X

മാധ്യമങ്ങള്‍ അവര്‍ സൃഷ്ടിക്കുന്ന ബിംബങ്ങളെ മാത്രം ശ്രദ്ധിക്കുന്നു; ലെനിന്‍ രാജേന്ദ്രന്‍

അഴിമുഖം പ്രതിനിധി

സിനിമയിലെ ചിലരെ കുറിച്ച് മാത്രമാണ് പത്രമാസികകള്‍ എഴുതുന്നത് എന്ന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ എറണാകുളത്തു സംഘടിപ്പിച്ച സൈന്‍സ് ഫെസ്റ്റിവലില്‍ മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജ്ജിനെ ആദരിച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രമാസികകള്‍ അവര്‍ സൃഷ്ടിക്കുന്ന ഏതാനും ബിംബങ്ങളെ മാത്രമാണ് ശ്രദ്ധിക്കുന്നത്. മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത പി എന്‍ മേനോന്‍, കെ ജി ജോര്‍ജ് എന്നിവര്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പരിഗണയില്‍ വരില്ല. ചില ആളുകള്‍ക്ക് മാത്രമായി ഇത്തരം പ്രസിദ്ധീകരങ്ങള്‍ മലര്‍ക്കെ തുറന്നു വച്ചിരിക്കുന്നു.

ഒരു സര്‍ക്കാരിന്റെയും പിന്തുണ ഇല്ലാതെയാണ് നല്ല സിനിമകള്‍ കെ ജി ജോര്‍ജ് എടുത്തത്. സ്വപ്‌നാടനം,ആദാമിന്റെ വാരിയെല്ല് എന്നീ ചിത്രങ്ങള്‍ ഉദാഹരണം മാത്രം. തന്റെ ആത്മാവിഷ്‌ക്കാരത്തിനു സിനിമയെടുത്തോളു എന്ന് പറഞ്ഞു ഒരു സംവിധായകനും കെ ജി ജോര്‍ജിന് മുന്നില്‍ എത്തിയിട്ടില്ല. നിര്‍മാതാക്കളില്‍ സഹൃദയര്‍ ഉണ്ടെന്നെന്നതു വാസ്തവം തന്നെ. കേരള ജനതയെ കൂടി തൃപ്തിപ്പെടുത്തിയാണ് കെ ജി ജോര്‍ജ് സിനിമ എടുത്തത്.

കെ ജി ജോര്‍ജിന്റെ സ്ഥാനം എവിടെയാണ് എന്ന് മനസിലാക്കാനും പഠിക്കാനും ഫിലിം സൊസൈറ്റികള്‍ മുന്‍കൈ എടുക്കണം എന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. ജീവല്‍ സംബന്ധിയായ ചിത്രങ്ങള്‍ക്ക് നേരെ ഫീച്ചര്‍ ഫിലിം കണ്ണടക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് ഡോക്യുമെന്ററിയും ഷോര്‍ട്ഫിലിം എന്നിവയാണ് എന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.

This post was last modified on December 27, 2016 2:25 pm