X

പീഡകന്‍ പോലീസാണെങ്കില്‍ ഭീഷണി, ഒത്തുതീര്‍പ്പ്, അന്വേഷണം മരവിപ്പിക്കല്‍; മാറില്ലെന്നുറച്ച് കേരള പോലീസ്

എറണാകുളം പുല്ലേപ്പടിയിലെ സിവിൽ സർവീസ് കോച്ചിങ്ങ് സെന്‍ററിന്‍റെ ലിഫ്റ്റിൽ വെച്ച് പെണ്‍കുട്ടി പീഡനശ്രമത്തിന് വിധേയയായത് മെയ് 28നു; പ്രതിയായ എ എസ് ഐ നാസറിനെ പിടിക്കാതെ കൊച്ചി പോലീസ്

“ഐ.പി.എസ്സ് എടുത്ത് പോലീസുകാരിയാകണം എന്നാണ് അവളുടെ ആഗ്രഹം. അതിനു വേണ്ടിയാ പ്ളസ്സ് വൺ തൊട്ട് സിവില്‍ സർവീസ് കോച്ചിങ്ങിന് വിട്ടത്. പക്ഷേ ഇപ്പോൾ ക്ളാസിൽ വിടാന്‍ പേടിയാണ്. അവളെ ഉപദ്രവിച്ച പോലീസുകാരന്‍ പുറത്ത് തന്നെയുള്ളപ്പോൾ ക്ളാസിൽ പോകാൻ അവളും കൂട്ടാക്കുന്നില്ല.” പറയുന്നത് ഒരു പിതാവാണ്.

പതിനേഴുകാരിയായ മകളെ കോച്ചിങ്ങ് സ്ഥാപനത്തിൻറ് ലിഫ്റ്റിൽ വെച്ച് ബലാല്‍സംഗം ചെയ്യാൻ ശ്രമിച്ചത് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറും ബന്ധുവുമായ വ്യക്തി. മെയ് മാസം 28 ന് നടന്ന സംഭവത്തിൽ ഇത് വരെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. അതിനൊപ്പം സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ കുട്ടിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണങ്ങളും കേസ് പിൻവലിക്കാനുള്ള ഭീഷണിയും സാമ്പത്തിക വാഗ്ധാനങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണ്.

എറണാകുളം പുല്ലേപ്പടിയിലെ സിവിൽ സർവീസ് കോച്ചിങ്ങ് സെന്‍ററിന്‍റെ ലിഫ്റ്റിൽ വെച്ചായിരുന്നു സംഭവം. ഇതേ സ്ഥാപനത്തിൽ പഠിക്കുന്ന മകന്‍റെ ആവശ്യമുയി ബന്ധപ്പെട്ട് എത്തിയതാണ് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ നാസർ വി.എച്ച്. ലിഫ്റ്റിൽ വെച്ച് ഇയാൾ കുട്ടിയെ കയറിപ്പിടിച്ചു. എതിർത്തപ്പോൾ ചുവരിൽ ചേർത്ത് വച്ച് വായ് പൊത്തി കഴുത്ത് ഞെരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് ഓടി ക്ളാസ്മുറിയിലെത്തിയ പെൺകുട്ടി സുഹൃത്തിനോട് കാര്യങ്ങള്‍ പറഞ്ഞു. ഭയം മൂലം അയാൾ പോകുന്നത് വരെ കാത്ത് നിൽക്കുകയും സുഹൃത്തിന്‍റെ സഹായത്താൽ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

“സംഭവം നടന്ന അപ്പോള്‍ തന്നെ എന്‍റെ നമ്പര്‍ തപ്പിയെടുത്ത് നാസർ വിളിച്ചിരുന്നു. എവിടെയാ ഉള്ളത് കുറേക്കാലമായല്ലോ കണ്ടിട്ട് വീട്ടിലേക്ക് വരാം എന്നൊക്കെ പറഞ്ഞു. ഭാര്യക്ക് എക്സ് റേ എടുക്കാനായി ജനറൽ ആശുപത്രിയില്‍ വരിയിൽ നിൽക്കുകയായിരുന്നു. ഇപ്പോളിവിടെ തിരക്കാണ് പിന്നീട് ഒരിക്കലാകട്ടെ എന്ന് ഞാനും. യഥാർത്ഥത്തിൽ കുട്ടി ഇക്കാര്യം ഞങ്ങളോട് പറഞ്ഞോ എന്നറിയാൻ വിളിച്ചതായിരുന്നു.  വീട്ടിലെത്തിയ ശേഷമാണ് ഞാൻ കാര്യം അറിയുന്നത്. മോള് കരച്ചിലോട് കരച്ചില്‍. ഒരുപാട് നേരം ചോദിച്ചിട്ടാണ് കാര്യം പറയുന്നത്.” പിതാവ് പറയുന്നു.

