X

കുമ്മനം മുഖ്യമന്ത്രിയെ കണ്ടു; സിപിഎം പൊലീസിനെ നിഷ്ക്രിയമാക്കുന്നതായി ആരോപണം

ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരും കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‌റ് കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ ഇന്നലെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു കുമ്മനം. ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരും കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ പൊലീസിനും സര്‍ക്കാരിനും കഴിയുന്നില്ല. പൊലീസ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പൊലീസുകാരുടെ ആത്മവീര്യം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പലയിടങ്ങളിലും പൊലീസുകാരെ മര്‍ദ്ദിച്ചും കല്ലെറിഞ്ഞും തങ്ങളുടെ പരിധിയില്‍ കൊണ്ടുവരാനുളള നീക്കങ്ങളാണ് നടക്കുന്നത്. ആരും ഇല്ലാത്ത സമയത്താണ് സന്തോഷിനെ വീട്ടില്‍ക്കയറി ആക്രമികള്‍ വെട്ടിക്കൊല്ലുന്നത്.

നേരത്തെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സന്തോഷിനെ രക്ഷിക്കാമായിരുന്നു. പൊലീസ് എത്താന്‍ പോലും വൈകി. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇവിടെ വെളിവാകുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് കൊലപാതകം നടന്നത്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിക്കും. സംസ്ഥാന സര്‍ക്കാര്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണം. ഇന്നലെ വിലാപയാത്ര തടഞ്ഞ സംഭവം കേരളത്തില്‍ ആദ്യമാണ്. കൊലപാതകത്തെ കൊലപാതകമായി തന്നെ കാണണം.

ഇത്തരം സാഹചര്യങ്ങളില്‍ വിലാപയാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണം. എന്നാല്‍ ഇവിടെ നിരവധി വാഹനങ്ങളില്‍ വിലാപയാത്രക്ക് എത്തിയവരെ തടയുകയാണ് ഉണ്ടായത്. കേന്ദ്രസര്‍ക്കാരിനെ ഇവിടത്തെ സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ. സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഈ മാസം 23ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു.

This post was last modified on January 20, 2017 4:09 pm

Related Post
Leave a Comment