X

ഇറച്ചിക്കോഴിയിലും മാണിക്ക് ത്വരിത പരിശോധന

അഴിമുഖം പ്രതിനിധി

മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന. മന്ത്രിയായിരുന്ന കാലയളവില്‍ കോഴിക്കച്ചവടക്കാര്‍ക്കും ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കും അനധികൃതമായി നികുതി ഇളവ് നല്‍കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഇത് മൂലം സംസ്ഥാന ഖജനാവിന് 150 കോടി രൂപ നഷ്ടമായെന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.

തൃശൂര്‍ കേന്ദ്രീകരിച്ച് അന്യസംസ്ഥാനത്ത് നിന്ന് ഇറച്ചിക്കോഴികളെ എത്തിക്കുന്ന നാല് കോഴി കച്ചവടക്കാര്‍ക്കും തൊടുപുഴ തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ചില കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കിയെന്നാണ് പരാതി.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് നോബിള്‍ മാത്യൂവാണ് പരാതിക്കാരന്‍. നേരത്തെ കോട്ടയം വിജിലന്‍സ് കോടതിയില്‍ നോബിള്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പരാതിയില്‍ പറയുന്ന കമ്പനികള്‍ കോട്ടയം വിജിലന്‍സ് കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്ന കാരണത്താല്‍ പരാതി തള്ളുകയായിരുന്നു. പിന്നീട് പരാതിക്കാരന്‍ വിജിലന്‍സ് കമ്മിഷണര്‍ക്ക് നേരിട്ട് കൊടുത്ത പരാതിയിലാണ് ഇപ്പോള്‍ ത്വരിത പരിശോധന. 

This post was last modified on December 27, 2016 4:32 pm