X

ഭൂമി ഏറ്റെടുക്കല്‍ ബില്‍; പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ദമാകും

അഴിമുഖം പ്രതിനിധി

ഇന്നലെ ആരംഭിച്ച പാര്‍ലമെന്റിന്റെ രണ്ടം ദിവസമായ ഇന്ന് വിവാദമായ ഭൂമി ഏറ്റെടുക്കല്‍ നിയമം പരിഗണനയ്ക്ക് വരാനിരിക്കെ വന്‍പ്രതിഷേധത്തിന് പ്രതിപക്ഷ കക്ഷികള്‍ തയ്യാറെടുക്കുന്നു. ബില്ല് കര്‍ഷക വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് ഇന്നലെ പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. നിര്‍ണായക പ്രാധാന്യമുള്ള പദ്ധതികള്‍ക്ക് ഭൂമി എളുപ്പത്തില്‍ ലഭ്യമാക്കുന്ന തരത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം ലളിതവല്‍ക്കരിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പ്രണാബ് മുഖര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇത് രാജ്യത്തെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വ്യാപകമാണ്. 

എല്ലാവരെയും വിശ്വാസത്തിലെടുക്കുകയാണ് ജനാധിപത്യത്തിന്റെ കാവല്‍ എന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ് സാംഘ്വി ചൂണ്ടിക്കാണിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. എല്ലാവര്‍ക്കും വികസനം എന്ന് പറയുമ്പോഴും വ്യവസായികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാരിന് ശ്രദ്ധയെന്ന് ജെഡി(യു) നേതാവ് ശരത് യാദവ് ആരോപിച്ചു. 

ഇതിനിടെ നിയമത്തിനെതിരെ അണ്ണാ ഹസാരെ ഡല്‍യിലെ ജന്തര്‍മന്ദറില്‍ ധര്‍ണ ആരംഭിച്ചു. നര്‍മദ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ ഉള്‍പെടെയുള്ളവര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷകരുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹസാരെ പ്രഖ്യാപിച്ചു. കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും അണ്ണാ ഹസാരെ അറിയിച്ചു.

ഓര്‍ഡിനന്‍സിനെതിരെ ഇടതുപാര്‍ട്ടി നേതാക്കളും മേധാ പട്കര്‍ ഉള്‍പ്പെടുയുള്ള സന്നദ്ധ സംഘടനാ പ്രതിനിധികളും ഇന്ന് വൈകിട്ട് രാഷ്ട്രപതിയെ കാണും. നയപ്രഖ്യാപനത്തിന് മേലുള്ള ചര്‍ച്ച ഇന്നാരംഭിക്കും. വ്യാഴാഴ്ച റയില്‍വേ ബജറ്റും ശനിയാഴ്ച പൊതുബജറ്റും അവതരിപ്പിക്കും.

 

This post was last modified on December 27, 2016 2:47 pm