X

കേശവേന്ദ്ര കുമാറിനെ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നു

അഴിമുഖം പ്രതിനിധി

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ ഐ എ എസിന്റെ മേല്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്-മൂന്ന് കോടതിയില്‍ പരാതി പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍ കോടതി അടുത്തമാസം അഞ്ചിന് വിധി പറയും.

പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് 2012 ഫെബ്രുവരിയില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫിസിലേക്ക് കെ എസ് യു പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനൊടുവിലാണ് കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ എസ് യു തിരുവനന്തപുരം ജില്ല സെക്രട്ടറി സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപ്പി നൂറുദ്ദിനെ പിന്നീട് സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

അതേ സമയം ഐ എ എസ് സംഘടനയും കേശവേന്ദ്ര കുമാറും സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം അറിയിച്ചു. കേസ് പിന്‍വലിക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നു കേശവേന്ദ്ര കുമാര്‍ നേരിട്ട് ആഭ്യന്തരമന്ത്രിയെ അറിയിച്ചു. തന്റെ അനുമതിയോടെയല്ല കേസ് പിന്‍വലിക്കുന്നതെന്നും കേശവേന്ദ്ര കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിഹാരം കാണാമെന്നാണ് ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രിയുടെ വാഗ്ദാനം.

കേസ് പിന്‍വലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി അറിയിച്ചു. ഈ നടപടി തെറ്റാണെന്നും മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഇതിലുള്ള അതൃപ്തി അറിയിക്കുമെന്നും ജോയി പറഞ്ഞു.

This post was last modified on December 27, 2016 2:42 pm