X

SSLC: റബ്ബിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലീഗ് എം എല്‍ എ

അഴിമുഖം പ്രതിനിധി

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ അപാകതകള്‍ക്കെതിരെ ശബദിച്ച് കെ എന്‍ എ ഖാദര്‍. ‘എണ്ണമല്ല, ഗുണമാണ് പ്രധാനം’ എന്ന പേരില്‍ മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് കെ എന്‍ എ ഖാദര്‍ വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച്ചകളെ ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്നത്. മുസ്ലിം ലീഗിന്റെ പ്രധിനിധിയായ വിദ്യാഭ്യാസ മന്ത്രി അബ്ദു റബിന് സംഭവിച്ച വീഴ്ച്ചകളും അതേ പാര്‍ട്ടിയുടെ തന്നെ എം എല്‍എ ആയ ഖാദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ ഗുണനിലവാരം മികച്ചതാണെന്നു പറഞ്ഞുകൂട. സര്‍ക്കാരും ജനങ്ങളുമെല്ലാം അളവിലും എണ്ണത്തിലുമാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്; ഗുണനിലവാരത്തിലല്ല. എത്രപേര്‍ പരീക്ഷ എഴുതി, എത്രപേര്‍ ജയിച്ചു, എത്ര സ്‌കൂളുകള്‍ക്കു നൂറുമേനി, എത്ര എ പ്ലസ് തുടങ്ങിയ കാര്യങ്ങളില്‍ അമിതമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് അളവിനെക്കുറിച്ചുള്ള അവബോധംകൊണ്ടാണ്. കൂടുതല്‍ പേര്‍ ജയിച്ചാല്‍ നേട്ടമാണെന്ന തോന്നല്‍ നമുക്കുണ്ട്- ഖാദര്‍ ലേഖനത്തില്‍ പറയുന്നു.

സ്വന്തം പേരുപോലും തെറ്റാതെ എഴുതാന്‍ കഴിയാത്തവരെയാണ് വിജയശതമാനം കൂട്ടി പേരെടുക്കുന്നതിനായി ജയിപ്പിച്ചു വിടുന്നതെന്ന് ഖാദര്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്ന്- എസ്എസ്എല്‍സി ജയിച്ച എത്രപേര്‍ക്ക് സ്വന്തം പേരെങ്കിലും തെറ്റുകൂടാതെ എഴുതാന്‍ അറിയാം, പഠിച്ച വിഷയത്തില്‍ എത്ര കണ്ട് അവഗാഹമുണ്ട്,ജീവിതത്തെക്കുറിച്ചും എത്രപേര്‍ക്ക് ശരിയായ ധാരണയുണ്ട്, അതില്‍ ആര്‍ക്കെങ്കിലും മൂല്യബോധമുണ്ടോ തുടങ്ങിയ വിഷയങ്ങളാണ് നമ്മെ ഉത്കണ്ഠാകുലരാക്കേണ്ടത്. ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കു പ്രവേശിക്കുമ്പോള്‍ സ്വന്തം കഴിവുകേടിനെക്കുറിച്ചു പലപ്പോഴും നമ്മുടെ കുട്ടികള്‍ പരിതപിക്കേണ്ടി വരും.

പഠനവും പരീക്ഷയും ഫലപ്രഖ്യാപനവും സംബന്ധിച്ച് കൃത്യമായൊരു കലണ്ടര്‍ തയ്യാറാക്കണമെന്നും നിരന്തരമൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് നല്‍കുന്നതില്‍ ഇപ്പോഴുള്ള ന്യൂനതകള്‍ പരിഹരിക്കണമെന്നും ഖാദര്‍ ചൂണ്ടി കാണിക്കുന്നു. മൂല്യനിര്‍ണയത്തില്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ നിരവധി വീഴ്ച്ചകളുണ്ടെന്നും അവ പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടെന്നും അതിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറായാല്‍ മതിയെന്നുമാണ് അദ്ദേഹം പറയുന്നത്.

മന്ത്രിമാരുടെ ഫലപ്രഖ്യാപനാഘോഷത്തെയും കെഎന്‍എ ഖാദര്‍ വിമര്‍ശിക്കുന്നുണ്ട്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലപ്രഖ്യാപാനം മന്ത്രിമാര്‍ നടത്തരുതെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ചെയ്യാവുന്ന കാര്യമാണിതെന്നും പറയുന്നു. ഒരു പ്രത്യേക പരീക്ഷയുടെ ഫലപ്രഖ്യാപനം മന്ത്രി നടത്തുന്ന രീതി ലോകത്ത് ഒരിടത്തും കാണില്ലെന്നാണ് കെ എന്‍ എ ഖാദര്‍ പരിഹസിക്കുന്നത്. സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്നതു കേന്ദ്ര മന്ത്രിയല്ലല്ലോ. എസ് എസ് എല്‍ സി ഫലപ്രഖ്യാപാനം മന്ത്രി നടത്തുക എന്നത് ആരോ ഉണ്ടാക്കിവച്ച സമ്പ്രദായമാണ്. അത് അവസാനിപ്പിച്ച് മന്ത്രി മാതൃക കാട്ടണം- കെ എന്‍ എ ഖാദര്‍ തന്റെ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.

എന്നാല്‍ ലേഖനത്തിന്റെ അവസാനത്തില്‍ മൂല്യനിര്‍ണയത്തിലുണ്ടായ പിഴവിന്റെ പ്രത്യക്ഷ ഉത്തരവാദിത്വം ഉദ്യോഗസഥര്‍ക്ക് തന്നെയാണെന്നു ഖാദര്‍ സ്ഥാപിക്കുന്നുണ്ട്. എല്ലാ വീടുകളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതുപോലെയാണ് മന്ത്രി ഫലപ്രഖ്യാപനം നടത്തുന്നതുകൊണ്ട് സംഭവിച്ചിരിക്കുന്നതെന്നാണ് ഖാദര്‍ കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രസാങ്കേതിക വിദ്യ ഏറെ വികാസം പ്രാപിച്ച കാലത്ത് അതിന്റെ പ്രയോജനം ശരിയായ വിധത്തില്‍ ഉപയോഗിക്കണമെന്നും വീഴ്ച്ചകള്‍ വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രിയും സര്‍ക്കാരും തയ്യാറാകണമെന്നുമുള്ള ഉപദേശങ്ങള്‍ നല്‍കിയുമാണ് ഖാദര്‍ ലേഖനം അവസാനിപ്പിക്കുന്നത്.

This post was last modified on December 27, 2016 2:57 pm