X

ദയാവധത്തിന് നിയമനിര്‍മാണം; അനുകൂല നിലപാടുമായി കേന്ദ്രം

അഴിമുഖം പ്രതിനിധി

ദയാവധത്തിന് നിയമനിര്‍മാണം നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിയമനിര്‍മാണത്തിന് സുപ്രീംകോടതിയുടെ തീര്‍പ്പു കാത്തിരിക്കുകയാണെന്നും പൊതു ആരോഗ്യ വകുപ്പിന് കീഴിലുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഈ നിലപാട് എടുത്തതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഒന്നര പതിറ്റാണ്ട് നീണ്ട നിയമചര്‍ച്ചകള്‍ക്കുശേഷമാണ് സര്‍ക്കാര്‍  ദയാവധത്തിന് അനുകൂല നിലപാടെടുക്കുന്നത്. ദയാവധം നിയമമാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയാണ് ഇതിനു വഴിതെളിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ല എന്നുറപ്പുള്ള ഒരാളുടെ ജീവന്‍ വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ നിലനിര്‍ത്തണോ, രോഗിയുടെ ഇഷ്ടം പോലെ മരിക്കാന്‍ അനുവദിക്കണമോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 2002ല്‍ ലോക് സഭയില്‍ സ്വകാര്യ ബില്ലിലൂടെയാണ് ദയാവധത്തിന് നിയമനിര്‍മാണം വേണമെന്ന ആവശ്യം ആദ്യമുയര്‍ന്നത്. 2006ല്‍ ദയാവധം നിയമമാക്കാന്‍ നിയമ കമീഷന്‍ ശുപാര്‍ശ ചെയ്തെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ എതിര്‍പ്പു കാരണം ചര്‍ച്ചകള്‍ നിലയ്ക്കുകയായിരുന്നു.

കൂട്ട മാനഭംഗത്തിനിരയായി മസ്തിഷ്ക മരണം സംഭവിച്ച അരുണ ഷാന്‍ബാഗിന്റെ ദയാവധം അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്‍പിലെത്തിയതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ദയാവധത്തിന്‍െറ നടപടിക്രമം പഠിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമ്മീഷനെ ചുമതലയേല്‍പ്പിക്കുകയുംരണ്ടുവര്‍ഷത്തെ പഠനത്തിനൊടുവില്‍ കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

This post was last modified on December 27, 2016 3:40 pm