോഴി, മിനി കൂപ്പര്‍, തോമസ് (ഉമ്മന്‍) ചാണ്ടി…

കോടിയേരിയുടെ ജനജാഗ്രതാ യാത്രക്കിടെ പ്രചരിച്ച രണ്ട് ചിത്രങ്ങളാണ് കോണ്‍ഗ്രസിന് പടയൊരുക്കത്തിന്റെ പാഠം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയായ പടയൊരുക്കം ഇന്ന് വൈകുന്നേരം ആരംഭിച്ചിരിക്കുകയാണ്. കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നും ആരംഭിച്ച 30 ദിവസത്തിന് ശേഷം ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്താണ് അവസാനിക്കുക. യാത്ര ആരംഭിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയും അതിന് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയും വിവാദങ്ങളില്‍ കുടുങ്ങിയ സാഹചര്യത്തില്‍ ഏറെ കരുതലോടെയാണ് ചെന്നിത്തല യാത്ര തുടങ്ങുന്നത്. കുമ്മനത്തിന്റെ യാത്ര പലകാരണങ്ങളാല്‍ അപഹാസ്യമാകുകയായിരുന്നുവെങ്കില്‍ കോടിയേരിയുടേത് ഭക്ഷണത്തിന്റെയും വാഹനത്തിന്റെയും പങ്കെടുത്തവരുടെയും പേരിലാണ് വിവാദമായത്. സിപിഎമ്മിന് കോര്‍പ്പറേറ്റുകളും സാമ്പത്തിക കുറ്റവാളികളുമായുള്ള ബന്ധമാണ് ജനജാഗ്രതാ യാത്രയിലൂടെ വെളിവായിരിക്കുന്നതെന്നാണ് മുഖ്യമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അതേസമയം രണ്ട് ചിത്രങ്ങള്‍ മനസില്‍ ഓര്‍ത്ത് തന്നെയാകും ചെന്നിത്തലയും കൂട്ടരും പടയൊരുക്കത്തിനിറങ്ങുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ സര്‍ക്കുലര്‍ അനുസരിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ പ്രഖ്യാപിച്ച മെനുവില്‍ നിന്നും വ്യക്തമാണ്. എന്തൊക്കെ കഴിക്കണം, എന്തെല്ലാം കഴിക്കരുത്, ഏതൊക്കെ വാഹനങ്ങള്‍ ഉപയോഗിക്കരുത്, ആരെയൊക്കെ പങ്കെടുപ്പിക്കരുത് എന്നിങ്ങനെ പോകുന്നു പടയൊരുക്കത്തിന്റെ മെനു. വിവിധ തലങ്ങളിലുള്ള എല്ലാ കമ്മിറ്റികളിലുമാണ് ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തങ്കച്ചന്‍ സര്‍ക്കുലര്‍ അയച്ചത്. വിവാദങ്ങള്‍ മൂലം എങ്ങുമെത്തിയില്ലെന്ന് കോണ്‍ഗ്രസ് പരിഹസിക്കുന്ന കോടിയേരിയുടെ യാത്രയില്‍ ആദ്യമുണ്ടായ വിവാദം ഭക്ഷണമായിരുന്നു. ജനജാഗ്രതാ യാത്രക്കിടെ കോടിയേരിയും സംഘവും ബിരിയാണി, പൊരിച്ച കോഴി തുടങ്ങിയ വിഭവങ്ങളും കുടിക്കാന്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിരുദ്ധ പാനീയമായ പെപ്‌സി, സെവന്‍ അപ്പ് എന്നിവയുമായി സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയായിരുന്നു ഈ വിവാദം ഉയര്‍ന്നത്.

എന്നാല്‍ അത്തരം വിവാദങ്ങളിലേക്കൊന്നും നമ്മള്‍ പോകേണ്ടെന്ന നിലപാടാണ് യുഡിഎഫ് കൈക്കൊണ്ടിരിക്കുന്നത്. പടയൊരുക്കത്തിനിടെ നേതാക്കള്‍ ലളിതമായ ഭക്ഷണം കഴിക്കണമെന്നും ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം. ബിരിയാണിയും ഫ്രൈഡ് റൈസും ചിക്കനുമൊന്നുമില്ലാതെ ഭക്ഷണമിറങ്ങില്ലെന്ന അവസ്ഥയുള്ള ചില കോണ്‍ഗ്രസ് നേതാക്കളും നെയ്‌ച്ചോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ലീഗ് നേതാക്കളുമാണ് ഇതോടെ ‘വെട്ടിലാ’യിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളോ പൊതുസ്ഥലങ്ങളോ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കണമെന്നു കൂടി വന്നതോടെ രഹസ്യമായി കഴിക്കാമെന്ന പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്. കഞ്ഞിയും ചമ്മന്തിയും പയറും ഏറിയാല്‍ ഒരു സദ്യയുമൊക്കെയായി പടയൊരുക്കം നടത്താനുള്ള ആരോഗ്യം യുഡിഎഫ് നേതാക്കള്‍ക്കുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം. കാരണം, ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ നിരാഹാരം കിടന്ന യുഡിഎഫ് എംഎല്‍എമാരുടെ ചിത്രം ഇനിയും നമ്മുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും പകരം ആളെവച്ച് നിരാഹാര സമരം റിലേ നിരാഹാര സമരമാക്കിയ വീരന്മാരാണ് ഇപ്പോള്‍ പടയൊരുക്കം നടത്തുന്നത്.