രാത്രി തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ട് പോയി. പിറ്റേന്ന് ശിശുക്ഷേമസമിതിയുമായും ബന്ധപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോൾ ആദ്യ ദിവസം നല്ല സഹകരണമായിരുന്നെന്നും പോലീസുകാരന്‍ ആണ് പ്രതിയെന്ന് അറിഞ്ഞപ്പോൾ അവരുടെ ഇടപെടലിന്‍റെ രീതി മാറിയെന്നും വീട്ടുകാര്‍ പറയുന്നു.

“പിറ്റേന്ന് പരാതി കൊടുക്കലും മറ്റും കഴിഞ്ഞപ്പോൾ അഞ്ച് മണിയായി. മജിസ്ട്രേറ്റ് ഒരു സ്ത്രീ ആണെന്ന് അറിയാമായിരുന്നു. അറിവില്ലായ്മ കൊണ്ടാകാം, അവരുടെ വീട്ടിൽ ചെന്ന് ഇന്ന് തന്നെ മൊഴി കൊടുക്കാനുള്ള സൗകര്യം ചെയ്ത് തരാമോയെന്ന് ഞങ്ങൾ ചോദിച്ചു. വല്യ വല്യ സിനിമാ നടികളാണ് അങ്ങനെയൊക്കെ പോയി കൊടുക്കുന്നത്. ഇതത്ര ഇംപോർട്ടൻറായ ആളൊന്നും അല്ലല്ലോ എന്നായിരുന്നു പോലീസുകാരുടെ മറുപടി. സിനിമാനടിക്ക് ഒരു നിയമം. സാധാരണക്കാർക്ക് മറ്റൊരു നിയമം. അങ്ങനെയാണോ?”

കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രിമിനൽ നടപടി ക്രമം 164 വകുപ്പ് പ്രകാരം ഈ മാസം രണ്ടാം തിയ്യതി മജിസ്ട്രേറ്റിനും മൊഴി നൽകി. മജിസ്ട്രേറ്റിനെ കണ്ട് വന്നതിന് ശേഷം യാതൊരു ആവശ്യമില്ലെങ്കിലും എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സി.ഐ. കുട്ടിയെ കാബിനിലേക്ക് വിളിപ്പിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതല്ലേയെന്നും ഇത് തുടരണോ എന്നുമാണ് അയാൾ ആവർത്തിച്ചു ചോദിച്ചത്. കുട്ടിയെ ഭയപ്പെടുത്തി, നുണ പറയുകയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായിരുന്നതെന്ന് കുടുംബത്തിന് പരാതിയുണ്ട്. പോലീസുകാരനു വേണ്ടി സംസാരിക്കാന്‍ നിരവധി ആളുകൾ രാവും പകലും വീട്ടിലെത്താറുണ്ടെന്നും പിതാവ് പറയുന്നു.

“അബദ്ധം പറ്റിപ്പോയി എങ്ങനെയെങ്കിലും ഒത്തു തീർപ്പാക്കാം എന്ന് പറഞ്ഞ് വിളിച്ചത് പോലീസുകാർ തന്നെയാണ്. എത്ര രൂപ വേണമെങ്കിലും തരാം. ഭാര്യയും മക്കളുമുള്ള ആളാണ് എന്നൊക്കെ പറഞ്ഞു. എന്‍റെ കുട്ടിയുടെ ജീവിതം മറന്നിട്ടല്ലേ അവർ അയാളുടെ മക്കളെപ്പറ്റി പറയുന്നത്. ഈ സംഭവത്തിന് ശേഷം അവൾ ഒറ്റക്ക് പുറത്തിറങ്ങിയിട്ടില്ല. എന്‍റെ മോളെ ക്ളാസിൽ വിടണം. അയാൾ പുറത്തുണ്ടെങ്കിൽ ഭയമില്ലാതെ അത് സാധിക്കില്ല. തൽക്കാലം നമുക്കിത് വിട്ട് കളയാമോ എന്ന് ഒരു ഘട്ടത്തിൽ ഞാനും മോളോട് ചോദിച്ചു. ഇനിയൊരിക്കൽ കൂടി അയാൾ ഉപദ്രവിക്കാൻ വന്നാൽ നമ്മളപ്പോൾ എന്ത് ചെയ്യുമെന്നാണ് അവൾ പറയുന്നത്. അച്ഛന്‍ എന്ന നിലക്ക് അവളുടെ ഭാവിയെ പറ്റി ആളുകൾ പറയുമ്പോൾ എനിക്കും ആശങ്കയുണ്ട്. പക്ഷേ നമ്മുടെയൊക്കെ അഭാവത്തിൽ അവൾക്കിവിടെ ഒറ്റക്ക് ജീവിക്കണ്ടേ. അതിനാവശ്യമായ സുരക്ഷ ഉറപ്പാക്കിയേ പറ്റു.”

