X

ഭൂമി കയ്യേറ്റം: ദിലീപിനെതിരെ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസില്‍ നിന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് ഉത്തരവിട്ടിരിക്കുന്നത്

ചാലക്കുടിയില്‍ തിയറ്റര്‍ കോംപ്ലക്‌സായ ഡി സിനിമാസ് നിര്‍മ്മിക്കാന്‍ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആരോപണത്തെ തുടര്‍ന്ന് നടന്‍ ദിലീപിനെതിരെ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസില്‍ നിന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് ഉത്തരവിട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ദിലീപിന് ഇരട്ടപ്രഹരമായിരിക്കുകയാണ് ഈ അന്വേഷണ ഉത്തരവ്.

വ്യാജ ആധാരങ്ങള്‍ സൃഷ്ടിച്ചാണ് ദിലീപ് സ്ഥലം കയ്യേറിയതെന്നാണ് ആരോപണം. മുമ്പ് ഇതില്‍ നടപടിയെടുക്കാന്‍ നീക്കമുണ്ടായപ്പോള്‍ അന്നത്തെ റവന്യു മന്ത്രി തടഞ്ഞതായും ആരോപണമുണ്ട്. കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുമ്പ് തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. കയ്യേറ്റഭൂമിയില്‍ ചാലക്കുടി തോട് പുറമ്പോക്കും ഉള്‍പ്പെടുന്നെന്ന റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആരോപണമുണ്ട്.

അതേസമയം ഈ ഭൂമി നേരിട്ട് ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം എട്ടായി വിഭജിച്ച് എട്ട് പേരുടെ പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ച് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവ് ചെയ്യാന്‍ റവന്യു രേഖകളില്‍ ക്രമക്കേട് നടത്തിയതായും സംശയിക്കുന്നുണ്ട്. പുനരന്വേഷണത്തിന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ 2015ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണസ്വാധീനം ഉപയോഗിച്ച് മരവിപ്പിച്ചതായും ആരോപണമുണ്ട്.

This post was last modified on July 15, 2017 12:33 pm