യാത്രി ക്രിപയാ ധ്യാന്‍ ദേ..

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായിരുന്ന കാരാട്ട് ഫൈസലിന്റെ ആഡംബര കാറായ മിനി കൂപ്പറില്‍ കോടിയേരി യാത്ര ചെയ്യുന്നതിന്റെ ചിത്രമായിരുന്നു ജനജാഗ്രതാ യാത്രയുടെ രണ്ടാമത്തെ ഹൈലൈറ്റ്. ഇതോടെ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും വിവാദ വ്യവസായികളും സാമ്പത്തിക കുറ്റവാളികളുമായുള്ള ബന്ധങ്ങളും ഒരു ഇടവേളയ്ക്ക് ശേഷം വാര്‍ത്തയായി. ഇത്തരം സംഭവങ്ങള്‍ തങ്ങള്‍ക്കിടയിലും ആവര്‍ത്തിക്കാതിരിക്കാനാണ് ആഡംബര വാഹനങ്ങള്‍ ഉപേക്ഷിക്കണമെന്ന് യുഡിഎഫ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. ആഡംബരം കുറഞ്ഞ വാഹനങ്ങളെന്നു പറയുമ്പോള്‍ പഴയ കാളവണ്ടി യുഗത്തിലേക്ക് പോകണമോയെന്ന് സംശയിക്കുന്ന നേതാക്കളും യുഡിഎഫില്‍ ഇപ്പോള്‍ കുറവല്ല. അതോടൊപ്പം വേദിയില്‍ ഇരിക്കുന്നവരുടെയും സ്വീകരണം നല്‍കുന്നവരുടെയും പട്ടിക നേരത്തെ തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം. ഭാരവാഹികളല്ലാത്തവര്‍ സ്വീകരണ വേദിയിലുണ്ടാകരുതെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം ഏറ്റവും കടുത്ത തീരുമാനം മറ്റൊന്നാണ്. അതാകട്ടെ ഇതെന്നെയാണ് എന്നെ തന്നെ ഉദ്ദേശിച്ചാണെന്ന് ഉമ്മന്‍ ചാണ്ടി ഭക്തര്‍ പ്രഖ്യാപിക്കുകയും ചെയ്തു. കളങ്കിതരെ പടയൊരുക്കത്തിന് കൂട്ടില്ലെന്ന പ്രഖ്യാപനമാണ് ഇത്. സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇത് ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വച്ചാണെന്നാണ് എ ഗ്രൂപ്പ് അടക്കം പറയുന്നത്. കൂടാതെ ഈ തീരുമാനം പ്രഖ്യാപിച്ച വിഡി സതീശന്‍ കെപിസിസി അധ്യക്ഷന്‍ ചമയുകയാണെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം കോണ്‍ഗ്രസിലെ കളങ്കിതരെ മാറ്റി നിര്‍ത്തിയുള്ള ജാഥയെന്ന് പറയുമ്പോള്‍ അപ്പോള്‍ ജാഥ നടത്തുന്നില്ലേയെന്നാണ് ചില ദോഷൈകദൃക്കുകള്‍ ചോദിക്കുന്നത്.

ചുവന്ന കാര്‍, ഉടമ ‘കാരാട്ട്’, പിന്നൊന്നും നോക്കിയില്ല; ഒരു മിനി കൂപ്പര്‍ കൊണ്ടുപോയ ജന’ജാഗ്രത’

സിപിഎമ്മില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണെങ്കിലും ഇത്തരം കടുത്ത തീരുമാനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതിനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം, നാല് വര്‍ഷമാകുമ്പോഴേക്കും ഭരണം തിരിച്ചുപിടിക്കേണ്ടത് അവരുടെ ആവശ്യമാണ്. കോണ്‍ഗ്രസുകാര്‍ തന്നെ അവകാശപ്പെടുന്നതു പോലെ കോടിയേരിയുടെ യാത്ര എങ്ങുമെത്താതെ പോയതുപോലുള്ള സാഹചര്യം തങ്ങളുടെ യാത്രയ്ക്കും ഉണ്ടാകാന്‍ ചിലര്‍ കളങ്കിതരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും തിരുകിക്കയറ്റാനൊരുങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്ക. ഇനി അഥവ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ പടയൊരുക്കം ഒരു നനഞ്ഞ പടക്കമായി മാറിയാലും അതിനുള്ള വിശദീകരണം അവര്‍ ഇപ്പോള്‍ തന്നെ കണ്ടുവച്ചിരിക്കുന്നുവെന്ന് വേണം കരുതാന്‍.

ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author: