X

ബംഗാളില്‍ തന്ത്രങ്ങള്‍ മാറ്റി ഇടതുപക്ഷം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാണിച്ച് പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടതുപക്ഷം ഒരുങ്ങുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി നിശ്ചയിച്ച് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിലെ വലിയൊരു മാറ്റം കൂടിയാണിത്.

പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യ കാന്ത മിശ്രയേയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാന്‍ ഒരുങ്ങുന്നത്.

2006-ലും 2011-ലും ഇടതുപക്ഷം ബുദ്ധദേവ് ഭട്ടാചാര്യയെ അനൗദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ മിശ്രയെ ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കാനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം മിശ്ര കാണിക്കുന്നില്ലെന്നാണ് വാര്‍ത്തകള്‍. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മുന്‍ വ്യവസായ മന്ത്രി നിരുപം സെന്നും മുതിര്‍ന്ന നേതാവായ ഗൗതം ദേവും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു.

2011-ല്‍ ബുദ്ധദേവ് പരാജയപ്പെട്ട ജാദവ് പൂരില്‍ നിന്നും മിശ്ര മത്സരിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പശ്ചിമ മിഡ്‌നാപൂരിലെ നാരായണ്‍ഗഢില്‍ നിന്നും മത്സരിപ്പിക്കാന്‍ തീരുമാനം ഉണ്ടായിരുന്നു. 1991 മുതല്‍ അദ്ദേഹം വിജയിക്കുന്ന സീറ്റാണിത്.

This post was last modified on December 27, 2016 3:48 pm