ഏപ്രില്‍ പതിനഞ്ചാം തിയ്യതിയാണ് പ്രതിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. അന്നേ ദിവസം സർക്കാർ ഏർപ്പാടാക്കിയ അഭിഭാഷകൻ ഹാജരായിരുന്നുമില്ല. ഇത്തരമൊരു സാഹചര്യം മുൻകൂട്ടി കണ്ട് കുട്ടിയുടെ കുടുംബം ഏർപ്പാടാക്കിയ അഭിഭാഷകനാണ് പകരം വാദിച്ചത്. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം 21 ലേക്ക് മാറ്റി വെച്ചു.

അതിരമ്പുഴ, ഏറ്റുമാനൂർ, തലയോലപ്പറമ്പ് ഭാഗങ്ങളിലായി പ്രതി നാസറിനെ ഈ ദിവസങ്ങളിലായി നിരവധി പേർ കണ്ടിട്ടുണ്ട്. ഇയാളെ കണ്ട സ്ഥലങ്ങളും മറ്റും സ്റ്റേഷനില്‍ വിളിച്ച് അറിയിക്കാറുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. “കഴിഞ്ഞ ദിവസം രാവിലെ വിളിച്ച് അയാളെ തപ്പാൻ പോകാമെന്ന് പോലീസ് പറഞ്ഞു. ഞാൻ പോയില്ല. അവർ കൊണ്ടുപോയി മർദ്ദിക്കില്ലെന്ന് എങ്ങനെയാണ് ഉറപ്പ് വരുത്തുക. മാത്രമല്ല അന്വേഷിച്ച് കണ്ടെത്തൽ പോലീസുകാരുടെ പണിയല്ലേ.”

ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഇദ്ദേഹത്തിന് ഇതിന്റെ പിന്നാലെയുള്ള ഓട്ടത്തിൽ ജോലിക്കും പോകാനാകുന്നില്ല. “നീതി ഉറപ്പാക്കേണ്ട പോലീസുകാർ തന്നെ കുറ്റവാളിയാകുന്ന അവസ്ഥയാണിത്. ഇത് തുടർന്നാൽ ഞങ്ങളെ പോലത്തെ അച്ഛനമ്മമാർ ഒക്കെ മക്കളെ ഉപദ്രവിച്ചാലും മിണ്ടാതിരിക്കേണ്ടി വരും. എന്‍റെ മകൾ അവൾക്കുണ്ടായ വിഷമം ധൈര്യത്തോടെ പറയുന്നത് അവൾക്ക് വേണ്ട സുരക്ഷ നമ്മൾ ഉറപ്പാക്കുമെന്ന് കരുതിയിട്ടാണല്ലോ. എൻറെ കഴിവുകേടുകളെ ഒക്കെ മറികടന്ന് അച്ഛനും എന്ന നിലക്ക് അത് എനിക്ക് ഉറപ്പാക്കണം.”

പോലീസിന്‍റെ അനാസ്ഥക്കെതിരേയും പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ചോദ്യം ചെയ്തും കഴിഞ്ഞ ദിവസം ഇവർ ഹൈക്കോടതി ജംഗ്ഷനിൽ ധർണ്ണ നടത്തിയിരുന്നു. ഇനിയെങ്കിലും പോലീസ് നടപടികള്‍ ഊർജ്ജിതമാകുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.

This post was last modified on May 19, 2018 2:18 pm