X

മദ്യശാലകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; പൂട്ടിയ 225 മദ്യശാലകള്‍ തുറക്കും

സംസ്ഥാനത്തൊട്ടാകെ ഒരേ രീതിയില്‍ അബ്കാരി നയം നടപ്പാക്കും. നിലവില്‍ ലൈസന്‍സുള്ളവരും പുതിയ അപേക്ഷകരും തമ്മിലുള്ള വിവേചനം അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

മദ്യശാലകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിപത്രം (എന്‍ഒസി) വേണമെന്ന വ്യവസ്ഥ എടുത്തുകളയാന്‍ മന്ത്രിസഭ തീരുമാനിച്ചതോടെ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനും എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സ് മാത്രം മതിയാവും. ഇതിനായി പഞ്ചായത്തീരാജ് – നഗരപാലിക നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുനസ്ഥാപിച്ച് സര്‍ക്കാര്‍ പുതിയ മദ്യനയം ഈ മാസം 30നുള്ളില്‍ പ്രഖ്യാപിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഒരേ രീതിയില്‍ അബ്കാരി നയം നടപ്പാക്കും. നിലവില്‍ ലൈസന്‍സുള്ളവരും പുതിയ അപേക്ഷകരും തമ്മിലുള്ള വിവേചനം അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനായി നഗരപാലികാ നിയമത്തിലെ 447-ാം വകുപ്പും പഞ്ചായത്തീരാജ് നിയമത്തിലെ 232-ാം വകുപ്പും ഭേദഗതി ചെയ്യണമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍ദ്ദേശം കൊണ്ടുവരുകയും മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

ഇതോടെ മദ്യശാലകളുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാവുകയാണ്. മദ്യശാലകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് വരുന്നത് ഏത് രീതിയിലുള്ള പ്രതികരണമായിരിക്കും ജനങ്ങൡ നിന്നുണ്ടാക്കുക എന്നത് പ്രസക്തമാണ്. പ്രത്യേകിച്ച് സംസ്ഥാനത്തൊട്ടാകെ ജനവാസ മേഖലകള്‍ക്ക് സമീപം മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി നടക്കുന്ന സാഹചര്യത്തില്‍.

പുതിയ ബാര്‍ തുറക്കുന്നതിനും ദേശീയപാതയുടെ 500 മീറ്റര്‍ പരിധിയിലുള്ള ബാറുകളും ബിവറേജ്‌സ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകളും മാറ്റി സ്ഥാപിക്കുന്നതിനും എക്‌സൈസ് വകുപ്പിന്റെ മാത്രം അനുമതി മതിയാകും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയത്. ബാര്‍, ബീയര്‍ – വൈന്‍ പാര്‍ലര്‍, കള്ളുഷാപ്പ്, ബെവ്‌കോ – കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ എന്നിവ തുടങ്ങാനും മാറ്റിസ്ഥാപിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കി പഞ്ചായത്തീരാജ് – നഗരപാലിക നിയമത്തിലും ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍, എന്‍ഒസി ലഭിക്കുന്നതിന് പലപ്പോഴും തടസം നേരിടുന്നതായി മദ്യവ്യാപാരികള്‍ പരാതിപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമഭേദഗതി.

മദ്യശാലകള്‍ക്ക് അനുമതി നല്‍കാന്‍ പഞ്ചായത്തീരാജ് നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. ഇതിനുള്ള അധികാരം നല്‍കിയതു തദ്ദേശസ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ എന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ നിയമത്തിന്റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അഭിപ്രായഭിന്നതയും ആരോപണങ്ങളും സംഘര്‍ഷങ്ങളും പതിവായെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം പിന്‍വലിച്ചതോടെ എല്ലായിടത്തും തോന്നിയ പോലെ മദ്യ വില്‍പ്പനശാലകള്‍ തുടങ്ങുമെന്ന ധാരണ ശരിയല്ലെന്നും. സര്‍ക്കാര്‍ നയത്തിനനുസരിച്ച് മാത്രമേ മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കൂ എന്നു ജലീല്‍ പറഞ്ഞു.

കണ്ണൂര്‍ – കുറ്റിപ്പുറം (157 കി.മീ) പാതയേയും അരൂര്‍ – കഴക്കൂട്ടം (158 കി.മീ) പാതയേയും ദേശീയപാതയായി പരിഗണിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 225ലേറെ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൂട്ടിയിരുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങളാണ് തുറക്കുന്നത്. 53 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, 22 ചില്ലറ മദ്യവില്‍പ്പനശാലകള്‍, 150 കള്ളുഷാപ്പുകള്‍ എന്നിവയാണ് തുറക്കുക.

ദേശീയപാതാ അതോറിറ്റി 2014 മാര്‍ച്ചില്‍ ഇറക്കിയ വിജ്ഞാപനം അനുസരിച്ചാണ് ഹൈക്കോടതി വിധി. ഈ ഭാഗത്തെ പാതകള്‍ക്ക് ദേശീയപാതാ നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി റോഡിന്റെ പരിപാലനച്ചുമതല ദേശീയപാത അതോറിറ്റി, സംസ്ഥാനത്തിന് കൈമാറിയിരുന്നു. ഇതിന് ശേഷം റോഡിന്റെ പദവി നിശ്ചയിച്ചുകൊണ്ട് സംസ്ഥാനം വിജ്ഞാപനം ഇറക്കിയില്ല.
ദേശീയ, സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ അകലത്തിനുള്ളില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 1092 കള്ളുഷാപ്പുകളും 532 ബിയര്‍-വൈന്‍ പാര്‍ലറുകളും 137 വില്‍പ്പനകേന്ദ്രങ്ങളും 18 ക്ലബ്ബുകളും ഒമ്പത് മിലിട്ടറി കാന്റീനുകളും എട്ട് ബാര്‍ ഹോട്ടലുകളും ഒരു ബിയര്‍-വൈന്‍ ഔട്ട്ലെറ്റുമാണ് പൂട്ടിയത്. ഇതിനെതിരെ കോടതിയെ സമീപിച്ച 66 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും നാല് ബാറുകള്‍ക്കും തുറക്കാന്‍ അനുമതി കിട്ടിയിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അടച്ച 179 മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ 55 എണ്ണം ഇതുവരെ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഇനി 124 എണ്ണം മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ 28 വിദേശമദ്യവില്‍പ്പന ശാലകളും രണ്ട് ബിയര്‍ ഷോപ്പുകളുമാണ് പൂട്ടിയത്. ഇതില്‍ 23 വിദേശമദ്യവില്‍പ്പന കേന്ദ്രങ്ങളും ഒരു ബിയര്‍-വൈന്‍ പാര്‍ലറും തുറന്നിട്ടുണ്ട്. 2016 ഏപ്രിലില്‍ 29 ബാര്‍ ഹോട്ടലും 814 ബിയര്‍-വൈന്‍ പാര്‍ലറുകളും 270 ബിവറേജസ് ഔട്ട്ലെറ്റുകളുമാണ് ഉണ്ടായിരുന്നത്.

This post was last modified on June 1, 2017 10:15 am