X

കുറ്റ്യാടി മലവെള്ളപ്പാച്ചില്‍; മരണം മൂന്നായി

അഴിമുഖം പ്രതിനിധി

കുറ്റ്യാടി കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു യുവാക്കളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കായി ദുരന്തനിവാരണസേനയും പേരാമ്പ്ര, കുറ്റ്യാടി ഫയര്‍ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ സംയുക്തമായി തിരച്ചില്‍ തുടരുകയാണ്. അടിയന്തര ഘട്ടത്തില്‍ സേവനത്തിനായി വിദഗ്ധ മെഡിക്കല്‍ സംഘം ദുരന്തസ്ഥലത്ത് എത്തിയിട്ടുണ്ട്.

ദുരന്ത സ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ അകലെ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ ദുരന്തനിവാരണസേന കണ്ടെത്തിയത്. തിരിച്ചറിഞ്ഞ മൃതദേഹം കക്കുഴിയുള്ള പറമ്പത്ത് ശശിയുടെ മകന്‍ സജിന്റെ(19)താണ്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി നടത്തിയ തിരച്ചിലില്‍ മരുതോങ്കര കോതോട് സ്വദേശി പാറക്കല്‍ രാമചന്ദ്രന്റെ മകന്‍ രജീഷ് (24)ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് സംഭവമുണ്ടായത്. പശുക്കടവ് കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ഒമ്പത് യുവാക്കള്‍ ശക്തമായ ഒഴുക്കില്‍പെട്ടത്.

മരുതോങ്കര കോതോട് സ്വദേശികളായ കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത് (19), പാറയുള്ള പറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ് രാജ് (19), കുട്ടിക്കുന്നുമ്മല്‍ ദേവരാജന്റെ മകന്‍ വിപിന്‍രാജ് (21), പാറയുള്ള പറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു (20) എന്നിവരെയാണ് കണ്ടെത്താനുള്ളത്. കോതോട് വിനോദിന്റെ മകന്‍ വിനീഷ് (21), ബാലന്റെ മകന്‍ അമല്‍ (20), രാജന്റെ മകന്‍ വിഷ്ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്.

 

This post was last modified on December 27, 2016 2:27 pm