X

കൊട്ടിയൂര്‍ പീഡനം; അച്ഛന്‍ റോബിന്‍ തന്നെ, ഡിഎന്‍എ ഫലം പുറത്തു വന്നു

കേസില്‍ ഉടന്‍ തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും

കൊട്ടിയൂരില്‍ പതിനാറുകാരി പീഡനത്തിനിരയായി പ്രസവിച്ച കേസിലെ ഡിഎന്‍എ ഫലം പുറത്തു വന്നു. പെണ്‍കുട്ടി പ്രസവിച്ച കുട്ടിയുടെ പിതാവ് ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരി തന്നെയാണെന്നു ഡിഎന്‍എ റിസള്‍ട്ടും വ്യക്തമാക്കുന്നു. തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണു ഡിഎന്‍എ പരിശോധന നടന്നത്. ഡിഎന്‍എ പരിശോധനയുടെ വിവരം തലശ്ശേരി ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പൊലീസ് സ്റ്റേഷനിലും നല്‍കിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ ഫാദര്‍ റോബിനെതിരെയുള്ള ഏറ്റവും നിര്‍ണായകമായ തെളിവാണ് ഡിഎന്‍എ ഫലം. നേരത്തെ കുട്ടിയെ മാറ്റി ഡിഎന്‍എ പരിശോധനയില്‍ വിപരീത ഫലം ഉണ്ടാക്കി റോബിനെ രക്ഷിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണു കോടതിയുടെ അനുമതിയോടെ ഫാദര്‍ റോബിന്റെയും പെണ്‍കുട്ടിയുടെയും നവജാത ശിശുവിന്റെയും രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.

അതേസമയം കൊട്ടിയൂര്‍ പീഡനക്കേസില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തിരക്കിലാണു പേരാവൂര്‍ പൊലീസ്.