X

വ്യാപം, ലളിത് മോദി വിഷയങ്ങളില്‍ ഇന്നും പാര്‍ലമെന്റില്‍ ബഹളം

അഴിമുഖം പ്രതിനിധി

ബിജെപിയുടെ മൂന്ന് നേതാക്കന്‍മാരുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു കൊണ്ട് പാര്‍ലമെന്റ് രണ്ടാം ദിവസവും സ്തംഭിപ്പിച്ചു. അതിനിടെ ലളിത് മോദി വിഷയത്തില്‍ ആരോപണ വിധേയയായ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസവും ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അച്ചടക്കനടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ലളിത് മോദി-സുഷമ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സുഷമയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രാജി വയ്ക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നു.

വര്‍ഷങ്ങളായി ബിജെപി ചെയ്തു കൊണ്ടിരുന്നത് എന്ന് പറഞ്ഞാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ന്യായീകരിച്ചത്. പ്രതിപക്ഷത്തിന്റെ ആക്രമണത്തെ ശക്തമായി ചെറുക്കാനാണ് രാവിലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ബിജെപി എംപിമാരുടെ യോഗം തീരുമാനിച്ചത്. ലളിത് മോദിക്ക് കഴിഞ്ഞ വര്‍ഷം യാത്ര രേഖകള്‍ ലഭിക്കുന്നതില്‍ താന്‍ എന്തുകൊണ്ട് ഇടപെട്ടുവെന്ന് സുഷമ യോഗത്തില്‍ വിശദീകരിച്ചു. വ്യാപം കുംഭകോണത്തിലെ ചൗഹാന്റെയും ലളിത് മോദി വിഷയത്തില്‍ വസുന്ധരയുടെ പങ്കും സംസ്ഥാന വിഷയങ്ങളായതിനാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വീകരിച്ചത്. എന്നാല്‍ ഈ വിഷയങ്ങള്‍ ദേശീയമാണെന്ന നിലപാടാണ് ഇടതു നേതാവായ സീതാറാം യെച്ചൂരിയും ബിഎസ്പി നേതാവായ മായാവതിയും സ്വീകരിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ടുമണിവരെ സഭ നിര്‍ത്തിവച്ചിരുന്നു. ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ നടത്താനിരുന്ന കോണ്‍ഗ്രസിന്റെ ധര്‍ണ മാറ്റിവച്ചു.

This post was last modified on December 27, 2016 3:19 pm