X

അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍റെ നേതൃത്വത്തില്‍ മഹാരാജാസില്‍ കെ എസ് യുക്കാര്‍ക്ക് മര്‍ദ്ദനം; പ്രതിഷേധം ശക്തം

'അഭിമന്യുവിനെ ഇവര്‍ തന്നെ കൊലയ്ക്കിട്ടു കൊടുത്തതാണെന്ന് ഞങ്ങളിപ്പോള്‍ സംശയിക്കുന്നുണ്ട്. അഭിമന്യു കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.'-കെ എസ് യു

എറണാകുളം മഹാരാജാസ് കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം ക്യാംപസ്സില്‍ വച്ചുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എസ്.യു ചൊവ്വാഴ്ച സമരത്തിന് ആഹ്വാനം ചെയ്യുകയും, ഇതു തടയാനുള്ള ശ്രമത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതി. സംഘര്‍ഷത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത് അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന അര്‍ജുനാണെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നു. അര്‍ജുന്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

ക്യാംപസിനകത്തെ ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നു. കോളേജിനകത്ത് മദ്യപിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് കെ.എസ്.യു പ്രവര്‍ത്തകനായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന സമരത്തിനിടെ കെ.എസ്.യു പ്രവര്‍ത്തകരെ ക്ലാസ്സില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറയുന്നു. ‘വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു ഇന്നലെ കോളേജില്‍ സ്ട്രൈക്ക് വിളിച്ചത്. അതിനു വേണ്ടി പോസ്റ്ററെഴുതുമ്പോള്‍ മുതല്‍ പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് എസ്.എഫ്.ഐയുടെ ഭീഷണിയുണ്ടായിരുന്നു. സമരം ചെയ്യാന്‍ അനുവദിക്കില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ക്ലാസ്സില്‍ ക്യാംപയിന്‍ ചെയ്തു കൊണ്ടിരുന്ന രണ്ടു വിദ്യാര്‍ത്ഥികളെ വലിച്ചു പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇതിന് നേതൃത്വം കൊടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം മദ്യപിച്ചു എന്ന പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് മഹാരാജാസിലുള്ള വ്യക്തി പോലുമല്ല. ലോ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. മദ്യപിച്ചു എന്നതൊക്കെ ആരോപണമാണ്. ഇനി അവന്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ, ഇക്കാര്യത്തില്‍ സദാചാര പൊലീസ് ചമയേണ്ട കാര്യം എസ്.എഫ്.ഐക്കില്ല.’

സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ രണ്ടു പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോളേജില്‍ നിന്നും പതിനാലോളം എസ്.എഫ്.ഐക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും, കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയിന്മേല്‍ എട്ടു പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചു. അക്രമത്തിന് നേതൃത്വം കൊടുത്തവരില്‍ അര്‍ജുനും ഉണ്ടെന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളതായി കെ.എസ്.യു പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എസ്.എഫ്.ഐയുടെ ഭാഗത്തു നിന്നും അക്രമസംഭവങ്ങളുണ്ടാകാത്ത ക്യാപംസാണ് മഹാരാജാസെന്നും ലഹരി ഉപയോഗം ചോദ്യം ചെയ്യുന്നത് പതിവു സംഭവമാണെന്നും എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി ഹരി പറയുന്നു. എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷമല്ല കോളേജിലുണ്ടായതെന്നും, മറിച്ച് വിഷയം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണെന്നുമാണ് എസ്.എഫ്.ഐയുടെ പക്ഷം. ‘ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്യാംപസ്സിലുണ്ടാകാറുണ്ട്. അതിലൊന്നാണിതും. കെ.എസ്.യു അനുഭാവമുള്ള ഒരു വിദ്യാര്‍ത്ഥി ക്യാംപസ്സിനകത്ത് ലഹരി ഉപയോഗിച്ചപ്പോള്‍ ഞങ്ങള്‍ ചോദ്യം ചെയ്തു. പൊലീസുകാരെ ആക്രമിക്കാനുള്ള ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. എസ്.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റിനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോകുന്നത് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. സമരം തടയാനുള്ള ശ്രമത്തില്‍ സഖാവ് അര്‍ജുനും പങ്കാളിയായിട്ടുണ്ട് എന്നത് ശരിയാണ്. എന്നുവച്ച് നേതൃത്വം കൊടുത്തു എന്നു പറയുന്നത് ശരിയല്ല. ലഹരി ഉപയോഗത്തിനെതിരെയുള്ള സംഘനാ നിലപാട് മാത്രമാണ് നടപ്പില്‍ വരുത്താന്‍ ശ്രമിച്ചത്.’ ഹരിയടക്കം എട്ടു പേരെയാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.

അഭിമന്യുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിക്കാത്ത എസ്.എഫ്.ഐ, അര്‍ജുനടക്കമുള്ളവരെ ക്യാംപസ്സിലെ സംഘര്‍ഷങ്ങളിലേക്ക് വീണ്ടും വലിച്ചിടുന്നതില്‍ കടുത്ത പ്രതിഷേധമാണ് കെ.എസ്.യു സംസ്ഥാന നേതൃത്വത്തിനുള്ളത്. താരതമ്യേന കുറവ് കെ.എസ്.യു പ്രവര്‍ത്തകര്‍ മാത്രമുള്ള മഹാരാജാസില്‍പ്പോലും എസ്.എഫ്.ഐ ജനാധിപത്യപരമായ പ്രതിഷേധത്തെ എതിര്‍ക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പറയുന്നു. ‘അഭിമന്യു കൊലപ്പെട്ട സമയത്ത്, അര്‍ജുന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചവരാണ് ഞാനടക്കമുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍. ഇതേ അര്‍ജുനാണ് ഇന്നലെ കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ മുന്നില്‍ നിന്നതും. അഭിമന്യുവിനെ ഇവര്‍ തന്നെ കൊലയ്ക്കിട്ടു കൊടുത്തതാണെന്ന് ഞങ്ങളിപ്പോള്‍ സംശയിക്കുന്നുണ്ട്. അഭിമന്യു കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.’


.

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:

This post was last modified on January 23, 2019 2:38 pm