X

ക്വാറി സമരം; കൊച്ചി മെട്രോ നിര്‍മ്മാണം സ്തംഭനത്തില്‍

എറണാകുളത്ത് തുടരുന്ന ക്വാറി സമരത്തെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ പണികള്‍ സ്തംഭിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കുകയാണെന്ന് കരാറുകാര്‍ അറിയിച്ചു. പണികളില്‍ ഏര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ തിരികെ പോയി തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡിഎംആര്‍സി തലവന്‍ ഇ ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി അത് നിരാകരിച്ചതായാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ കോറി സമരം മറയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വെക്കാനുള്ള കരാറുകാരുടെ തീരുമാനം സമ്മര്‍ദ്ധതന്ത്രമാണെന്ന് എറണാകുളം കളക്ടര്‍ എം ജി രാജമാണിക്യം പറഞ്ഞു. സമരങ്ങള്‍ മൂലം നേരത്തെയും കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഡിഎംആര്‍സിക്കും ശ്രീധരനും സാധിക്കുമെന്നും കളക്ടര്‍ ചൂണ്ടിക്കാണിച്ചു.

ക്വാറി സമരം ഒത്തുതീര്‍പ്പാവാന്‍ സാധ്യതയില്ലാതെ നീളുകയാണ്. കോടതിയുടെ തീരുമാനത്തിലൂടെ മാത്രമെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കു എന്നതാണ് ഇപ്പോഴത്തെ നില. ക്വാറി മേഖലയില്‍ കുത്തകവല്‍ക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് ചെറുകിട ക്വാറി ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാറി അനുമതിക്കായി ഏറ്റവും കുറഞ്ഞത് അഞ്ച് ഏക്കര്‍ സ്ഥലമെങ്കിലും വേണമെന്ന ചട്ടം എടുത്ത് കളയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

This post was last modified on December 27, 2016 2:52 pm