X

എന്തും വിളിച്ചു പറയരുത്, സ്വയം വിമര്‍ശനവും നല്ലത്; ട്രേഡ് യൂണിയനുകളോട് കോടിയേരിയുടെ ഉപദേശം

അഴിമുഖം പ്രതിനിധി

തൊഴിലാളി സംഘടനകള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാര്‍ തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ ഓര്‍മ്മപ്പെടുത്തല്‍. സ്ത്രീകള്‍ സംഘടിച്ചു നടത്തിയ തൊഴിലാളി സമരത്തില്‍ ട്രേഡ് യൂണിയനുകളോടുള്ള അമര്‍ഷം പൊട്ടിത്തെറിക്കുകയായിരുന്നു. വി എസ് അച്യുതാനന്ദന്‍ ഒഴികെ ഒരു നേതാവിനെയും സ്വമേധയ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന തൊഴിലാളികള്‍ മാനേജ്‌മെന്റിനൊപ്പം നിന്നു കൊണ്ടു തൊഴിലാളി നേതാക്കള്‍ തങ്ങളെ ഇക്കാലമത്രയും വഞ്ചിക്കുകയായിരുന്നുവെന്ന ആരോപണമാണ് സമരത്തിലൂട നീളം ഉന്നയിച്ചത്. ടാറ്റയില്‍ നിന്നു ആനുകൂല്യങ്ങള്‍ പങ്കുപറ്റിയ നേതാക്കന്മാരുടെ പേരുവിവരങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു.

എരിതീയില്‍ എണ്ണ പകരുന്നതുപോലെ സമരത്തിനിടയിലും കഴിഞ്ഞും തൊഴിലാളി വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ ചില നേതാക്കള്‍ ശ്രമിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ ആരും നടത്തരുതെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. മൂന്നാര്‍ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദികളെന്ന സി ഐ ടി യും സംസ്ഥാന സെക്രട്ടറി കെ പി സഹേദവന്റെ പ്രസ്താവന വിവാദമാവുകയും സി ഐ ടി യു നേതൃത്വം തന്നെ ഇതിനെതിരെ വന്നതോടെ സഹദേവന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. നേരത്തെ ഇത്തരത്തിലൊരു പരമാര്‍ശം നടത്തിയെന്നതിന്റെ പേരിലാണ് എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ തൊഴിലാളികളുടെ രോഷം അണപൊട്ടിയതും രാജേന്ദ്രനെ സമരത്തില്‍ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചതും.

മൂന്നാര്‍ സമരത്തില്‍ വി എസ് അച്യുതാനന്ദന് കിട്ടിയ പിന്തുണയിലൂന്നി ചില മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന പ്രചാരണങ്ങളെയും സംസ്ഥാന സെക്രട്ടറി തള്ളി. പാര്‍ട്ടിയും വീ എസും രണ്ടല്ല. രണ്ടായി ചിത്രീകരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. മൂന്നാറിലെ തൊഴിലാളി സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് സിപിഐഎം എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

This post was last modified on December 27, 2016 3:20 pm