X

പ്രതിപക്ഷ ബഹളം; നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

അഴിമുഖം പ്രതിനിധി

കെഎം മാണി പ്രശ്‌നത്തില്‍ പ്രതിപക്ഷ ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയതായി കണക്കാക്കി 13-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാവിലെ സഭ കൂടി ചോദ്യത്തോര വേളയ്ക്കായി സ്പീക്കര്‍ പേര് വിളിച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയുമായി എഴുന്നേറ്റു. സസ്‌പെന്റ് ചെയ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സഭയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നും പ്രതിപക്ഷത്തുള്ള വനിത എംഎല്‍എമാര്‍ നല്‍കിയ പരാതിയില്‍ നടപടി വേണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും ശൂന്യവേള കഴിയാതെ അടിയന്തിര പ്രമേയം സംബന്ധിച്ച് തീരുമാനമെടുക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി 13-ാം തീയതി ബജറ്റ് അവതരണവേളയില്‍ സഭയില്‍ നടന്ന കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ എല്ലാവര്‍ക്കും ഒന്നിച്ചിരുന്നു കാണാം എന്ന് ആവര്‍ത്തിച്ചു. ഭരണകക്ഷി അംഗങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതിനാല്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ ഒന്നി്ച്ചിരുന്ന് കണ്ട ശേഷം പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ പോരായിരുന്നോ എന്ന് ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ബഹളവുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രധാനപ്പെട്ട ബില്ലുകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രതിപക്ഷം പിന്നീട് സഭയുടെ പുറത്തേക്ക് പ്രകടനം നടത്തി.

This post was last modified on December 27, 2016 2:54 pm