കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകുമെന്ന് സൂചന. പാര്‍ട്ടി ഏറ്റവുമധികം വിജയസാധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ട മണ്ഡലത്തിന് വേണ്ടിയുള്ള തര്‍ക്കമാണ് ഇതിന് കാരണം. പാലക്കാട് മണ്ഡലത്തെ ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറ്റൊരു വിജയപ്രതീക്ഷയുള്ള മണ്ഡലമായ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായ പത്തനംതിട്ടയ്ക്കും പാലക്കാടിനും വേണ്ടിയുള്ള തമ്മിലടി ബിജെപിയില്‍ രൂക്ഷമായത്.
ഈ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയതാണ് പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും തമ്മില്‍ പത്തനംതിട്ട മണ്ഡലത്തിനായി പരസ്യമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ തിരുവനന്തപുരത്തിന് വേണ്ടിയും ഇരുവരും ശ്രമിച്ചിരുന്നു. പത്തനംതിട്ടയോ തൃശൂരോ ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എംടി രമേശും പത്തനംതിട്ടയ്ക്കായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും സി കൃഷ്ണകുമാറുമാണ് പാലക്കാട് സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്നവര്‍. കൃഷ്ണകുമാറിനാണ് പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ പിന്തുണ. എന്നാല്‍ പാലക്കാട് ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ നിലപാട്. തര്‍ക്കമുള്ള സീറ്റുകളില്‍ ഒന്നിലധികം പേരുകള്‍ ഉള്‍പ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം. ഒരു മണ്ഡലത്തില്‍ വിവിധ പേരുകള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള വി സത്യകുമാറിന്റെ പ്രതികരണം. അതേസമയം സീറ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നു.
ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന് സംബന്ധിച്ച് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായവും പാര്‍ട്ടി ആരാഞ്ഞിരുന്നു. ഇതുകൂടി കണക്കിലെടുത്തായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. കോര്‍ കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച ശേഷമേ ദേശീയ നേതൃത്വത്തിന് കൈമാറൂ.
This post was last modified on March 11, 2019 9:50 pm
Leave a Comment